പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.


പത്ത് ദിവസം മുൻപാണ് കൃഷ്ണഗിരിയിലെ വീട്ടിലേക്ക് യുവതി പ്രസവത്തിനായി എത്തിയത്. യുവതിയും ഭർത്താവും ബിരുദം നേടിയവരാണ്. ഇവരും പ്രകൃതി ചികിത്സയിൽ വിശ്വാസമുള്ളവരാണെന്നും റിപ്പോർട്ടുകളുണ്ട്.

പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍ അനുസരിച്ച് യൂട്യൂബ് നോക്കിയാണ് മദേഷ് വീട്ടില്‍ പ്രസവമെടുക്കുന്നരീതി മനസിലാക്കിയതെന്നാണ്. വീട്ടില്‍ പ്രസവമെടുക്കുന്ന വീഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ നിരന്തരം കണ്ടിരുന്നതായി അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് മദേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും കുറ്റങ്ങള്‍ സ്ഥിരീകരിച്ചാല്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

അതേ സമയം നവജാത ശിശു ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.