ഭാര്യയും വനിതാ സെൽ ഉദ്യോഗസ്ഥയുമായ അനിഷ്ക, ഭാര്യാമാതാവ് ഷീല, എട്ട് മാസം പ്രായമായ കുട്ടി ലക്ഷ്യ, അഞ്ച് വയസുകാരൻ ആദവ് എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ലക്ഷ്യ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പാഞ്ചാലി മേട് സന്ദർശിച്ചതിന് ശേഷം കോട്ടയം ഭാഗത്തേക്ക് പോകുന്ന വഴി വളഞ്ഞങ്ങാനത്തിന് സമീപം വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടാവാനുള്ള പ്രതികൂല കാലാവസ്ഥ ഇടുക്കിയിൽ ഇന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഇതാവാം അപകട കാരണമെന്നാണ് വിലയിരുത്തൽ.
അപകടം നടക്കുമ്പോൾ 8 മാസം പ്രായമായ കുട്ടി മരിച്ച സോമിനിയുടെ കയ്യിലായിരുന്നു. കുട്ടിയുടെ കാലിൽ ചെറിയ പോറൽ മാത്രമാണ് ഉണ്ടായത്. പിൻസീറ്റിലായിരുന്നു മരണപ്പെട്ട സോമിനി ഇരുന്നിരുന്നത്. കാർ നിർത്തിയിട്ടിരിക്കുന്ന സമയം കൂറ്റൻ പാറക്കല്ലും മണ്ണും താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ഹൈവേ പൊലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നീട് ഫയർഫോഴ്സും എത്തുകയായിരുന്നു.
കുട്ടിയുടെ മാതാവ് അനിഷ്ക്കയുടെ കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോട്ടയത്തേക്ക് മാറ്റി. അനിഷ്കയുടെ അമ്മ ഷീലയുടെ വലത് കാലിനും പരിക്കുണ്ട്.