*യുവതിയെ കൊന്ന് കുഴിച്ചിട്ടു, 5 പേർ അറസ്റ്റിൽ*

മലപ്പുറം: തുവ്വൂരില്‍ യുവതിയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ അഞ്ചുപേർ പിടിയിൽ. തുവ്വൂർ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി വിഷ്ണു, അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു എന്നിവരും സുഹൃത്ത് ഷിഹാനുമാണ് അറസ്റ്റിലായത്.

കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിതയാണ് കൊല്ലപ്പെട്ടത്. 11നാണ് സുജിതയെ കാണാതായത്. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൃഷിഭവനില്‍ നിന്നിറങ്ങുകയായിരുന്നു. അന്ന് വൈകുന്നേരം മൊബൈല്‍ ഫോണ്‍ ഓഫാവുകയും ചെയ്തു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. വിഷ്ണു തന്റെ വീട്ടില്‍ വെച്ചു തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. സുജിതയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

കൃഷിഭവന് തൊട്ടടുത്ത് തന്നെയുള്ള പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. ഇരുവരും പരിചയക്കാരായിരുന്നു. എന്നാല്‍ സുജിതയെ കാണാതാവുന്ന ദിവസത്തിന് മുമ്പ് തന്നെ ഇയാള്‍ ഇവിടുത്തെ ജോലി രാജിവെച്ചു. ഐഎസ്ആര്‍ഒയില്‍ ജോലി കിട്ടിയെന്നായിരുന്നു ഇയാള്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്. സുജിതയെ കാണാതായതിന്റെ പിറ്റേ ദിവസം തുവ്വൂരിലെ ഒരു സ്വര്‍ണക്കടയില്‍ വിഷ്ണു ആഭരണങ്ങള്‍ വില്‍ക്കാനെത്തിയിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങളാണ് വിറ്റതെന്നാണ് പൊലീസ് നിഗമനം.