നെടുമങ്ങാട് ഗവൺമെന്റ് എൽ.പി.എസിന് പുതിയ ക്ലാസ് മുറിയും കായികോപരണങ്ങളുടെയും ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു

നെടുമങ്ങാട് ഗവൺമെന്റ് എൽ.പി.എസിലെ പ്രീ പ്രൈമറി വിഭാഗത്തിനായുള്ള ശിശു സൗഹൃദ ക്ലാസ് മുറിയും ഹെൽത്തി കിഡ്‌സ് പദ്ധതിയുടെ ഭാഗമായുള്ള ഇൻഡോർ, ഔട്ട്‌ഡോർ ഗെയിം ഉപകരണങ്ങളുടെ ഉദ്ഘാടനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.എ. ഡി1820 ൽ വിദ്യാലയം തുടങ്ങാൻ അനുവാദം നൽകിക്കൊണ്ടുള്ള രാജകീയ വിളംബരം ആലേഖനം ചെയ്ത ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു. എണ്ണൂറിലധികം കുരുന്നുകൾ പഠിക്കുന്ന നെടുമങ്ങാട് എൽ.പി.എസിന്റെ പൂർണ്ണ വികസനമാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 
ഹെൽത്തി കിഡ്‌സ് പദ്ധതി പ്രകാരം കുട്ടികളുടെ വ്യായാമത്തിനും കളികൾക്കുമായി ക്ലാസ് മുറികളിലും പാർക്കിലും നിരവധി കായികോപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. അടിസ്ഥാന ചലന നൈപുണികൾ, താളാത്മക ചലനങ്ങൾ, നാച്ചുറൽ പ്ലേ, കിഡ്സ് യോഗ, ശാരീരിക ഏകോപന ശേഷികൾ, സഹകരണ ശേഷികൾ, ട്രഷർ ഹണ്ട്, ഒബ്സ്റ്റക്കിൾ റേസ് തുടങ്ങിയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉപകരണങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. 
എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് ശിശു സൗഹൃദ ക്ലാസ് മുറി നിർമിച്ചത്. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ.അജയകുമാർ കെ , ഹെൽത്തി കിഡ്‌സ് സ്റ്റേറ്റ് പ്രോജക്ട് ഹെഡ് ശ്രീഹരി പ്രഭാകരൻ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.