നമ്പര്‍ മാറി, മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചത് ചികിത്സയില്‍ കഴിയുന്ന യുവതിക്ക്

KL 01 CN8219 എന്ന നമ്പര്‍ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥര്‍ മാറി വായിച്ചപ്പോള്‍ വാഹനാപകടത്തില്‍ പരfക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടിസ്. മണക്കാട് തോട്ടം റസിഡന്റ്‌സ് അസോസിയേഷന്‍ ഇ 15 (1) ല്‍ ഭാവന ചന്ദ്രനാണു കഴിഞ്ഞ ദിവസം നോട്ടിസ് ലഭിച്ചത്. സ്‌കൂട്ടറിനു പിറകില്‍ ഇരുന്നു സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ പിഴ ഒടുക്കണമെന്നാണു നോട്ടിസില്‍ നിര്‍ദേശം.കഴിഞ്ഞ മാസം പത്തിനു ജഗതിയില്‍ വച്ചു നിയമ ലംഘനം നടത്തിയെന്നാണു നോട്ടിസില്‍. എന്നാല്‍ ജൂണ്‍ 30 നു മുട്ടത്തറയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് അന്നു മുതല്‍ ചികിത്സയില്‍ കഴിയുകയാണു ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥയായ ഭാവന. നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാഹനവും ഭാവനയുടെ വാഹനവും വ്യത്യസ്ത കമ്പനികളുടേതാണ്. നമ്പര്‍ ശ്രദ്ധിക്കുന്നതിലുണ്ടായ പിഴവായിരിക്കാം തെറ്റായി നോട്ടിസ് അയയ്ക്കാന്‍ കാരണമെന്നാണു വിശദീകരണം.