തിരുവനന്തപുരം: ടോള്‍ നിരക്ക് കുത്തനെ കൂട്ടിയതോടെ തിരുവല്ലം ടോള്‍ പ്ലാസ ഒഴിവാക്കി യാത്ര മറ്റു വഴികളിലൂടെയാക്കി നാട്ടുകാരും സഞ്ചാരികളും. അഞ്ച് മാസത്തിനിടയില്‍ ഇരട്ടിയോളം തുകയാണ് തിരുവല്ലത്ത് കൂട്ടിയത്. ടോള്‍ നിരക്ക് പ്രതിസന്ധിയുണ്ടാക്കിയതോടെ ഈ വഴിയുള്ള സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ടോള്‍ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോവളം എംഎല്‍എ എം വിന്‍സെന്റ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ടോള്‍ തുടങ്ങിയതിനുശേഷം ഏതൊരു മാനദണ്ഡവും ഇല്ലാതെയാണ് ടോള്‍ വര്‍ധനവ് നടത്തുന്നത്. ആദ്യം നിശ്ചയിച്ച നിരക്കില്‍ നിന്നും അഞ്ച് മടങ്ങായാണ് നിരക്ക് വര്‍ധിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. തിരുവല്ലം ജംഗ്ഷനിലെ പാലവും സര്‍വീസ് റോഡും ഇനിയും പൂര്‍ത്തിയായിട്ടില്ല. മതിയായ സിഗ്‌നലുകളോ രാത്രികാലങ്ങളില്‍ വെളിച്ചമോ റോഡിലില്ലാത്തത് കാരണം അപകടങ്ങള്‍ പതിവാണ്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാതെയും നാഷണല്‍ ഹൈവേ അതോറിറ്റി ക്രമവിരുദ്ധമായി നടത്തുന്ന ടോള്‍ വര്‍ധനവിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് ടോള്‍ വര്‍ധനവ് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന്് വിന്‍സെന്റ് പറഞ്ഞു.കഴിഞ്ഞദിവസം മുതലാണ് തിരുവല്ലം ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. കാറുകള്‍ക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാന്‍ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാന്‍ 225 രൂപ നല്‍കണം. നേരത്തെ അത് 120 രൂപയായിരുന്നു. 30 രൂപയാണ് വര്‍ധിച്ചത്. മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും, ബസ്, ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതല്‍ 970 രൂപ വരെയും ടോള്‍ നല്‍കണം. തിരുവല്ലത്ത് ടോള്‍ പിരിവ് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലും ജൂണിലും നിരക്ക് കൂട്ടിയിരുന്നു.
ടോള്‍ നിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നിലവില്‍ ടോള്‍ പിരിക്കുന്നത് മാറ്റി ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കും. അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ല. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യാന്‍ ഓരോ തവണയും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോള്‍ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ അഭ്യര്‍ഥിച്ചത്. തിരുവല്ലത്തെ ടോള്‍ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുള്ള അവഗണനയാണെന്നും ആന്റണി രാജു പറഞ്ഞിരുന്നു.