ആറ്റിങ്ങലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറംഗ സംഘം കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി.

ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രീകരിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറംഗ സംഘം കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. തട്ടിപ്പിനിരയായ ആറ്റിങ്ങൽ സ്വദേശി ബൈജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് കോട്ടുകുന്നം പരമേശ്വരം പ്രിയാ ഭവനിൽ പ്രിയ, ആറ്റിങ്ങൽ കുന്നുവാരം യാദവ് മൻസിലിൽ അനൂപ്, ഇളമ്പ വാളക്കാട് വാഴവിള വീട്ടിൽ സമീർ, ആറ്റിങ്ങൽ കുന്നുവാരം യാദവ് മൻസിലിൽ അജിത്ത്, ആറ്റിങ്ങൽ സ്വദേശികളായ മല്ലിക, റഫീക്ക് എന്നിവർക്കെതിരെ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പരാതിയിൽ പറയുന്ന തട്ടിപ്പിന്റെ രീതി ഇങ്ങനെ :- രണ്ടരക്കോടി രൂപയാണ് പ്രതികൾ പരാതിക്കാരനിൽനിന്നും പലതവണകളായി തട്ടിയെടുത്തത്. സാമ്പത്തിക ഇടപാടിന്റെ പ്രാരംഭഘട്ടത്തിൽ കൃത്യമായ ഇടപാടുകൾ നടത്തി പരാതിക്കാരന്റെ വിശ്വാസം ആർജ്ജിച്ചെടുത്ത ശേഷമാണ് പ്രതികൾ അതിസമർത്ഥമായി പരാതിക്കാരനിൽനിന്ന് കോടികൾ തട്ടിയെടുത്തത്. കേസിൽ ഒന്നാം പ്രതിയായ പ്രിയ ഫിനാൻഷ്യൽ കൺസൾട്ടന്റ് എന്ന രീതിയിലാണ് തട്ടിപ്പിനിരയായ ബൈജുവിനെ സമീപിച്ചത്. തന്റെ പക്കലുള്ള സ്വർണ്ണ ശേഖരം കാണിച്ച് അത് വാങ്ങി വിൽപന നടത്തിയാൽ വൻ തുക ലാഭവിഹിതമായി സ്വന്തമാക്കാമെന്ന് പ്രിയ ബൈജുവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ മെയ് 16ന് ഒന്നാം പ്രതി പ്രിയ ബൈജുവിനെ വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന നിലവറ ജൂവലറിയിൽ എത്തിച്ച് അഞ്ച് ലക്ഷം രൂപയുടെ ഇടപാട് നടത്തി. ഇതിന്റെ ലാഭവിഹിതവും അന്നുതന്നെ ബൈജുവിന് നൽകി. ഇതോടെ പരാതിക്കാരനായ ബൈജുവിന് പ്രിയ പറഞ്ഞ കാര്യങ്ങളിൽ വിശ്വാസ്യത കൈവന്നു. ഇത് മുതലാക്കി പ്രതികൾ പിന്നീടുള്ള നീക്കങ്ങൾ വേഗത്തിലാക്കി. തൊട്ടടുത്ത ദിവസം തന്നെ ബൈജുവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നും കേസിലെ പ്രതികളായ റഫീക്ക്, സമീർ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 16 ലക്ഷം രൂപ കൈമാറ്റം ചെയ്യാൻ ബൈജുവിനോട് ആവശ്യപ്പെട്ടു.ഇതിൻപ്രകാരം പണം അയച്ചുകൊടുത്ത ബൈജുവിന് പ്രതികൾ നാലര പവന്റെ സ്വർണ്ണമാലയാണ് ലാഭവിഹിതമായി നൽകിയത്. ഇതോടെ ബൈജുവിന് ഇടപാടിൽ കൂടുതൽ വിശ്വാസ്യത കൈവന്നു. തുടർന്ന് ഒന്നാം പ്രതി പ്രിയ കൂടുതൽ സ്വർണ്ണ ശേഖരം കാണിച്ച് അത് വാങ്ങി വിൽക്കുന്നതിനായി രണ്ടരക്കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ പണം സ്വരൂപിക്കാനായി മെയ് 18 ന് തന്നെ ബൈജു തന്റെ പേരിലുണ്ടായിരുന്ന രണ്ട് വീടുകൾ പ്രിയയുടെ നിർദേശപ്രകാരം പ്രതികളായ അനൂപിന്റെയും സമീറിന്റെയും പേരിലേക്ക് എഴുതി നൽകി. ബൈജുവിന്റെ ആഡംബര കാറും പ്രതികൾ വിൽപന നടത്തി പണം കൈക്കലാക്കി. എന്നാൽ, പണം തികയാത്തതിനാൽ ബൈജുവിന്റെ മൂന്ന് വീടുകൾ കൂടി പ്രതികളായ റഫീക്ക്, അജിത്ത്, മല്ലിക എന്നിവർ സ്വന്തമാക്കി.

ഇതുകൂടാതെ ബൈജുവിന്റെ പക്കൽനിന്നും നിലവറ ജൂവലറിയുടെ അക്കൗണ്ടിലേക്കും മറ്റൊരു അക്കൗണ്ടിലേക്കും ഒന്നാം പ്രതി പ്രിയ ഏകദേശം 25 ലക്ഷത്തോളം കൈമാറ്റം നടത്തിച്ചു. ഇങ്ങനെ രണ്ടരക്കോടിയിൽപരം രൂപ പ്രിയ ബൈജുവിന്റെ പക്കൽനിന്നും തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പരാതിക്കാരനിൽനിന്നും വിശദമായ മൊഴിയെടുത്ത ശേഷം ബാങ്ക് ഇടപാടുകളുടെ രേഖകളും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള രേഖകളും ശേഖരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ ചുമതലയുള്ള പോലീസ് ഓഫീസർ അറിയിച്ചു.