ശിവഗിരി വൈദിക മഠം നവീകരണം പൂര്‍ത്തിയായി നാളെ (3/8/23) മുതല്‍ ദര്‍ശനസൗകര്യമുണ്ടാകും

ശിവഗിരി: ശ്രീനാരായണഗുരുദേവന്‍ ശിവഗിരി മഠത്തില്‍ സ്ഥിരമായി വിശ്രമിച്ചിരുന്ന വൈദികമഠത്തിന്‍റെ നവീകരണം പൂര്‍ത്തിയായി. നാളെ (3/8/23) മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി അവസരം ഒരുങ്ങും. ഒരു നൂറ്റാണ്ടിലേറെ പിന്നിട്ട വൈദികമഠത്തിന്‍റെ നവീകരണം രണ്ട് മാസംകൊണ്ട് ശീഘ്രഗതിയിലാണ് പൂര്‍ത്തിയാക്കിയത്. മഹാകവി രബീന്ദ്രനാഥ ടാഗോര്‍, ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസ്, സ്വാമി ശ്രദ്ധാനന്ദജി, ആചാര്യ വിനോബഭാവെ തുടങ്ങിയ മഹാത്മാക്കളൊക്കെ ഗുരുദേവനെ സന്ദര്‍ശിച്ചത് വൈദികമഠത്തില്‍ വച്ചായിരുന്നു. മഹാത്മജി 1925 മാര്‍ച്ച് 12 ന് ഒരു ദിവസം ഇവിടെ വിശ്രമിച്ചിട്ടുമുണ്ട്. ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടില്‍, ചാരുകസേര, ഊന്നുവടികള്‍ തുടങ്ങിയവ ഇവിടെ ഭക്തര്‍ക്ക് ദര്‍ശിക്കാനാവും. വൈദികമഠം നേര്‍ച്ചയായി പെയിന്‍റിംഗ് നടത്തി ഇപ്പോഴത്തെ നിലയില്‍ മനോഹരമാക്കിയത് ഗുരുഭക്തനായ കൊല്ലം, പെരിനാട്, കരുണാ നിവാസില്‍ നിതിന്‍ ആണ്. അദ്ദേഹവും കുടുംബവും വ്രതശുദ്ധിയോടെയാണ് ഈ പുണ്യകര്‍മ്മം പൂര്‍ത്തിയാക്കിയത്. ശിവഗിരി മഠം എന്‍ജിനീയറിംഗ് കമ്മിറ്റിയംഗമായ എ അജിത്ത്കുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു നവീകരണം. നാളെ രാവിലെ 6.30ന് ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠരും വൈദികരും ബ്രഹ്മചാരികളും അന്തേവാസികളും ഗുരുഭക്തരും വൈദിക മഠത്തില്‍ ഒത്തുചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തും.