ഓണസമ്മാന'മായി മിക്സി, ഉള്ളില്‍ സ്വർണം; കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസിനോട് തട്ടിക്കയറി യുവാവ്

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മിക്സിക്കുള്ളിൽ സ്വർണവുമായി എത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശി മുഹമ്മദാണ് ഇൻഡി​ഗോ വിമാനത്തിൽ സ്വർണ മിക്സിയുമായി കുവൈത്തിൽ നിന്നെത്തിയത്. ഓണസമ്മാനമായാണ് മിക്സി കൊണ്ടുവന്നതെന്നാണ് യുവാവ് പരിശോധനക്കിടെ കസ്റ്റംസിനോട് പറ‍ഞ്ഞത്. 'പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ഉപദ്രവിക്കുന്നെന്ന്' ആരോപിച്ച് വലിയ തർക്കമാണ് കൗണ്ടറിൽ യുവാവ് ഉണ്ടാക്കിയത്.

ചെക്ക് ഇൻ ബാ​ഗേജിന്റെ എക്സ്റേ പരിശോധനക്കിടെയായിരുന്നു പുതിയ മിക്സി കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടത്. നാട്ടിൽ വന്ന് വാങ്ങാൻ സമയമില്ലാത്തതിനാൽ കൊണ്ടുവന്നതാണെന്നാണ് ഇയാൾ പറഞ്ഞത്. സീൽ പൊട്ടിക്കാത്ത മിക്സിയാണെന്നും വേ​ഗം പരിശോധിച്ച് തിരിച്ചുതരണമെന്നും ഇയാൾ കസ്റ്റംസിനോട് ആവശ്യപ്പെട്ടു. എന്നാൽ മിക്സി വിട്ടുനൽകാൻ ഉദ്യോ​ഗസ്ഥർ തയ്യാറായില്ല.

മുഹമ്മദിനെ അന്ന് പറഞ്ഞുവിട്ട കസ്റ്റംസ്, പരിശോധനക്ക് ശേഷം മിക്സി നൽകാമെന്ന് അറിയിച്ചു. പിന്നീട് മിക്സി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മിക്സിയുടെ മോട്ടറിൽ ചുറ്റിയിരുന്നത് ചെമ്പ് പൂശിയ സ്വർണക്കമ്പികളായിരുന്നു. 423 ​ഗ്രാം സ്വർണമാണ് മിക്സിക്കുള്ളിൽ നിന്ന് ലഭിച്ചത്.