വീട്ടിനുള്ളില്‍ കൊതുകുനശീകരണ ഉപകരണത്തില്‍ നിന്ന് തീപടര്‍ന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്താണ് അപകടം. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചയൊടെ സമീപവാസികളാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാര്‍ഡ്‌ബോര്‍ഡിലേക്ക് വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി പൊലീസ് സംശയിക്കുന്നു.
മരിച്ച കുട്ടികളുടെ പിതാവ് ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടികളുടെ അമ്മയാണ് ആശുപത്രിയില്‍ കൂട്ടിനുള്ളത്. തിരുവള്ളൂരിലായിരുന്ന മുത്തശ്ശിയെ വിളിച്ചുവരുത്തി കുട്ടികള്‍ക്കൊപ്പം നിര്‍ത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.