അരുവിക്കരയിൽ ആഘോഷരാവൊരുക്കി ഓണനിലാവ്

അരുവിക്കരയിലും സമീപപ്രദേശങ്ങളിലും ഇനി ആഘോഷത്തിന്റെ നാളുകളാണ്. ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന ആഘോഷരാവുകൾക്കും ആവേശ ആരവങ്ങൾക്കും ഗംഭീര തുടക്കമായി. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി അരുവിക്കര ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണഘോഷ പരിപാടി, ഓണനിലാവ് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. 
സമഗ്രമേഖലയിലെ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും ഓണം പ്രമണിച്ച് ഫലപ്രദമായ ഇടപെടലുകളാണ് വിപണിയിൽ സർക്കാർ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ അതിർവരമ്പുകളും മാറ്റിനിർത്തി ഒരുമയുടെ ഉത്സവമാണ് ഓണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
അരുവിക്കര ഡാം സൈറ്റാണ് ഓണനിലാവിന് വേദിയാകുന്നത്. പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. 
സെപ്റ്റംബർ മൂന്ന് വരെ നീണ്ട് നിൽക്കുന്ന ഓണനിലാവിൽ കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്ന വിനോദ,സാംസ്‌കാരിക പരിപാടികളാണുള്ളത്. പ്രദർശന വിപണന മേളയും അമ്യൂസ്മെന്റ് പാർക്കും വാട്ടർഫൗണ്ടനും മേളയ്ക്ക് ഉണർവേകും. 
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, മറ്റ് ബ്ലോക്ക് -ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവരും പങ്കെടുത്തു.