ജനപ്രിയ സിനിമകളാണ് എന്നും സിദ്ദിഖ് എന്ന സംവിധായകനെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ രാജാവാക്കി മാറ്റിയത്. മിമിക്രി രംഗത്തു നിന്നും ഫാസിലിന്റെ കൈപിടിച്ച് അസിസ്റ്റന്റ് ഡയറക്ടറായാണ് മലയാള സിനിമയിലേക്ക് സിദ്ദിഖ് രംഗപ്രവേശം ചെയ്യുന്നത്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സിദ്ദിഖ്, കാലഘട്ടത്തിനപ്പുറം സഞ്ചരിക്കുന്ന സിനിമകള്‍ സൃഷ്ടിച്ചാണ് വേറിട്ടതായി മാറിയത്. ‘സംവിധാനം- സിദ്ദിഖ് ലാല്‍’ എന്ന് അഭ്രപാളിയില്‍ ഇനി അവതരിക്കില്ലായിരിക്കാം, പക്ഷേ ആ കൂട്ടുകെട്ട് അവതരിപ്പിച്ച സിനിമകള്‍ക്ക് പകരം മറ്റൊന്നുണ്ടാകില്ല.സൂപ്പര്‍ ഹിറ്റുകളുടെ ഗോഡ്ഫാദറായിരുന്നു എന്നും സിദ്ദിഖ് ലാല്‍. ഒന്നിനുപിറകെ ഒന്നായി എല്ലാം ഹിറ്റോട് ഹിറ്റ്. മിമിക്രി വേദിയില്‍ നിന്ന് അസി.ഡയറക്ടറായി സിദ്ദിഖ് എത്തിയപ്പോള്‍ ആദ്യം പിറന്നത് 1983ല്‍ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രം. അരങ്ങേറ്റം ഫാസിലിനൊപ്പം. പിന്നാലെ, എന്നെന്നും കണ്ണേട്ടന്റെ, പൂവിന് പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, മണിച്ചിത്രത്താഴ്എ ന്നീ സിനിമകളില്‍ അസോസിയേറ്റ് സംവിധായകനായും അസിസ്റ്റന്റ് സംവിധായകനായും മികച്ച സിനിമകളുടെ ഭാഗമായി. 2017ല്‍ പുറത്തിറങ്ങിയ ഫുക്രിയിലും 2020ല്‍ പുറത്തിറങ്ങിയ ബിഗ് ബ്രദറിലും നിര്‍മാതാവായി.
സിദ്ദിഖ് സംവിധാനം ചെയ്ത സിനിമകള്‍ക്കെല്ലാം ഒരേയൊരു പ്രത്യേകത അവയെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു എന്നതാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സിനിമകള്‍ വീണ്ടും സ്‌ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും അതേ ഹിറ്റ്‌മേക്കറാണ്.അനുകരണകലയുടെ അഭ്രപാളിയില്‍ നിന്നും സിനിമയുടെ അഭ്രപാളിയിലേക്ക് ഫാസില്‍ കൈപിടിച്ചുനടത്തിയ സിദ്ദിഖ്, അതേ മിമിക്രി കലാകാരന്മാരുടെ ഒപ്പം ജീവിതത്തിലുടനീളം സഞ്ചരിച്ചിരുന്നു. സംവിധാനത്തിന്റെയും കഥ, തിരക്കഥകളുടെയും സിനിമാ ലോകത്തേക്ക് എത്തിയപ്പോഴും മിനിസ്‌ക്രീനില്‍ മിമിക്രി കലാകാരന്മാര്‍ക്കൊപ്പം നിറഞ്ഞ ചിരിയുമായി സിദ്ദിഖ് പങ്കെടുത്ത എത്രയെത്ര ടെലിവിഷന്‍ പരിപാടികള്‍, എത്രയെത്ര സ്റ്റേജ് ഷോകള്‍…ഒടുവില്‍ പ്രിയപ്പെട്ടതെല്ലാം അകാലത്തില്‍ ഉപേക്ഷിച്ച് ആ കലാകാരന്‍ വിടവാങ്ങുന്നു..
Media 16 News