രാജ്യത്തിന്റെ കണ്ണുനീര്‍:മിന്നൽപ്രളയത്തിൽ തകര്‍ന്നടിഞ്ഞ്‌ ഹിമാചൽ,വ്യാപക നാശനഷ്ടം; മരണം 50

ഷിംല: ഹിമാചൽപ്രദേശിനെ ദുരിതത്തിലാഴ്ത്തിയ പേമാരിയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 50-ലധികം പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സോളൻ ജില്ലയിൽ ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന്‌ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. മിന്നൽ പ്രളയത്തിൽ വീടിനൊപ്പം ഒലിച്ചുപോകാതിരിക്കാൻ സമീപത്തെ മരങ്ങൾക്കിടയിൽ അഭയം പ്രാപിച്ച പെൺകുട്ടിയുടെ മൃതദേഹം മണ്ണിനടിയിൽ നിന്നാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.ഷിംല സമ്മർഹില്ലിനടുത്ത് യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽപ്പെട്ട ഷിംല-കൽക്ക റെയിൽവേപ്പാലത്തിന് സാരമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സോളനിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടർന്ന് രണ്ട് വീടുകൾ ഒഴുകിപ്പോയിരുന്നു. നിരവധി റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലും തിങ്കളാഴ്ച അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്ത് യെല്ലോ അലര്‍ട്ടാണ്‌
. ഹിമാചലിലും ഉത്തരാഖണ്ഡിലും ഓഗസ്റ്റ് 18 വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കനത്തമഴ തുടരുന്നതിനാൽ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.