കൊല്ലം: അപൂർവ്വ സൗഹൃദത്തിന്റെ നേർക്കാഴ്ചയാകുകയാണ് കൊല്ലം എസ്എൻ കോളേജ് ഒന്നാം വർഷ എംഎ മലയാളം വിദ്യാർത്ഥികളായ കണ്ണനും അനുപമയും. അനുപമയെ ആദ്യം കണ്ടതിനെക്കുറിച്ച് കണ്ണൻ ഇങ്ങനെ പറഞ്ഞു തുടങ്ങുന്നു. ''ആദ്യം കണ്ടപ്പോൾ തന്നെ ഒരു ഹായ് പറഞ്ഞ് സീറ്റിൽ പോയിരുന്നു. അപ്പോ മനസ്സിലായി നമ്മടെ വൈബ് തന്നെയാണെന്ന്. പിന്നെ സംസാരിച്ചു, കൂട്ടായി, ഒരുമിച്ച് യാത്ര പോകാൻ തുടങ്ങി.'' ഇവരുടെ സൗഹൃദം തുടങ്ങിയിട്ട് ഇപ്പോള്‍ എട്ടുമാസമായി. തനിക്ക് അവൻ ഒരു സാധാരണ ആൾ തന്നെയാണെന്നും വീൽചെയറിലാണ് എന്നൊന്നും കരുതിയിട്ടേയില്ലെന്നും അനുപമ. ''കോളേജിൽ വന്നപ്പോ തന്നെ ഒരു ഹായ് കിട്ടി. അപ്പോള്‍ വിചാരിച്ചു, എനിക്കൊരു ഹായ് തന്നതായിരിക്കുമെന്ന്. അങ്ങനെയല്ല, അവൻ ആരെക്കണ്ടാലും ഹായ് പറയും. അപ്പോഴേ തോന്നി ഫ്രണ്ടായാൽ കൊള്ളാമായിരുന്നു എന്ന്.'' കൂട്ടുകൂടി തുടങ്ങിയതിങ്ങനെയെന്ന് അനുപമയുടെ വാക്കുകൾ. കണ്ണൻ താമസിക്കുന്ന അയത്തിലും അനുപമയുടെ വീടായ ഉളിയകോവിലും തമ്മിൽ ആറു കിലോമീറ്ററിന്‍റെ ദൈര്‍ഘ്യമുണ്ട്. എന്നാൽ ഇവരുടെ സൗഹൃദത്തിന് ക്ലാസ് മുറിയിലും ക്യാംപസിന് പുറത്തും അകലാനാകാത്ത അടുപ്പമാണുള്ളത്. ''ആദ്യം അവൻ ക്ലാസില് ഫ്രണ്ട് സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇപ്പോ എന്റെ കൂടെ ബാക്ക് സീറ്റിലാണ്. എവിടെ പോയാലും ഒരുമിച്ച് പോകും. ഒരു ദിവസം വീട്ടിലിരുന്നാൽ ആയിരിക്കും ബോറടി.'' അനുപമ പറയുന്നു. ജീവിതം അനുപമക്ക് മുന്‍പും ശേഷവും എന്ന് അടയാളപ്പെടുത്തുന്നു കണ്ണന്‍. എന്റെ വീട്, എന്റെ റൂം. അതായിരുന്നു എന്റെ ജീവിതം. കോളേജിൽ എത്തിയപ്പോഴാണ് അതിന് മാറ്റം വന്നത്. എന്റെ വീൽചെയറിന്റെ ലിമിറ്റ് 20 കിലോമീറ്ററാണ്. അതിനകത്ത് പോകാൻ പറ്റുന്നിടത്തൊക്കെ ഞങ്ങളൊരുമിച്ച് പോകും. കണ്ണന്‍റെ വാക്കുകള്‍.ജിമ്മിൽ ട്രെയിനറായി ജോലി ചെയ്യുന്ന അനുപമ ജോലിത്തിരക്കുകൾക്കിടയിലും കണ്ണനെ വീട്ടിൽ കൊണ്ടുചെന്നാക്കാൻ സമയം കണ്ടെത്തും. കണ്ണന്‍റെ വീല്‍ചെയറിന്‍റെ അതേ സ്പീഡില്‍ സൈക്കിളില്‍ പോകുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. പതിയെ പതിയെ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവളായി. അമ്മക്കൊരു ബിഗ് സല്യൂട്ട് കൊടുക്കണമെന്നും അനുപമ ''പ്രണയത്തേക്കാൾ വലുതാണ് സൗഹൃദം. ഈ സൗഹൃദം ജീവിതകാലം മുഴുവൻ നിലവനിൽക്കു''മെന്ന് കണ്ണന്റെ കൈ പിടിച്ച് ചിരിയോടെ അനുപമ പറഞ്ഞു നിര്‍ത്തുന്നു.