ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്റെയും തിരുവനന്തപുരം കോർപ്പറേഷന്റെയും നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. എസ്.എം.വി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 
ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിൽ (ഐ. ആർ. ടി. സി) പ്രത്യേക പരിശീലനം നേടിയ ഗ്രീൻ ടെക്‌നീഷ്യരായ ഹരിതകർമ്മ സേനാ അംഗങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. ഇവർക്കുള്ള സർട്ടിഫിക്കറ്റ് മന്ത്രി വിതരണം ചെയ്തു. വീടുകളിൽ സ്ഥാപിക്കുന്ന ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് ഇവർക്ക് പരിശീലനം നൽകിയത്. ഇതുവരെ 35 ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് ഐ. ആർ. ടി. സിയിൽ പരിശീലനം ലഭിച്ചത്. 
തമ്പാനൂർ വാർഡ് കൗൺസിലർ സി. ഹരികുമാർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഗായത്രി ബാബു, എസ്. എം. വി സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ എൻ. കെ റാണി വിദ്യാധര, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഫൈസി.എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.