ഇടുക്കി അണക്കെട്ടിൽ വെളളം 54 അടി കുറഞ്ഞു; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

തിരുവനന്തപുരം: മഴ ലഭിക്കാതായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. മൂന്ന് ദിവസമായി വെളളം കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 54 അടി വെളളമാണ് കുറഞ്ഞത്. തുട‌ർച്ചയായി മഴ പെയ്താൽ മാത്രമേ അണക്കെ‌ട്ടിലേക്കുളള നീരൊഴുക്ക് ശക്തമാവുകയുളളു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനം കടുത്ത പ്രതിസന്ധി നേരിടും.

മഴയുടെ അളവിൽ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം. കഴിഞ്ഞ വർഷം ഇതേ മാസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ളത് 31 ശതമാനം മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളം കുറവാണ്. ജൂലൈ ആദ്യവാരം മുതൽ ഇടുക്കിയിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയർന്നു തുടങ്ങിയിരുന്നു.

670 ലിറ്ററോളം വെളളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. കഴിഞ്ഞ വർഷം ഈ സമയത്ത് 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിച്ചിരുന്നത് ഇപ്പോൾ ആറ് ദശലക്ഷം യൂണിറ്റാക്കി കുറച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും പത്ത് മുതൽ 20 അടി വരെ ജലനിരപ്പിൽ കുറവുണ്ട്.

മൂലമറ്റത്ത് ഒരു ജനറേറ്റർ പ്ര​വർത്തനം നിർത്തിവെക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ചെറുകിട ജല വൈദ്യുത പദ്ധതികളിൽ ഉൽപ്പാദനം കൂട്ടി ഇടുക്കിയിൽ പരമാവധി വെളളം സംഭരിക്കാനുളള ശ്രമങ്ങളാണ് കെഎസ്ഇബി ന‌ടത്തുന്നത്. ഈ മാസം അവസാനത്തോടെ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.