ഇനി ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 3-ല്‍; വെല്ലുവിളിയായി ലൂണ 25 ഇനിയില്ല

ചന്ദ്രോപരിതലത്തില്‍ 12 ദിവസം കൊണ്ട് ലൂണയെ എത്തിക്കാനായിരുന്നു റഷ്യയുടെ ശ്രമം. ഇതിനിടെ നേരിട്ട സാങ്കേതിക തകരാര്‍ ലാന്‍ഡിങ്ങിന് വെല്ലുവിളിയായി. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചിരുന്നത്. ചന്ദ്രന്റെ ധ്രുവമേഖലയില്‍ കണ്ടുവച്ചിരിക്കുന്ന 3 ലാന്‍ഡിങ് സൈറ്റുകളിലൊന്നിലായിരുന്നു ലൂണ 25ന്റെ ലക്ഷ്യം.

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിനു സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടിരുന്നത്. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ദൗത്യമെന്ന് വിലയിരുത്തലുണ്ടായിരുന്നു.

നാളെ ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയക്കിടെയാണ് സാങ്കേതികപ്രശ്‌നം നേരിട്ടത്. ഇതിന് പിന്നാലെ പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് റഷ്യ സ്ഥിരീകരിച്ചു. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു.

50 വര്‍ഷത്തിനു ശേഷം റഷ്യ നടത്തിയ ചന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. അതേസമയം ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ഓഗസ്റ്റ് 23ന് വെകുന്നേരം ആറു മണിക്ക് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്. ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങള്‍ക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.

ഒരേ ലക്ഷ്യത്തോടെയുള്ള ഇരു ചന്ദ്രദൗത്യങ്ങളെയും ലോകം ഉറ്റു നോക്കിയിരുന്നു. ലൂണ 25 പരാജയപ്പെട്ടതോടെ ഇനി ഇന്ത്യയുടെ ചന്ദ്രയാന്‍ 3ലായിരിക്കും ലോകത്തിന്റെ കണ്ണ്. ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രനെ തൊടാന്‍ 3 ദിവസം മാത്രം ശേഷിക്കേ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ് വിജയം കണ്ടിരുന്നു. ഇതോടെ 25 കിലോമീറ്റര്‍ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് മോഡ്യൂള്‍. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.