വിവിധ കലാപരിപാടികളും സെമിനാറുകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. 15 മുതൽ നടക്കുന്ന വിവിധ സെമിനാറുകളിൽ മന്ത്രിമാരായ എം.ബി. രാജേഷ്, ജി.ആർ. അനിൽ, പി. പ്രസാദ്, വി. അബ്ദുറഹ്മാൻ എന്നിവരും എം.എൽ.എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, ഡി.കെ.മുരളി, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവരും പങ്കെടുക്കും. 24ന് വൈകിട്ട് 3 ന് സമാപന സമ്മേളനവും ഘോഷയാത്രയും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
പെറ്റ് ആൻഡ് അക്വാ ഷോയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, ഹെഡ്ജ് ഹോഗ്, അപൂർവയിനം തത്തകൾ, വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, അരോണ സ്വർണമത്സ്യങ്ങൾ എന്നിവയാണ് പെറ്റ് ഷോയിലെ പ്രധാന ആകർഷണം. നറുക്കെടുപ്പിലൂടെ കാണികൾക്ക് അപൂർവയിനം ഓമനമൃഗങ്ങളും വർണമത്സ്യങ്ങളും സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. മേളയുടെ ഭാഗമായി വിവിധ വ്യാപാര വിപണന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, വീട്ടാവശ്യത്തിനുള്ള സാധന സാമഗ്രികൾ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ തുടങ്ങിയവ വിലക്കുറവിൽ ലഭിക്കും. പായസ മേളയും ഒരുക്കിയിട്ടുണ്ട്. മേളയുടെ ഒന്നാം ദിവസമായ ഇന്നലെ (തിങ്കൾ) പിന്നണി ഗായിക രാജലക്ഷ്മിയുടെ സംഗീത നിശയായിരുന്നു പ്രധാന ആകർഷണം.
കരകുളം എസ്. സി. ബി കൺവെൻഷൻ സെന്റർ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖ റാണി, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വി. അമ്പിളി, തുടങ്ങിയവർ പങ്കെടുത്തു.