ചിങ്ങമാസം ആരംഭിച്ചതോടെ ചുമയും പനിയും പടരുന്നു. ഓണനാളുകളെ ആഘോഷമാക്കുവാൻ ജനം കാത്തിരിക്കുമ്പോൾ ഓരോ വീടുകളിലും പനി ബാധിതരുടെ എണ്ണം ക്രമാധീതമായി വർദ്ധിച്ചതോടെ ഓണനാളുകളിൽ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് സാധാരണ ജനത. ശരീരവേദനയിലും തലവേദനയിലും തുടങ്ങി പനി പിടിപെടും തുടർന്ന് ചുമ ആരംഭിച്ച് ചുമയുടെ കാഠിന്യം ഏറുന്നതോടെ കഫകെട്ടു രൂപപ്പെടുന്നു സാധാരണ ആശുപത്രിയിൽ നിന്ന് കുപ്പിയിൽ തരുന്ന കഫ്സിറപ്പ് കഴിച്ചാലും കുറയാതെ ആഴ്ചകൾ ചുമക്കേണ്ട അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ സ്വയം ചികിത്സ നടത്താതെ ഡോക്ടർമാരുടെ നിർദേശാനുസരണം ചികിത്സ നടത്തണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഡോക്ടർമാർ ആന്റിബയോട്ടിക് കൂടി ഉൾപ്പെടുത്തുന്നുണ്ട്. കൂടുതൽ വിശ്രമവും ആവശ്യത്തിന് ചൂടാറ്റിയ വെള്ളവും തണുപ്പ് ഇല്ലാത്ത ഭക്ഷണവുമാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എല്ലാ കുടുംബങ്ങളിലും പനി ബാധിതർ കൂടിയപ്പോൾ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്നു. ഓണം അടിച്ചു പൊളിക്കാൻ കരുതി വെച്ചിരുന്ന പണം ആശുപത്രി ചികിത്സയിലേക്ക് മാറുമോ എന്ന ആശങ്കയിലാണ് സാധാരണ ജനങ്ങൾ.