ചില വികൃത ജന്മങ്ങളുടെ പ്രവർത്തിദോഷം കൊണ്ട് തലകുമ്പിട്ട് നടക്കേണ്ട സാഹചര്യമുണ്ടാകരുത്'; സി ആർ ബിജു

തിരുവനന്തപുരം: ചുമതല നിറവേറ്റുന്നതില്‍ പൊലീസിലെ ചിലര്‍ക്കെങ്കിലും വീഴ്ച്ച സംഭവിച്ചെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടനാ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു. ഇത്തരം വീഴ്ച്ചകള്‍ പൊലീസിനാകെ അപകീര്‍ത്തികരമായി. ചില വികൃത ജന്മങ്ങളുടെ പ്രവര്‍ത്തിദോഷം കൊണ്ട് തലകുമ്പിട്ടു നടക്കേണ്ട സാഹചര്യം ഉണ്ടാവാന്‍ പാടില്ലെന്നും ബിജു വിമര്‍ശിച്ചു. താനൂര്‍ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.പുതു തലമുറയെയും, നാടിനെയും, തകര്‍ക്കുന്ന മയക്കുമരുന്നുകളുടെ അപകടകരമായ സാന്നിധ്യവും, അത് കണ്ടെത്തുന്നതിനിടയില്‍ ഉണ്ടാകുന്ന പല സംഭവങ്ങളും ഗൗരവത്തോടെതന്നെ സംഘടന കാണുന്നു. സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിക്കുന്നു. സംഭവങ്ങളുടെ യാഥാര്‍ഥ്യം കൃത്യമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ അത് ചര്‍ച്ചചെയ്ത് ശരിയല്ലാത്ത രൂപത്തിലേക്ക് പലരും ചേര്‍ന്ന് എത്തിക്കുന്നു. ഇത് അംഗീകരിക്കാവുന്നതല്ലെന്നും ബിജു വിമര്‍ശിച്ചു.മയക്കുമരുന്ന് മാഫിയകളെയും,കച്ചവടക്കാരെയും , കണ്ടെത്താനും, ഇത്തരം ഗൗരവമായ കേസുകളിലെ പ്രതികളെ കണ്ടെത്താനും പ്രത്യേക സ്‌ക്വാഡുകള്‍ വേണ്ടി വരും. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയമപരമാകണം. എവിടെയാണോ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നത് അവിടേക്ക് നിയമാനുസരണം ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മുതലുകളും,, കുറ്റവാളികളെയും കൈമാറുകയാണ് വേണ്ടത്. ഇത്തരത്തില്‍ നിലവിലെ രീതികളിലുള്ള അപാകതകള്‍ പലതും പരിഹരിച്ച് നിയമപരമാക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ എത്തിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാനും അതിലൂടെ ഈ നാടിനെ തന്നെ കാത്തുസൂക്ഷിക്കാനും ബാധ്യതപ്പെട്ടവരാണ് പൊലീസ്. അങ്ങനെ പ്രവര്‍ത്തിക്കുന്ന പൊലീസ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരാന്‍ പാടില്ല. ശരിയായ പ്രവര്‍ത്തനങ്ങളെ പോലും വീഴ്ചയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ വലിയ ജാഗ്രതയോടെ, ശ്രദ്ധയോടെ, ആത്മാര്‍ഥമായി മുന്നോട്ട് പോകാന്‍ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥന്മാരോടും അഭ്യര്‍ത്ഥിക്കുകയാണ്.ശരിയായ രീതിയില്‍ മാത്രം മുന്നോട്ട് പോകുക. നിയമപരമായി മാത്രം പ്രവര്‍ത്തിക്കുക. നിയമാനുസരണമല്ലാത്ത ഒരു പ്രവര്‍ത്തിയും ആര് നിര്‍ദ്ദേശിച്ചാലും ചെയ്യാതിരിക്കുക. ഇങ്ങനെ ശരിയായ പാതയില്‍ മുന്നോട്ട് പോകുന്നവര്‍ക്കൊപ്പം കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉണ്ടാകും എന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

നിയമവിരുദ്ധ ഉത്തരവുകള്‍ അനുസരിക്കേണ്ടതില്ല, നിയമപരമാകട്ടെ ഓരോ പ്രവര്‍ത്തിയും

••••••••••••••••••••••••••••••••••••••••

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 2023 -2025 വര്‍ഷ കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി പുതിയ സംഘടനാ കമ്മറ്റികള്‍ നിലവില്‍ വന്നിരിക്കുകയാണ്. സംഘടനാംഗങ്ങള്‍ പൂര്‍ണ്ണതൃപ്തിയില്‍ അല്ല എന്ന ഉത്തമബോധ്യത്തില്‍ തന്നെയാണ് സംഘടനാ ഭാരവാഹികളും. നമ്മുടെ മേഖലയുടെ പ്രത്യേകത കൊണ്ടുതന്നെ പൂര്‍ണ്ണതൃപ്തിയിലേക്ക് എന്നതും ഏറെ ശ്രമകരമാണ്.

കാലത്തിനും, സാഹചര്യങ്ങള്‍ക്കുമനുസരിച്ച് ചില ബുദ്ധിമുട്ടുകള്‍ നാം നേരിടുന്നുണ്ട്. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രവര്‍ത്തിക്കേണ്ടവര്‍ എന്ന നിലയില്‍ ഇനിയും നിരവധി വിഷയങ്ങള്‍ നിലവില്‍ പരിഹാരം കാണാന്‍ അവശേഷിക്കുന്നുണ്ട്.

DA കുടിശിക നേടിയെടുക്കുക എന്നതുപോലെ തന്നെ, കഴിഞ്ഞ ശംബള പരിഷ്‌ക്കരണത്തിലൂടെ ഉണ്ടായ ചില കുറവുകള്‍ക്കും പരിഹാരം കാണാന്‍ നാളിതു വരെ കഴിഞ്ഞിട്ടില്ല.ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ തുടങ്ങി ചീഫ് സെക്രട്ടറി വരെയുള്ള എല്ലാ ജീവനക്കാര്‍ക്കും കൃത്യമായി ലഭിക്കുന്ന HRA കേരളാ പോലീസിലെ ചെറിയ ഒരു വിഭാഗത്തിന് മാത്രം കഴിഞ്ഞ ശംബള കമ്മിഷന്‍ നിഷേധിച്ചത് അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്നത് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഇത്തരം ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് സര്‍ക്കാരിന് പ്രയാസമുണ്ടാക്കുന്നു എന്നതാണ് വസ്തുത.

ഇത് പരിഹരിക്കുക എന്നത് തന്നെയാകും പുതിയ സംസ്ഥാനകമ്മിറ്റിയുടെ പ്രഥമ ലക്ഷ്യം എന്ന് കൂടി സൂചിപ്പിക്കട്ടെ.

ഇങ്ങനെ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്നതിനൊപ്പം കടമകള്‍ വീഴ്ചയില്ലാതെ നിറവേറ്റുവാനും നമുക്ക് കഴിയണം.

എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ ജനസേവകര്‍ എന്ന നിലയില്‍ മികവോടെ, കൃത്യതയോടെ, സംശുദ്ധതയോടെ പ്രവര്‍ത്തിക്കേണ്ട വിഭാഗമാണ് പോലീസ്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും കുറ്റവാളികളെ കണ്ടെത്തി ജുഡീഷ്യറിയുടെ മുന്നില്‍ എത്തിക്കുന്നതിനും ചുമതലപ്പെടുത്തപ്പെട്ട വിഭാഗമാണ് പോലീസ്. എന്നാല്‍ ഈ ചുമതല നിറവേറ്റുന്ന നമ്മളില്‍ ചിലരുടെ ഭാഗത്ത് നിന്നുതന്നെ ചില വീഴ്ചകള്‍ ഉണ്ടാകുകയും അത് പോലീസിനാകെ അപകീര്‍ത്തികരമാകുകയും ചെയ്യുന്ന സാഹചര്യം ഇടയ്ക്കിടെ ഉണ്ടാകുന്നു.ഇത്തരം സാഹചര്യങ്ങളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെങ്കില്‍ അവര്‍ക്കൊപ്പം ശക്തമായ പിന്തുണയുമായി സംഘടനയുണ്ടാകും. ആരോപണങ്ങള്‍ വസ്തുതാപരമാണെങ്കില്‍ അത്തരക്കാര്‍ പോലീസ് സേനയില്‍ ഉണ്ടാകേണ്ടതില്ല എന്ന ശക്തമായ നിലപാടായിരിക്കും സംഘടന ഉയര്‍ത്തിപ്പിടിക്കുക എന്ന് കൂടി സൂചിപ്പിക്കട്ടെ.

മാന്യമായി, അന്തസായി ജോലി ചെയ്യുന്ന 99 ശതമാനം പേരും ചില വികൃത ജന്മങ്ങളുടെ പ്രവര്‍ത്തിദോഷം കൊണ്ട് തലകുമ്പിട്ട് നടക്കേണ്ട സാഹചര്യമുണ്ടാകാന്‍ പാടില്ല.

അതുപോലെ തന്നെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായും ചില പ്രതിസന്ധികള്‍ നാം അനുഭവിച്ചു വരുന്നുണ്ട്.

പോലീസ് സ്റ്റേഷനുകളിലെ അംഗബലത്തിനനുസരിച്ചല്ലാതെ പ്രതിദിന ഡൂട്ടികള്‍ നിശ്ചയിക്കുന്നത് ഉള്‍പ്പെടെ നിരവധി സാഹചര്യങ്ങള്‍ ഇന്നും പോലീസ് അനുഭവിക്കുന്നുണ്ട്.

പുതു തലമുറയെയും, നാടിനെയും, തകര്‍ക്കുന്ന മയക്കുമരുന്നുകളുടെ അപകടകരമായ സാന്നിധ്യവും, അത് കണ്ടെത്തുന്നതിനിടയില്‍ ഉണ്ടാകുന്ന പല സംഭവങ്ങളും ഗൗരവത്തോടെതന്നെ സംഘടന കാണുന്നു. സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിക്കുന്നു.

സംഭവങ്ങളുടെ യാഥാര്‍ഥ്യം കൃത്യമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ അത് ചര്‍ച്ചചെയ്ത് ശരിയല്ലാത്ത രൂപത്തിലേക്ക് പലരും ചേര്‍ന്ന് എത്തിക്കുന്നു.

ഇത് അംഗീകരിക്കാവുന്നതല്ല.

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടന്ന ആഗസ്റ്റ് 18 ന് തന്നെ സംസ്ഥാന ഭാരവാഹികള്‍ ബഹു. സംസ്ഥാന പോലീസ് മേധാവിയെ കണ്ട് ഈ വിഷയങ്ങള്‍ സംസാരിച്ചു. വിശദമായ ചര്‍ച്ചയ്ക്കായി സംസ്ഥാന സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിക്കണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചു. ഇത്തരം കാര്യങ്ങളിലെ സംഘടനാ നിലപാട് വളരെ വ്യക്തമാണ്. എല്ലാ പ്രവര്‍ത്തനങ്ങളും നിയമ വിധേയമാകണം. ഓരോ പ്രവര്‍ത്തിയും ചെയ്യുന്നവര്‍ക്കും, ചെയ്യിക്കുന്നവര്‍ക്കും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉണ്ടാകണം.മയക്കുമരുന്ന് മാഫിയകളെയും,കച്ചവടക്കാരെയും , കണ്ടെത്താനും, ഇത്തരം ഗൗരവമായ കേസുകളിലെ പ്രതികളെ കണ്ടെത്താനും പ്രത്യേക സ്‌ക്വാഡുകള്‍ വേണ്ടി വരും. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിയമപരമാകണം. എവിടെയാണോ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നത് അവിടേക്ക് നിയമാനുസരണം ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മുതലുകളും,, കുറ്റവാളികളെയും കൈമാറുകയാണ് വേണ്ടത്. ഇത്തരത്തില്‍ നിലവിലെ രീതികളിലുള്ള അപാകതകള്‍ പലതും പരിഹരിച്ച് നിയമപരമാക്കേണ്ടതുണ്ട്.

കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ എത്തിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാനും അതിലൂടെ ഈ നാടിനെ തന്നെ കാത്തുസൂക്ഷിക്കാനും ബാധ്യതപ്പെട്ടവരാണ് പോലീസ്. അങ്ങനെ പ്രവര്‍ത്തിക്കുന്ന പോലീസ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരാന്‍ പാടില്ല. ശരിയായ പ്രവര്‍ത്തനങ്ങളെ പോലും വീഴ്ചയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ വലിയ ജാഗ്രതയോടെ, ശ്രദ്ധയോടെ, ആത്മാര്‍ഥമായി മുന്നോട്ട് പോകാന്‍ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥന്മാരോടും അഭ്യര്‍ത്ഥിക്കുകയാണ്.

ശരിയായ രീതിയില്‍ മാത്രം മുന്നോട്ട് പോകുക.

നിയമപരമായി മാത്രം പ്രവര്‍ത്തിക്കുക.

നിയമാനുസരണമല്ലാത്ത ഒരു പ്രവര്‍ത്തിയും ആര് നിര്‍ദ്ദേശിച്ചാലും ചെയ്യാതിരിക്കുക. ഇങ്ങനെ ശരിയായ പാതയില്‍ മുന്നോട്ട് പോകുന്നവര്‍ക്കൊപ്പം കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉണ്ടാകും.

ശരിയുടെ പാതയില്‍

നിയമാനുസരണം മാത്രം പ്രവര്‍ത്തിച്ച്

ഈ നാടിന്റെ സംരക്ഷകരാകാന്‍ നമുക്ക് കഴിയണം. അങ്ങനെ കേരളത്തിലെ പോലീസിന്റെ അന്തസ്സും യശസ്സും ഉയര്‍ത്തി മുന്നോട്ട് പോകാന്‍ നമുക്ക് കഴിയട്ടെ.

ജീവനക്കാരുടെ ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ സംഘടനാ നേതൃത്വം എന്നും ഒപ്പമുണ്ടാകും.