ഇന്ത്യ– വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം.

ഇന്ത്യ– വെസ്റ്റിൻഡീസ് മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ പരമ്പര 2–1 എന്ന നിലയിൽ ആയി. 
സൂര്യകുമാറിന്റെയും തിലക് വർമയുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 44 പന്തുകൾ നേരിട്ട സൂര്യകുമാർ നാല് സിക്സും 10 ഫോറുമായി 83 റൺസ് നേടി. പിന്നാലെ എത്തിയ നായകൻ ഹാർദിക് പാണ്ഡ്യയെ കൂട്ടു പിടിച്ച് തിലക് വർമ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. തിലക് വർമ 37 പന്തുകളിൽ ഒരു സിക്സും നാല് ഫോറുമടക്കം 49 റൺസോടെ പുറത്താകാതെ നിന്നു.
യശസ്വി ജയ്സ്വാള്‍ ഒരു റൺസുമായും ശുഭ്മന്‍ ഗിൽ ആറു റൺസുമായും പുറത്തായതോടെ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലായി. പിന്നാലെയാണ് സൂര്യകുമാർ യാദവ് – തിലക് വർമ സഖ്യം ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്.
വിൻഡീസിനായി ഓപ്പണർ ബ്രാണ്ടൻ കിങ്ങും (42 പന്തിൽ 42 റണ്‍സ്) കെയ്‍ൽ മെയേഴ്സും( 20 പന്തിൽ 25) മികച്ച തുടക്കമാണ് നൽകിയത്. കെയ്ൽ പുറത്തായതോടെ ക്രീസിലെത്തിയ ജോൺസൺ ചാൾസി (14 പന്തിൽ 12) കാര്യമായ സംഭാവന നൽകാനായില്ല. ക്യാപ്റ്റൻ നിക്കോളാസ് പുരാൻ( 12 പന്തിൽ 20), ബ്രാണ്ടൻ കിങ് എന്നിവർ അടുത്തടുത്ത പന്തുകളിൽ ക്രീസ് വിട്ടപ്പോൾ വിൻഡീസ് 106–4 എന്ന നിലയിൽ പതറി. പീന്നീട് ക്രീസിലെത്തിയ റോവ്മാൻ ആണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റും അക്സർ, മുകേഷ് കുമാർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.