കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഈ നിയമമാറ്റം വലിയ രീതിയിൽ ബാധിക്കില്ല. നിലവിൽ 250 സീറ്റുകളുള്ള തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് അതേ നില തുടരാം. എന്നാൽ നിലവിൽ 150 സീറ്റുകളുള്ള ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകൾക്ക് ഭാവിയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കില്ല. കുറഞ്ഞത് 50 സീറ്റുകളുണ്ടെങ്കിൽ അടിസ്ഥാന സൗകര്യങ്ങളോടെ മെഡിക്കൽ കോളേജ് തുടങ്ങാം എന്നത് ആദിവാസി- പട്ടികജാതി മേഖലകൾക്ക് ആശ്വാസമാകും. വികസനത്തിൽ പിന്നോക്കമുള്ള പ്രദേശങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികളെ മെഡിക്കൽ കോളേജുകളാക്കി മാറ്റാൻ ഇത് സഹായിക്കും.
220 കിടക്കകളും അതിനനുസരിച്ചുള്ള സൗകര്യങ്ങളുമുണ്ടെങ്കിലാണ് 50 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കൽ കോളേജാക്കാൻ അനുമതി ലഭിക്കുക. സീറ്റുകളുടെ എണ്ണം കുറക്കുന്നത് പ്രകടമായി ബാധിക്കുക സ്വകാര്യ മെഡിക്കൽ കോളേജുകളെയാണ്. സീറ്റുകളുടെ എണ്ണം കുറക്കുന്നത് വരുമാനത്തെ ബാധിക്കും. രാജ്യത്തെ എംബിബിഎസ് സീറ്റുകൾ കുറക്കുന്നത് വിദ്യാർത്ഥികളെ വിദേശത്തേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുമെന്ന പ്രശ്നവും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ലക്ഷദ്വീപ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് മെഡിക്കൽ കോളേജ് തുടങ്ങാൻ ഈ ഉത്തരവ് സഹായകമായേക്കും.