ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച് മമ്മൂട്ടി; 25 പേര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കി

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച് നടനും കൈരളി ചാനല്‍ ചെയര്‍മാനുമായ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. സാധാരണ വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയിരുന്നവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചാണ് കെയര്‍ ആന്‍ഡ് ഷെയര്‍ പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചത്.മലപ്പുറം പൊന്നാനിയില്‍ നിന്നുള്ള അബൂബക്കറിന് വീല്‍ചെയര്‍ നല്‍കി പദ്ധതിയുടെ വിതരണ ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബല്‍ കൈറ്റ്‌സ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതര്‍ക്കായി ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കിയത്. ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാണ് ഇലക്ട്രിക് വീല്‍ചെയറിന്റെ വിതരണം.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് ചികിത്സ സഹായം, വിദ്യാഭ്യാസം ആദിവാസികള്‍ക്കായുള്ള വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നീ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ നടത്തി വരുന്നത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ ,നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രോജക്ട് ഓഫീസര്‍ അജ്മല്‍ ചക്കര പാടം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.