പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2,26,889 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് ശേഖരിച്ചു.
എത്രയധികം നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്നാണ് പഠനം. പ്രതിദിനം 3967 ചുവടുകളെങ്കിലും നടക്കുന്ന ആളുകൾക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യം ലഭിക്കും. അതിശയകരമെന്നു പറയട്ടെ, ഒരു ദിവസം വെറും 2,337 ചുവടുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണത്തെ തടുക്കുമെന്നും ഗവേഷകർ കണ്ടെത്തി. ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കും. ദിവസം 500 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്ക്കും.
എന്നാല്‍, ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.