കൈത്തറി തുണിത്തരങ്ങൾക്ക് പേരുകേട്ട ബാലരാമപുരത്തും പരിസരത്തും നിന്ന് ഓണ വിപണിയിലേക്ക് ഇത്തവണ കയറ്റി അയച്ചത് 500 കോടിയോളം രൂപയുടെ തുണിത്തരങ്ങൾ. ഇതിൽ 50 കോടിയോളം രൂപയ്ക്കുള്ള കൈത്തറി തുണിത്തരങ്ങൾ കയറ്റി അയച്ചവർ വരെയുണ്ട്. ബാലരാമപുരത്ത് പരമ്പരാഗത കൈത്തറി തൊഴിലാളികൾ കുഴിത്തറികളിൽ നെയ്യുന്ന ഇവ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് കോട്ടയം മുതലുള്ള വടക്കൻ ജില്ലകളിലാണെന്ന് കച്ചവടക്കാർ പറയുന്നു.
ബാലരാമപുരത്ത് ശാലിഗോത്ര തെരുവും സമീപ സ്ഥലങ്ങളും കേന്ദ്രീകരിച്ച് 75 ഓളം വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സർക്കാരും ഏജൻസികളും നടത്തുന്ന പ്രദർശന സ്റ്റാളുകളിലേക്കും ഇവ കയറ്റി അയയ്ക്കുന്നുണ്ട്. ചില വൻകിട സ്ഥാപനങ്ങൾ ്ജീവനക്കാർക്കും മറ്റും നൽകാനും കൈത്തറി ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. ഇതോടെ ബാലരാമപുരം കൈത്തറി വിപണിക്ക് ഇത്തവണ വൻ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്.