കൊല്ലം ചിതറയിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും ടിവിയും മോഷ്ടിച്ച അഞ്ചു പേർ അറസ്റ്റിൽ.

കൊല്ലം: കൊല്ലം ചിതറയിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും ടിവിയും മോഷ്ടിച്ച അഞ്ചു പേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജുവും പൂജപ്പുര ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റ് നാലു പേരുമാണ് പിടിയിലായത്. കഴിഞ്ഞ മാസം എട്ടിനാണ് ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടിൽ ആളില്ലാ തക്കംനോക്കി പ്രതികൾ കതക് കുത്തിത്തുറന്ന് മോഷ്ടിച്ചത്.ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും എൽ ഇ ഡി ടി വി യുമാണ് സംഘം മോഷ്ടിച്ചത്. വിരലടയാള വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ കൊപ്ര ബിജുവിന്റെ സാന്നിധ്യം തെളിഞ്ഞു. ജയിൽ ശിക്ഷ കഴിഞ്ഞ് പറത്തിറങ്ങിയ ബിജു പൂജപ്പുര ജയിലിൽ ഒപ്പമുണ്ടായിരുന്നവരെ കൂട്ടി മോഷണം നടത്തിയതാണെന്ന് പൊലീസ് മനസിലാക്കി. വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചടയമംഗലം സ്റ്റേഷൻ പരിധികളിലായിരുന്നു നാല് മോഷണം. തിരുവനന്തപുരം ഷാഡോ ടീമിന്റെ സഹായത്തോടെ വട്ടിയൂർകാവിൽ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്തു.കൊപ്ര ബിജുവിന്റെ ജയിൽ സഹവാസികളായ കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഷിഹാബുദ്ദീൻ, കുളത്തുപ്പുഴ സ്വദേശി അനുരാഗ്, വെമ്പായം സ്വദേശി കപാലി നൗഫൽ, പുനലൂർ സ്വദേശി ഷമീർ എന്നിവരും പിടിയിലായി. ജയിൽ മോചിതരായ ഇവർ ഒന്നിച്ച് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും ടിവിയും പ്രതികളിൽ നിന്നു പോലീസ് കണ്ടെത്തി. നിലവിൽ ഇരുപത്തിരണ്ട് മോഷണകേസിലെ പ്രതിയാണ് കൊപ്ര ബിജു. മറ്റുളള പ്രതികളും മോഷണം നടത്തി കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിത നയിക്കുന്നവർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.