രാജ്യം ഇന്ന് 77ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ത്രിവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുകയാണ് രാജ്യം. ഡൽഹിയിലെ ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന ആഘോഷ പരിപാടികൾ നടക്കുക. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികൾ, ഖാദി തൊഴിലാളികൾ, പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്‌സുമാർ എന്നിവരുൾപ്പെടെ 1,800 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.രാവിലെ 7 മണിക്ക് ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയ പതാക ഉയർത്തിയതിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം ഉള്ള പത്താമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമാണ് ഇന്ന് നടത്തുന്നത്. ഓരോ സ്വാതന്ത്ര്യദിന പ്രസംഗത്തിലും നിർണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയിരുന്നു. മണിപ്പൂരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിഷയം പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷങ്ങളിലൂടെ അനുബന്ധിച്ച് അതീവ സുരക്ഷയിലാണ് രാജ്യം. ചെങ്കോട്ടയിലെ ആഘോഷ പരിപാടികൾക്കിടെ, മണിപ്പൂർ വിഷയം ഉന്നയിച്ചുള്ള പ്രതിഷേധ പരിപാടികൾക്ക് സാധ്യത എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പഴുതടച്ച ക്രമീകരണങ്ങൾ ചെങ്കോട്ടയിൽ ഒരുക്കിയിട്ടുണ്ട്. ത്രിതല സുരക്ഷയാണ് ചെങ്കോട്ടയിൽ ഉള്ളത്, ഒപ്പം ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അതിർത്തികളിലും പ്രധാന നഗരങ്ങളിലും, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ പ്രിയപ്പെട്ടവർക്കും മീഡിയ 16 നേരുന്നു സ്വാതന്ത്ര്യ ദിനാശംസകൾ