തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലല്‍ കോളജുകളും രാത്രികാല പഠനക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ. ഇതു കൂടാതെ ട്യൂഷൻ സെന്ററുകള്‍ നടത്തുന്ന പഠന-വിനോദ യാത്രകളും ബാലാവകാശ കമ്മീഷൻ വിലക്കിയിട്ടുണ്ട്.എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷകൾക്ക് ഇടയിൽ ട്യൂഷൻ സെന്ററുകൾ രാത്രി നടത്തുന്ന ക്ലാസുകള്‍ കുട്ടികളുടെ മാനസിക – ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവുമെന്നും ഇത് രക്ഷിതാക്കൾക്കും മാനസിക സമ്മർദ്ദമുണ്ടാകുമെന്നും ബാലാവകാശ കമ്മീഷൻ അംഗം റെനി ആൻ്റണി നിരീക്ഷിച്ചു. ഹൈസ്കൂള്‍ അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണു കമ്മിഷൻ ഉത്തരവ്.സ്കൂളുകളില്‍ നിന്നുള്ള പഠനയാത്രകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ അധ്യാപകരുടെ ഉത്തരവാദിത്തോടെയാണ് നടക്കുന്നത്. എന്നാല്‍ ട്യൂഷൻ സെന്ററുകളിലെ യാത്രകള്‍ക്കു പ്രത്യേക അനുമതിയോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. പഠന-വിനോദ യാത്രകളുടെ മാര്‍ഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.