മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നന്നായി തുടങ്ങി കെയ്ൽ മയേഴ്സിനെ വിൻഡീസിന് വേഗത്തിൽ നഷ്ടമായി. പിന്നാലെ ഷായി ഹോപ്പിനൊപ്പം ബ്രണ്ടൻ കിംഗ് ഇന്നിംഗ്സ് മുന്നോട്ട് നീക്കി. എന്നാൽ ആറാം ഓവറിൽ കിംഗ് പുറത്തായതോടെ വിൻഡീസ് തകർച്ചയിലേക്ക് നീങ്ങി. നിക്കോളാസ് പൂരനും റോവ്മാൻ പവലും ഓരോ റൺസ് വീതം നേടി പുറത്തേയ്ക്ക്. വെസ്റ്റ് ഇൻഡീസ് 57-4.
അഞ്ചാം വിക്കറ്റിൽ ഹോപിനൊപ്പം ഹെറ്റ്‌മെയര്‍ എത്തിയതോടെ വിൻഡീസ് മുന്നോട്ട് നീങ്ങി. വിൻഡീസ് സ്കോർ 106 ൽ നിൽക്കെ 45 റൺസെടുത്ത ഷായി ഹോപ് പുറത്ത്. പിന്നാലെ വീണ്ടും തകർച്ച. ഒരു ഘട്ടത്തിൽ 7 ന് 123 എന്നായി വിൻഡീസ് സ്കോർ. പിന്നീടായിരുന്നു ഹെറ്റ്‌മെയറിൻ്റെ വെടിക്കെട്ട്. 39 പന്ത് നേരിട്ട ഹെറ്റ്‌മെയര്‍ 61 റൺസെടുത്തു. മൂന്ന് ഫോറും നാല് സിക്സും അടങ്ങുന്നതാണ് ഹെറ്റ്‌മെയറിൻ്റെ ഇന്നിംഗ്സ്.
179 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചു. ആദ്യ വിക്കറ്റിൽ യശ്വസി ജയ്സ്വാളും ശുബ്മാൻ ഗില്ലും കൂട്ടിച്ചേർത്തത് 165 റൺസ്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ടിനൊപ്പമെത്തി. മുമ്പ് രോഹിത് ശർമ്മയും കെഎൽ രാഹുലും ഒന്നാം വിക്കറ്റിൽ 165 റൺസ് നേടിയിട്ടുണ്ട്. അന്ന് 12.4 ഓവറിൽ ഇന്ത്യ 165 ൽ എത്തിയിരുന്നു. ഇത്തവണ ഇന്ത്യയ്ക്ക് 165 റൺസ് നേടാൻ 15.4 ഓവർ വേണ്ടി വന്നു. 51 പന്തിൽ 11 ഫോറും മൂന്ന് സിക്സും സഹിതമാണ് ജയ്സ്വാൾ 84 റൺസെടുത്തത്. 47 പന്ത് നേരിട്ട ഗിൽ മൂന്ന് ഫോറും അഞ്ച് സിക്സും സഹിതം 77 റൺസ് നേടി.