ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. റുതുരാജ് ഗെയ്കവാദ് (58), സഞ്ജു സാംസണ്‍ (40), റിങ്കു സിംഗ് (38) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. 51 പന്തില്‍ 72 റണ്‍സെടുത്ത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമായിരുന്നു അയര്‍ലന്‍ഡിന്. 10 ഓവറില്‍ അവര്‍ നാലിന് 63 എന്ന നിലയിലേക്ക് വീണു. പോള്‍ സ്‌റ്റെര്‍ലിംഗ് (0), ലോര്‍കന്‍ ടക്കര്‍ (0) എന്നിവരെ ഒരോവറില്‍ പ്രസിദ്ധ് കൃഷ്ണ പുരത്താക്കി. ഹാരി ടെക്റ്റര്‍ (7), ക്വേര്‍ടിസ് കാംഫെര്‍ (18) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ബാല്‍ബിര്‍നി പൊരുതി കൊണ്ടിരുന്നു. എന്നാല്‍ അര്‍ഷ്ദീപിന്റെ പന്തില്‍ ഓപ്പണര്‍ പുറത്തായതോടെ അയര്‍ലന്‍ഡ് തോല്‍വി സമ്മതിച്ചു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.ജോര്‍ജ് ഡോക്ക്‌റെല്‍ (13), ബാരി മക്കാര്‍ത്തി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാര്‍ക്ക് അഡെയ്ര്‍ (), കെയ്ഗ് യംഗ് () പുറത്താവാതെ നിന്നു. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. നേരത്തെ, ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ ഇന്ത്യക്കും അത്ര നല്ല തുടക്കമായിരുന്നില്ല. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് മാത്രമുള്ളപ്പോള്‍ യശസ്വീ ജെയ്‌സ്വാള്‍ (18), തിലക് വര്‍മ (1) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി.
നാലാമനായി ക്രീസിലെത്തിയ സഞ്ജു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ റുതുരാജിന്റെ കൂടെ 71 റണ്‍സാണ് മലയാളി താരം കൂട്ടിചേര്‍ത്തത്. ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഞ്ജു അടിച്ചെടുത്തു. എന്നാല്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ താരം ബൗള്‍ഡായി. ഇന്‍സൈഡ് എഡ്ജായ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ഉടനെ റുതുരാജും മടങ്ങി. ഒരു സിക്‌സും ആറ് ഫോറും റുതുരാജിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അവസാന ഓവറുകളില്‍ ശിവം ദുബെയും (22) റിങ്കുവും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തി. 21 പന്തുകള്‍ നേരിട്ട റിങ്കു മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. ദുബെയുടെ ഇന്നിംഗ്‌സില്‍ രണ്ട് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു. റിങ്കുവിനെ മാര്‍ക്ക് അഡെയ്ര്‍ മടക്കി. വാഷിംഗ്ടണ്‍ സുന്ദര്‍ (0) ദുബെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.