കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. ദിലീപിന് മാത്രമാണല്ലോ പരാതി എന്നും ചോദിച്ച കോടതി ഹർജി വിധി പറയാൻ മാറ്റി. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നായിരുന്നു ദിലീപിൻ്റെ ആവശ്യം. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യുറിയെ നിയോഗിച്ചു. അഡ്വ രഞ്ജിത്ത് മാറാർ ആണ് അമികസ് ക്യൂറി. ഫോറൻസിക് റിപ്പോർട്ട് അവഗണിക്കണെമന്നാണോ ദിലീപ് പറയുന്നതെന്ന് അതിജീവിത കോടതിയിൽ ചോദിച്ചിരുന്നു. മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് ചോർന്നതിൽ പ്രഥമദൃഷ്ട്യാ തന്നെ തെളിവുകളുണ്ട്. ഇര എന്ന നിലയിൽ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാർഡ് ചോർത്തിയ പ്രതികളെ ഉണ്ടെങ്കിൽ കണ്ടെത്തണം. മെമ്മറി കാർഡ് ആരോ മനപ്പൂർവ്വം പരിശോധിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹർജി. വിചാരണ പൂർത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറഞ്ഞിരുന്നു.നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപിൻ്റെ ആവശ്യം. കേസിൽ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശം. സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തി. ഹർജിയിൽ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസിൽ എഫ്എസ്എൽ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീൽഡ് കവറിൽ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.