ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേട് മാത്രമല്ല, ഇന്ത്യക്ക് നഷ്ടമാകുക മറ്റൊരു വമ്പന്‍ റെക്കോര്‍ഡും

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഫ്ലോറിഡിലെ ലൗഡല്‍ ഹില്‍സില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ഡിഡി സ്പോര്‍ട്സിലും ഫാന്‍കോഡ് ആപ്പിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റശേഷം മൂന്നാം മത്സരത്തില്‍ ആധികാരിക ജയവുമായി തിരിച്ചുവന്നെങ്കിലും പരമ്പര നഷ്ടമെന്നെ ഭീഷണി ഇന്ത്യയുടെ തലക്ക് മുകളില്‍ തന്നെയുണ്ട്. ഇന്ന് തോറ്റാല്‍ അഞ്ച് മത്സര പരമ്പര 3-1ന് നഷ്ടമാകും. ഒപ്പം ദ്വിരാഷ്ട്ര ടി20 പരമ്പരകളില്‍ തുടര്‍ പരമ്പര നേട്ടങ്ങളുടെ റെക്കോര്‍ഡും ഇന്ത്യക്ക് കൈവിടേണ്ടിവരും.ദ്വിരാഷ്ട്ര പരമ്പരകളില്‍ അവസാനം ടി20 പരമ്പര ഇന്ത്യ കൈവിട്ടത് 2021ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു. ശിഖര്‍ ധവാന്‍റെ നേതൃത്വിത്തിലിറങ്ങിയ ഇന്ത്യന്‍ യുവനിരയാണ് അന്ന് ലങ്കക്ക് മുന്നില്‍ മുട്ടുകുത്തിയത്. അതിനുശേഷം തുടര്‍ച്ചയായി 11 ടി20 പരമ്പരകളാണ് ഇന്ത്യ ജയിക്കുകയോ സമനിലയാക്കുകയോ ചെയ്തത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍ പരമ്പര ജയങ്ങളുടെ റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.വെസ്റ്റ് ഇന്‍ഡീസ്(3-0), ശ്രീലങ്ക(3-0), ദക്ഷിണഫ്രിക്ക(2-2) , അയര്‍ലന്‍ഡ്(2-0), ഇംഗ്ലണ്ട്(2-1), വെസ്റ്റ് ഇന്‍ഡീസ്(4-1), ഓസ്ട്രേലിയ(2-1), ദക്ഷിണാഫ്രിക്ക(2-1), ന്യൂസിലന്‍ഡ്(2-1), ശ്രീലങ്ക(2-1), ന്യൂസിലന്‍ഡ്(2-1) എന്നിങ്ങനെയാണ് ഇന്ത്യയുടെ 11 പരമ്പര നേട്ടങ്ങള്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കിരീടം നേടാനായില്ല എന്നതൊഴിച്ചാല്‍ ടി20 പരമ്പരകളിലെല്ലാം ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഇന്ന് നാലാം ടി20യില്‍ വിന്‍ഡീസിനെതിരെ തോറ്റാല്‍ ഇന്ത്യക്ക് ഈ തുടര്‍ പരമ്പര നേട്ടങ്ങളുടെ റെക്കോര്‍ഡ് നഷ്ടമാകും. ഒപ്പം 2016നുശേഷം രണ്ടോ അതില്‍ കൂടുതല്‍ മത്സരങ്ങളോ അടങ്ങിയ പരമ്പരയില്‍ ഇന്ത്യക്കെതിരെ ആദ്യ വിജയം വിന്‍ഡീസിന് സ്വന്തമാവും. 2017നുശേഷം ആദ്യമായാണ് വിന്‍ഡീസ് ഇന്ത്യക്കെതിരെ തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങള്‍ പോലും ജയിച്ചത്.സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തില്‍ ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ച യുവതാരങ്ങളായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണുമെല്ലാം ബാറ്റിംഗില്‍ നിരാശപ്പെടുത്തുന്നതാണ് ഇന്ത്യയുടെ വലിയ ആശങ്ക.ഏകദിന ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ യുവതാരങ്ങളുടെ മങ്ങിയ ഫോം ലോകകപ്പ് ടീമിലെ സ്ഥാനത്തിനും ഭീഷണിയാണ്. ഇന്ത്യയെപ്പോലെ വെസ്റ്റ് ഇന്‍ഡീസിനും ബാറ്റിംഗ് തലവേദനയാണെങ്കിലും നിക്കോളാസ് പുരാന്‍റെ വെടിക്കട്ടിലാണ് അവരുടെ പ്രതീക്ഷ. റൊവ്മാന്‍ പവലും ഹെറ്റ്മയറും നല്‍കുന്ന പിന്തുണയും നിര്‍ണായകമാകും.