കിളിമാനൂരിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കിളിമാനൂർ, കുന്നുമ്മേൽ , തെക്കേവിള വീട്ടിൽ സഞ്ചു (43) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.

2021 ഡിസംബർ മാസത്തിലെ ഒരു ദിവസം വൈകുന്നേരം 4 മണിയോടെ കുന്നുമ്മേൽ എന്ന സ്ഥലത്തു വച്ച് വിദ്യാർത്ഥിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്നുണ്ടായ ഭയം മൂലം വിദ്യാർത്ഥി ഈ വിവരം രഹസ്യമാക്കുകയായിരുന്നു. ഇതിനു ശേഷം വിദ്യാർത്ഥിയെ വഴിയിൽ കാണുമ്പോഴെല്ലാം പ്രതി ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമം നടത്തുകയും ഇതിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയുമായിരുന്നു.

 ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് വിദ്യാർത്ഥി സഹോദരിയ്ക്ക് വേണ്ടി ഫ്ലാഗ് വാങ്ങാനായി കിളിമാനൂർ ടൗണിലെ ഒരു കടയിലെത്തിയപ്പോൾ പുറകേ എത്തിയ പ്രതി ലൈംഗിക ചുവയോടെ സംസാരിക്കുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രലോഭിക്കുകയുമായിരുന്നു. വിദ്യാർത്ഥിയെ യുവാവ് തടഞ്ഞു വച്ചത് കണ്ട് സുഹൃത്തുക്കൾ ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി പീഡന വിവരം സുഹൃത്തുക്കളോട് പങ്കു വയ്ക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി വരവെ ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളതും സാമൂഹ്യ വിരുദ്ധരുടെ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ള ആളുമാണ്. 

ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ എസ് എച്ച് ഒ ബി.ജയൻ എസ് ഐ മാരായ വിജിത്ത് കെ നായർ ,രാജികൃഷ്ണ, എസ് സിപിഒ മാരായ ഷാജി,ജയചന്ദ്രൻ, സിപിഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.