നിലാവിന്റെ നാട്ടിലേക്ക് മുന്നോട്ട് തന്നെ; ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രയാൻ-3.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 നിർണായകമായ മറ്റൊരു പടികൂടി കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചു. ചന്ദ്രനിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കുതിപ്പേകുന്ന നേട്ടമാണ് ഇത്. ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ (LOI) നടപടി ഇന്ത്യൻ സമയം 7 മണിക്ക് നിർവഹിച്ചതായി ഇസ്രോ സ്ഥിരീകരിച്ചു

ഇത് ബഹിരാകാശ പേടകത്തെ സ്ഥിരമായ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതാണ്. ബെംഗളൂരുവിലെ ഇസ്രോയുടെ ടെലിമെട്രി, ട്രാക്കിംഗ്, കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) ആണ് പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കയറുന്ന ഘട്ടം നടപ്പിലാക്കിയത്.

ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറിൽ നിന്ന് വേർപെടും, പിന്നീട് അത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള യാത്ര തുടരും. ഓഗസ്‌റ്റ് 23നാണ് ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിംഗ് ഇസ്രോ നിശ്ചയിച്ചിരിക്കുന്നത്.

2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍-3 വിക്ഷേപിച്ചത്. അഞ്ച് ഘട്ടമായി വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് പേടകം, അതിന്റെ ആത്യന്തിക ലക്ഷ്യസ്ഥാനമായ ചന്ദ്രനിലേക്ക് അടുക്കുന്നത്.ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനും റോബോട്ടിക് റോവര്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കുകയാണ് ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍-3 എത്തുന്നത്. 

ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ലാന്‍ഡറും റോവറും ചന്ദ്രയാന്‍-2 ദൗത്യത്തിലെ രൂപകല്‍പ്പനയ്ക്ക് സമാനമാണ്. എന്നിരുന്നാലും, ഇസ്രോ പുതിയ ദൗത്യത്തില്‍ ലാന്‍ഡറിന്റെ സോഫ്റ്റ്വെയര്‍ നവീകരിക്കുകയും ചന്ദ്രയാന്‍-3 ആസൂത്രണം ചെയ്ത രീതി അനുസരിച്ച് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ജലം, മഞ്ഞ്, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും. വിജയിച്ചാല്‍, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂണിയന്‍, യുഎസ്, ചൈന എന്നിവയാണ് ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്