അയർലൻഡിനെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പ്രഖ്യാപിച്ച ഇന്ത്യൻ യുവനിരയെ ജസ്പ്രീത് ബുംറയാണ് നയിക്കുന്നത്. പരിക്കിനെ തുടർന്ന് ഒരു വർഷമായി വിശ്രമത്തിലായിരുന്ന ബുമ്ര കളത്തിലേക്ക് തിരിച്ചെത്തുന്നതാണ് പരമ്പരയുടെ ഹൈലൈറ്റ്. റിതുരാജ് ഗെയ്ക്വാദ് ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഡബ്ലിനിലെ ദ വില്ലേജ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം. വിൻഡീസിനെതിരായ ട്വന്റി 20 പരമ്പര നഷ്ടമായതിന്റെ ക്ഷീണത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഈ വർഷത്തെ ഏകദിന ലോകകപ്പിന് പിന്നാലെയെത്തുന്ന ടി20 ലോകകപ്പിന് മുന്നോടിയായി വരുന്ന ടൂർണമെന്റ് എന്ന നിലയിൽ അയർലൻഡ് പരമ്പരയ്ക്ക് നിർണായക സ്ഥാനമാണുള്ളത്. വിൻഡീസിനെതിരെ തിളങ്ങാൻ കഴിയാതെ പോയ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്കും പരമ്പര നിർണായകമായേക്കും.