തമിഴകത്തെ 500 കോടി റെക്കോഡുകൾ രജനിക്ക് മാത്രം

തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് രജനി ചിത്രം 'ജയിലർ'. ബോക്സ് ഓഫീസിൽ കോടികൾ കിലുക്കിയാണ് മുന്നേറ്റം. നെൽസൺ ദിലീപ്കുമാറിന്റെ രജനികാന്ത് ചിത്രം ആഗോളതലത്തിലാണ് 500 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് ഇൻഡസ്ട്രിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാം ചിത്രമാണ് ജയിലർ. അതേസമയം തലൈവർ ചിത്രങ്ങൾക്ക് മാത്രമാണ് ഇന്നോളം 500 കോടി ക്ലബ്ബ് നേട്ടം സാധ്യമായിട്ടുള്ളത്.

2018ൽ പുറത്തിറങ്ങിയ രജനികാന്ത്-ശങ്കർ ചിത്രം '2.0'ന്റെ പേരിലാണ് ആദ്യത്തെ 500 കോടി റെക്കോഡ്. ബോളിവുഡ് താരം അക്ഷയ് കുമാർ ആയിരുന്നു രജനിയുടെ വില്ലനായി എത്തിയത്. 800 കോടി ലൈഫ്ടൈം കളക്ഷൻ ആണ് ആഗോളതലത്തിൽ 2.0 സ്വന്തമാക്കിയത്.

പത്ത് ദിവസങ്ങൾ കൊണ്ടാണ് 500 കോടി നേട്ടം ജയിലർ സ്വന്തമാക്കിയത്. 514.25 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. ഇതിനൊപ്പം ഓവർസീസ് കളക്ഷനായി 166.31 കോടി ജയിലർ സ്വന്തമാക്കിയിട്ടുണ്ട്. വിജയ് ചിത്രം 'ബീസ്റ്റി'ൻ്റെ ഒന്നാം സ്ഥാനമാണ്(153.64 കോടി) ഇതോടെ ആഗോള തലത്തിൽ ജയിലർ തകർത്തത്.

'പൊന്നിയിൻ സെൽവൻ 1' ആണ് 500 കോടി ക്ലബ്ബിലുള്ള മറ്റൊരു തമിഴ് ചിത്രം. എന്നാൽ തമിഴിന് പുറമെ മറ്റു ഭാഷകളിലെ ഡബ്ബുകൾ കൂടി ചേർത്താണ് മണിരത്നം ചിത്രത്തിന്റെ നേട്ടം. ബാഹുബലി 2(1810.59 കോടി), ആർആർആർ(1276.20 കോടി), കെജിഎഫ് 2(1259.14 കോടി), ബാഹുബലി(650 കോടി) എന്നിവയാണ് 500 കോടികടന്ന മറ്റു തെന്നിന്ത്യൻ ചിത്രങ്ങൾ.