ദീപപ്രഭയില്‍ ഇനി തലസ്ഥാനം തിളങ്ങും; വൈദ്യുത ദീപാലങ്കാരം സ്വിച്ച് ഓണ്‍ നാളെ (ആഗസ്റ്റ് 26)

ഓണം കൂടാന്‍ നഗരത്തിലെത്തുന്നവരുടെ കണ്ണും മനസും നിറയ്ക്കുന്ന ദീപ വിസ്മയങ്ങള്‍ നാളെ (ആഗസ്റ്റ് 26) വൈകിട്ട് മിഴി തുറക്കും.ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലും നഗരമൊന്നാകെയും പ്രകാശപൂരിതമാക്കുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങിന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം വരെയുമുള്ള നഗരവീഥികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ദീപപ്രഭയാൽ വർണാഞ്ചിതമാകും. വൈകുന്നേരം 6.30ന് കനകക്കുന്ന് കൊട്ടാര വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഇല്യൂമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കു ചേരും.