മാസ്‌ക് കൊണ്ട് നമ്പര്‍ പ്ലേറ്റ് മറച്ചു, യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

മാസ്‌ക് കൊണ്ട് നമ്പര്‍ പ്ലേറ്റ് മറച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തയാളുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ സി ജെ ജ്യോതിഷിന്റെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒപിഎ നസീര്‍ ആണ് സസ്‌പെന്‍ഡ് ചെയ്തത്.തൊടുപുഴ ട്രാഫിക് പൊലീസിന്റെ വാഹന പരിശോധനയിലാണ് മാസ്‌ക് ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് അപകടകരമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ ഭരത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സ്‌റ്റേഷനിലെത്തി വാഹനം പരിശോധിച്ചു. തുടര്‍ന്ന് വാഹന ഉടമയെയും വാഹനം ഓടിച്ചിരുന്ന ആളെയും വെങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമില്‍ നേരിട്ട് വിളിപ്പിച്ച് കേസെടുക്കുകയായിരുന്നു.പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സമാനമായ രീതിയിലുള്ള നിയമലംഘനങ്ങള്‍ പിടികൂടുന്നതിനായി പ്രത്യേക പരിശോധന നടത്താന്‍ തീരുമാനമായിരുന്നു. ഇതിലൂടെ നിരവധി ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍ടിഒ പറഞ്ഞു.