വിരമിച്ച എസ്ഐയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.

തിരുവനന്തപുരം: വിരമിച്ച എസ്ഐയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. അമരവിള സ്വദേശി അനിൽകുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അക്രമം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അക്രമികൾ അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി അടിച്ചു തകർത്തു.

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അനിൽകുമാർ പ്രതികരിച്ചു. ധനുവച്ചപുരം കോളേജിൽ പഠിക്കുന്ന മകളും എബിവിപി പ്രവർത്തകരും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് അനിൽകുമാർ ആരോപിക്കുന്നു. മകൾ എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ലെന്നും അവർക്കൊപ്പം പ്രകടനത്തിനും മറ്റും പോയില്ലെന്നും അദ്ദേഹം പറഞ്ഞു. നിന്റെ അച്ഛൻ റിട്ടയർ ചെയ്തോയെന്ന് മകളോട് എബിവിപി പ്രവർത്തകർ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും, ഈ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.