അക്കാദമിക മികവിനൊപ്പം കലാ കായിക മേഖലകളിലും വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂൾ പിടിഎ കൾ പ്രധാന പങ്കു വഹിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിനായി വാങ്ങിയ 25 സെൻറ് സ്ഥലത്തിൻ്റെ രേഖ ഏറ്റുവാങ്ങിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യമായ ഇടപെടലുകൾ സ്കൂളുകളെ കമ്മ്യൂണിറ്റി സെൻററുകൾക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ്. വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്കപ്പുറം നല്ല ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 13 ലക്ഷം രൂപ സമാഹരിച്ചാണ് സ്കൂളിനോട് ചേർന്നുള്ള 25 സെൻറ് സ്ഥലം വാങ്ങിയത്. നഗരസഭാ പ്രതിനിധികളും പിടിഎ ഭാരവാഹികളും ചേർന്ന് ഭൂമിയുടെ രേഖ മന്ത്രിക്ക് കൈമാറി. സ്കൂളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാ കായിക രംഗത്ത് സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അഭിനന്ദിച്ചു.