ഫിനിഷറായി സഞ്ജുവിന് തിളങ്ങാനായില്ല! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വിട്രിനിഡാഡ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നാല് റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംിഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയാണ് (22 പന്തില്‍ 39) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (12) റണ്ണൗട്ടായി. ജേസണ്‍ ഹോള്‍ഡര്‍, ഒബെദ് മക്‌കോയ്, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അഞ്ച് ഓവറിന് മുമ്പ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (3), ഇഷാന്‍ കിഷന്‍ (6) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. മൂന്നാമനായി എത്തിയ സൂര്യകുമാര്‍ യാദവിന് (21 പന്തില്‍ 21) പതിവ് ശൈലിയിലേക്ക് ഉയരാന്‍ സാധിച്ചില്ല. എന്നാല്‍ തിലകിനൊപ്പം 39 റണ്‍സ് കൂട്ടിചേര്‍ക്കാനായി. സൂര്യയെ ഹോള്‍ഡര്‍ പത്താം ഓവറില്‍ തിരിച്ചയച്ചു. അടുത്ത ഓറില്‍ തിലകിനെ റൊമാരിയോ ഷെഫേര്‍ഡും കുടുക്കി. പിന്നീടുള്ള പ്രതീക്ഷ മുഴുവന്‍ ഹാര്‍ദിക് പാണ്ഡ്യ (19) - സഞ്ജു സഖ്യത്തിലായിരുന്നു. ഇരുവരും 36 റണ്‍സ് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ 16-ാം ഓവറില്‍ കളിമാറി. ഹാര്‍ദിക്കിനെ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. മൂന്നാം പന്തില്‍ സഞ്ജു റണ്ണൗട്ടാവുകയും ചെയ്തു. കെയ്ല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ പുറത്തായി. അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അക്‌സര്‍ പട്ടേല്‍ - കുല്‍ദീപ് യാദവ് സഖ്യമായിരുന്നു ക്രീസില്‍ 19-ാം ഓവറിന്റെ ആദ്യ പന്തില്‍ അക്‌സര്‍ (13) പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അര്‍ഷ്ദീപ് സിംഗ് (7 പന്തില്‍ 12) പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. ഇതിനിടെ കുല്‍ദീപ് യാദവും (3) പുറത്തായി. യൂസ്‌വേന്ദ്ര ചാഹല്‍ (1), മുകേഷ് കുമാര്‍ (1) പുറത്താവാതെ നിന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (48), നിക്കോളാസ് പുരാന്‍ (41) എന്നിവരാണ് തിളങ്ങിയത്. യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (1), ബ്രന്‍ഡന്‍ കിംഗ് (28) എന്നിവരെ ഒരു ഓവറില്‍ യൂസ്‌വേന്ദ്ര ചാഹല്‍ മടക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
തുടര്‍ന്ന് പുരാന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടെ ജോണ്‍സണ്‍ ചാള്‍സിന്റെ (3) വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. പിന്നീട് പൂരാന്‍ - പവല്‍ സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. പുരാനെ മടക്കി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഷിംറോണ്‍ ഹെറ്റ്‌മെയറിന് തിളങ്ങാനായതുമില്ല. പവലിനെ അര്‍ഷ്ദീപും തിരിച്ചയച്ചു. റൊമാരിയോ ഷെഫേര്‍ഡ് (4), ജേസണ്‍ ഹോള്‍ഡര്‍ (6) പുറത്താവാതെ നിന്നു. ഹാര്‍ദിക്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറാനുള്ള അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മുകേഷ് കുമാര്‍, തിലക് വര്‍മ എന്നിവരാണ് പുത്തന്‍ താരങ്ങള്‍.