◾പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ്. തുടര്‍ച്ചയായി 53 വര്‍ഷം പുതുപ്പള്ളി എംഎല്‍എയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവു വന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ എട്ടിനാണു വോട്ടെണ്ണല്‍. ഈ മാസം 17 -ാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന തീയതി. മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
◾പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിനു പിറകേ ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ തീരുമാനിക്കും. ഉമ്മന്‍ ചാണ്ടിക്കെതിരേ നേരത്തെ മല്‍സരിച്ച ജെയ്ക് സി. തോമസിനെതന്നെ മല്‍സരിപ്പിക്കാനാണു സാധ്യത. തെരഞ്ഞെടുപ്പു പ്രചാരണ ചുമതല മന്ത്രി വി.എന്‍. വാസവനെ സിപിഎം ചുമതലപ്പെടുത്തി. ബിജെപി എന്‍. ഹരിയെ മല്‍സരിപ്പിച്ചേക്കും.
◾സൂപ്പര്‍ഹിറ്റ് ചിരിച്ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. 68 വയസായിരുന്നു. കരള്‍ രോഗം മൂലം ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ഒമ്പതു മുതല്‍ 12 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും തുടര്‍ന്ന് കാക്കനാട് പള്ളിക്കരയിലുള്ള വീട്ടിലും പൊതുദര്‍ശനം. വൈകുന്നേരം ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ കബറടക്കം. 'റാംജി റാവു സ്പീക്കിംഗ്', ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്ലര്‍ തുടങ്ങിയ അനേകം അനശ്വര സിനിമകളുടെ സൃഷ്ടാവാണ് സിദ്ധിഖ്.
◾സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സിനിമാ മേഖലയിലെ സീനിയര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, തിരക്കഥാ രചനയിലും സംവിധാനത്തിലും ഒപ്പമുണ്ടായിരുന്ന ലാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു. നാടക സംഘങ്ങളിലൂടെയാണ് സിദ്ദിഖ് കലാലോകത്തേയ്ക്ക് എത്തിയത്. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡിലൂടെ തിളങ്ങി. സിദ്ദിഖ് - ലാല്‍ കോമ്പോ മോഹന്‍ലാല്‍ ചിത്രമായ 'പപ്പന്‍ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളായത്. നാടോടിക്കാറ്റ്, അയാള്‍ കഥയെഴുതുകയാണ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ കഥകളും ഈ കോംബോയുടേതായിരുന്നു.
◾സംസ്ഥാനത്തിന്റെ പേരു തിരുത്തുന്നു. ഇംഗ്ളീഷില്‍ കേരള എന്ന ഔദ്യോഗിക നാമം കേരളം എന്നാക്കും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. സംസ്ഥാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും.
◾മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്കു പോലീസിന്റെ മര്‍ദനമേറ്റെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മയക്കു മരുന്ന് ഉപയോഗംമൂലമുള്ള നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തി. ശ്വാസകോശത്തില്‍ നീരു കെട്ടിയിരുന്നു. ഹൃദയ ധമനികള്‍ക്കും തടസമുണ്ടായിരുന്നു. 21 മുറിവുകളുണ്ടായിരുന്നു. ഇടുപ്പിലും കാല്‍പാദത്തിലും കണംകാലിലുമാണു മര്‍ദ്ദനമേറ്റത്. ആമാശയത്തിലെ രണ്ടു പാക്കറ്റുകളില്‍ ഒന്ന് പൊട്ടിയ നിലയിലായിരുന്നു.
◾വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ കുറ്റപത്രം ഉടനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മീനങ്ങാടി, മേപ്പാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മീനങ്ങാടി പൊലീസിന്റെ കേസില്‍ വീട്ടി മരത്തിന്റെ ഡിഎന്‍എ സര്‍ട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിര്‍ണ്ണയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമര്‍പ്പിക്കുക. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
◾കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് വൈദ്യുതി ലൈനിനു താഴെയുള്ള വാഴ കൃഷി വെട്ടി നശിപ്പിച്ചവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍. ചില വാഴകള്‍ക്കു വൈദ്യുതി ലൈനില്‍നിന്നു തീ പിടിച്ചതിനാലാണ് വാഴകള്‍ വെട്ടിമാറ്റിയതെന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദീകരണം നല്‍കി.
◾ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കിയ ഭരണ- പ്രതിപക്ഷങ്ങള്‍ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണു നിയമസഭയെ ഉപയോഗിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
◾കോഴിക്കോട് വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജത്തിന്റെ നിര്‍വാഹക സമിതി പിരിച്ചുവിട്ട് അവരുടെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
◾കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഗ്രാമപഞ്ചായത്താകുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് സര്‍വകലാശാലയും ചക്കിട്ടപ്പാറ സഹകരണ ബാങ്കും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. അപകടത്തില്‍ പരിക്കേറ്റാല്‍ ചികില്‍സയ്ക്ക് ഒരു ലക്ഷം രൂപയും മരച്ചാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കുന്ന പദ്ധതിയാണിത്.
◾തിരുവനന്തപുരം നഗരത്തിലെ പ്രമുഖ തീര്‍ത്ഥകേന്ദ്രമായ ബീമാപള്ളി അമിനിറ്റി സെന്ററിന് 2.58 കോടി രൂപ കൂടി അനുവദിച്ചു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണു പണം അനുവദിച്ചതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
◾മരിച്ച അമ്മയെ സന്ദര്‍ശിക്കാനെന്ന പേരില്‍ പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ബഹ്റൈനില്‍നിന്നു വന്ന യുവതി ചെരുപ്പില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 518 ഗ്രാം സ്വര്‍ണം സഹിതമാണു പിടിയിലായത്.
◾കൊല്ലം ചിറക്കര പഞ്ചായത്ത് ഭരണം യുഡിഎഫിന്. എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ മുന്‍ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനമാറ്റത്തിനിടെ സിപിഎം അഗങ്ങളായിരുന്ന സജിലയും സുചിത്രയും കൂറുമാറി കോണ്‍ഗ്രസിന് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റെ സജില പ്രസിഡന്റായി. സിപിഐ അംഗമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. അടുത്ത ഊഴം സിപിഎമ്മിനു നല്‍കാനാണു രാജിവച്ചത്.
◾എറണാകുളത്തു മദ്യപിച്ചു വാഹനമോടിച്ച 12 ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍. ഇവരില്‍ പത്തു പേര്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മരാണ്.
◾കോട്ടയം പാണ്ടന്‍ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടന്‍ചിറ ഓട്ടക്കുന്ന് വീട്ടില്‍ സാബു (57) വിന് ഗുരുതര പരിക്കേറ്റു. വീടിനു സമീപമെത്തിയപ്പോള്‍ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു.
◾മണിപ്പൂര്‍ വിഷയത്തിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിലും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ഇന്ന്. പ്രധാനമന്ത്രിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി. മണിപ്പൂരിനെ രണ്ടു മണിപ്പൂരാക്കിയിരിക്കുകയാണ്. കലാപം ശാന്തമാക്കാന്‍ ഒരു വാക്കുപോലും പ്രധാനമന്ത്രി ഉരിയാടിയില്ല. അദ്ദേഹം പറഞ്ഞു. മോദി സഭയിലുള്ളപ്പോഴേ രാഹുല്‍ ഗാന്ധി പ്രസംഗിക്കൂവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്താക്കി. രാഹുല്‍ പ്രസംഗിക്കാത്തതിനെ പല ബിജെപി എംപിമാരും വിമര്‍ശിച്ചിരുന്നു.
◾പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്നു വിശേഷിപ്പിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെതിരേ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും നോട്ടീസ് നല്‍കിയിട്ടുണ്ട്.
◾അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെടുകയും എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതിനു പിറകേ, രാഹുല്‍ ഗാന്ധി ഒഴിഞ്ഞുകൊടുത്ത ഔദ്യോഗിക വസതി തിരികെ കിട്ടി. തുഗ്ലക്ക് ലയിനിലെ പഴയ വസതി തന്നെയാണ് രാഹുലിനു ലഭിച്ചത്. ഇന്ത്യ മുഴുവന്‍ തനിക്കു വസതിയാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്.
◾തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡു ചെയ്തു. സഭയില്‍ ബഹളം വച്ചതിനാണ് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ സസ്പെന്‍ഡു ചെയ്തത്.
◾സിപിഎം പിബി അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിന് അമേരിക്കന്‍ വ്യവസായി നെവില്ലെ റോയ് സിംഗവുമായി അടുത്തബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ദേശ വിരുദ്ധരുമായാണ് സിപിഎമ്മിന് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു.
◾ഗുലാം നബി ആസാദിന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയില്‍നിന്ന് 20 നേതാക്കള്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
◾രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ 2014- 15 മുതല്‍ 2022- 23 വരെ ഒമ്പതു വര്‍ഷം 14.56 ലക്ഷം കോടിയിലധികം രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. ഇതില്‍ 7,40,968 കോടി രൂപ വന്‍കിട വ്യവസായങ്ങളുടേതാണ്. കിട്ടാക്കടങ്ങളില്‍ തിരിച്ചുപിടിച്ചത് 2,04,668 കോടി രൂപ മാത്രമാണ്. ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്സഭയില്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2018 മാര്‍ച്ച് 31 ലെ 8.96 ലക്ഷം കോടി രൂപയില്‍നിന്ന് 2023 മാര്‍ച്ച് 31 വരെ 4.28 ലക്ഷം കോടി രൂപയായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
◾തൊണ്ണൂറു വയസുള്ള മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഡല്‍ഹി സര്‍വ്വീസസ് ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്യാന്‍ വീല്‍ ചെയറില്‍ രാജ്യസഭയിലെത്തി. സഭയില്‍ എത്തിയ മന്‍മോഹന്‍ സിംഗിനെ പ്രതിപക്ഷം പ്രശംസിച്ചു. എന്നാല്‍ അങ്ങേയറ്റം ലജ്ജാകരമെന്നാണ് ബിജെപി നേതാക്കള്‍ പരിഹസിച്ചത്. രാജ്യസഭയിലെത്തിയതിന് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ മന്‍മോഹന്‍ സിംഗിന് നന്ദി പറഞ്ഞു.
◾രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര ഗുജറാത്ത് മുതല്‍ മേഘാലയവരെ നടത്തുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. തീയതി തീരുമാനിച്ചിട്ടില്ല. ഒരുക്കങ്ങള്‍ ഉടനേ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
◾ഇലോണ്‍ മസ്‌കിന്റെ ഓട്ടോമോട്ടീവ് - എനര്‍ജി കമ്പനിയായ ടെസ്ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്ത്യന്‍ വംശജനായ വൈഭവ് തനേജയെ നിയമിച്ചു. അദ്ദേഹം നിലവില്‍ ടെസ്ലയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസറാണ്.
◾വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 44 പന്തില്‍ 83 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും 49 റണ്‍സെടുത്ത തിലക് വര്‍മയുടേയും ഇന്നിംഗ്സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
◾ഫിഫ വനിത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. ക്വാര്‍ട്ടറില്‍ സ്പെയിന്‍ നെതര്‍ലണ്ട്സിനേയും ജപ്പാന്‍ സ്വീഡനേയും ഓസ്ട്രേലിയ ഫ്രാന്‍സിനേയും ഇംഗ്ലണ്ട് കൊളംബിയയേയും നേരിടും. ഓഗസ്റ്റ് 11, 12 തിയതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍.
◾ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ജൂലായ് 28 ന് അവസാനിച്ച ആഴ്ച്ചയില്‍ 3.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 603.87 ബില്യണ്‍ ഡോളറിലേക്ക് എത്തി. തൊട്ടുമുന്‍പത്തെ ആഴ്ചയായ ജൂലായ് 21 ന് അവസാനിച്ച ആഴ്ച്ചയിലും വിദേശനാണ്യ കരുതല്‍ ശേഖരം കറഞ്ഞിരുന്നു. 1.9 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 607.03 ബില്യണ്‍ ഡോളറിലേക്ക് ആണ് ആ ആഴ്ചയില്‍ എത്തിയത്. ആര്‍.ബി.ഐയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വിദേശ കറന്‍സി ആസ്തി 2.4 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 535.33 ബില്യണ്‍ ഡോളറിലേക്ക് എത്തിയെന്ന് വ്യക്തമാക്കുന്നു. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്. വിദേശ കറന്‍സി ആസ്തികള്‍ ഡോളറിലാണ് പറയുന്നതെങ്കിലും വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ കറന്‍സികളുടെയും മൂല്യവര്‍ധനവും, മൂല്യത്തകര്‍ച്ചയും വിദേശ കറന്‍സി ആസ്തികളുടെ കാര്യത്തില്‍ സ്വാധീനിക്കും. സ്വര്‍ണശേഖരത്തില്‍ 710 മില്ല്യണ്‍ ഡോളര്‍ കുറഞ്ഞ് 44.904 ബില്ല്യണ്‍ ഡോളറിന്റേതായി. അന്താരാഷ്ട്ര നാണയ നിധിയിലെ ശേഖരം 11 മില്യണ്‍ ഡോളര്‍ താഴന്ന് 5.185 ബില്യണ്‍ ഡോളറാവുകയും ചെയ്തു. സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ് 29 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 18.444 ബില്യണ്‍ ഡോളറായി. വിദേശ നാണ്യ കരുതല്‍ ശേഖരം 2021 ഒക്ടോബറിലാണ് എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്.
◾'നേര്‍ച്ചപ്പെട്ടി' എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്കാണെന്ന ആരോപണവുമായി സംവിധായകന്‍ ബാബു ജോസഫ്. കന്യാസ്ത്രീയുടെ പ്രണയത്തെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും എത്തിയതോടെയാണ് ചിത്രത്തിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്. ക്രൈസ്തവ സഭക്കെതിരെയാണ് ഈ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിച്ച് ചിത്രത്തിനെതിരെ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വയ്‌ക്കേണ്ടി വന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും, സിനിമയ്‌ക്കെതിരെ വ്യപകമായി പരാതികള്‍ നല്‍കാനാണ് നീക്കമെന്നും അറിവ് കിട്ടിയിട്ടുണ്ടെന്ന് സംവിധായകന്‍ പ്രതികരിച്ചു. ജൂലൈ 14ന് റിലീസ് നടത്താനാണ് ഉദ്ദേശിച്ചത്. എന്നാല്‍ തിയേറ്റര്‍ കിട്ടിയില്ല. ജൂലൈ 28നും ഇതേ അനുഭവമുണ്ടായി എന്നാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. നൈറ നിഹാര്‍, അതുല്‍ സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.
◾മലയാളത്തിന്റെ പ്രിയ നടന്‍ ടിജി രവി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം 'അവകാശികള്‍' ആഗസ്റ്റ് പതിനേഴിന് പ്രദര്‍ശനത്തിനെത്തും. ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലാണ് അവകാശികള്‍ പ്രദര്‍ശിപ്പിക്കുന്നത്. റ്റി.ജി രവിയുടെ ഇരുനൂറ്റി അന്‍പതാമത് സിനിമയാണ് അവകാശികള്‍. കേരള ചലച്ചിത്ര അക്കാഡമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍.അരുണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ വര്‍ത്തമാനകാല സങ്കീര്‍ണ്ണതകള്‍ നര്‍മ്മത്തില്‍ ചാലിച്ച് സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇര്‍ഷാദ്, ടി.ജി രവി, ബേസില്‍ പാമ, ജയരാജ് വാര്യര്‍ , സോഹന്‍ സീനു ലാല്‍, വിഷ്ണു വിനയ് , എം എ നിഷാദ് , അനൂപ് ചന്ദ്രന്‍, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്‍, ജോയ് വാല്‍ക്കണ്ണാടി, ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി നാടക കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റഫീഖ് അഹമ്മദ് , പര്‍വതി ചന്ദ്രന്‍ . എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മിനീഷ് തമ്പാനാണ്.
◾എംജിയുടെ ചെറു ഇലക്ട്രിക് കാര്‍ കോമറ്റ് വാങ്ങി യുവസംവിധായകന്‍ സാജിദ് യാഹിയ. അഭിനേതാവ്, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ സാജിദ് യാഹിയ എംജിയുടെ കൊച്ചി ഡീലര്‍ഷിപ്പില്‍ നിന്നാണ് പുതിയ വാഹനം വാങ്ങിയത്. കുടുംബവുമായി എത്തി പുതിയ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ചെറിയ കോമറ്റ് ഇനി ഒരു കുടുംബാംഗമാണ് എന്നാണ് ചിത്രത്തിനൊപ്പം സാജിദ് യാഹിയ കുറിച്ചിരിക്കുന്നത്. എംജി അടുത്തിടെയാണ് ചെറു ഇലക്ട്രിക് കാറായ കോമറ്റിനെ പുറത്തിറക്കുന്നത്. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 7.98 ലക്ഷം രൂപ മുതല്‍ 9.98 ലക്ഷം രൂപ വരെയാണ്. കോമറ്റിന് ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. 17.3 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് കോമറ്റില്‍ ഉപയോഗിക്കുന്നത്.41 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. 3.3 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 7 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യും. ടാറ്റാ നാനോ, മാരുതി സുസുക്കി ഓള്‍ട്ടോ തുടങ്ങിയ വാഹനങ്ങളെക്കാള്‍ ചെറിയ രൂപമാണ് എംജി കോമറ്റിന്. അപ്പിള്‍ ഗ്രീന്‍ വിത്ത് ബ്ലാക് റൂഫ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്, കാന്‍ഡി വൈറ്റ്, കാന്‍ഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളില്‍ കോമറ്റ് ലഭിക്കും.
◾ജീവിതം ഇക്കാണുന്നതൊന്നുമല്ല എന്ന് പറയുമ്പോള്‍ അത് മറ്റെന്താണ് എന്ന് നിങ്ങള്‍ ചോദിക്കും. ജീവിതം ചലനമാണ്, യാത്രയാണ്, സ്വാതന്ത്ര്യമാണ്. അങ്ങിനെയാണ് മിത്രാ സതീഷ് തന്റെ സ്വാതന്ത്ര്യം സ്വായത്തമാക്കിയത്. മലയാളി കുലമഹിതകള്‍ അടുപ്പുകൂട്ടിയും മലകയറിയും താലപ്പൊലിയെടുത്തും ജീവിതം തീര്‍ക്കുമ്പോള്‍ തനിക്ക് ചുറ്റുമുള്ള ലോകത്തെ കാണാനും അനുഭവിക്കാനും പഠിക്കാനും ഒരു സ്ത്രീ, പലപ്പോഴും ഏകയായി, അല്ലെങ്കില്‍ തന്റെ പത്തുവയസ്സുകാരന്‍ മകനുമൊത്ത്, അപൂര്‍വമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു സ്ത്രീ സുഹൃത്തുമൊത്ത് നടത്തുന്ന സ്വതന്ത്ര യാത്രകളാണ് ഈ ഇന്ത്യന്‍ സഞ്ചാരത്തിന്റെ അകത്താളുകളില്‍. ജീവിതം എവിടെയെങ്കിലും കെട്ടിയിടപ്പെട്ട ഒരു വളര്‍ത്തു മൃഗമല്ല എന്ന തിരിച്ചറിവാണ് ഒരു മണ്ണില്‍ പല മനുഷ്യരിലൂടെ മിത്ര സതീഷ് നടത്തിയ ഈ സ്വാതന്ത്ര്യ പ്രഖ്യാപന യാത്രകള്‍. 'ഇന്ത്യന്‍ സഞ്ചാരം - ഒരു മണ്ണ് പല മനുഷ്യര്‍'. പുസ്തക പ്രസാധക സംഘം. വില 224 രൂപ.
◾കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക് കാരണങ്ങളാണ്. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട്. ജോലിയുമായി ബന്ധപ്പെട്ടത്, ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ മൂലം പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാവുന്ന കേടുപാട്, നട്ടെല്ലിലെ ഡിസ്‌കിന്റെ പ്രശ്‌നങ്ങള്‍, പ്രായാധിക്യം മൂലം അസ്ഥികള്‍ക്കുണ്ടാവുന്ന തേയ്മാനം (സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്) തുടങ്ങി കഴുത്തുവേദനക്ക് നിരവധി കാരണങ്ങളുണ്ട്. എഴുതുമ്പോഴും വായിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും കുനിഞ്ഞിരിക്കുന്നത് തെറ്റായ രീതിയാണ്. കമ്പ്യൂട്ടറിന്റെ സ്‌ക്രീന്‍ ശരിയായ ലെവലില്‍ അല്ലെങ്കിലും കഴുത്തിന്റെ സ്വാഭാവിക അവസ്ഥക്ക് കോട്ടംതട്ടും. ഈ അവസ്ഥ ദീര്‍ഘകാലം തുടരുന്നവരുടെ കഴുത്തിന്റെ പേശികള്‍ക്ക് അമിതമായ ആയാസമുണ്ടാക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ക്രമേണ കഴുത്തിലെ പേശികളില്‍ വേദനയുണ്ടാക്കുന്ന ഭാഗങ്ങള്‍ രൂപപ്പെടുന്നു. പേശികള്‍ക്ക് ആവശ്യത്തിന് വ്യായാമം ലഭിച്ചില്ലെങ്കില്‍ അവയുടെ ശക്തി കുറയുകയും ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. കഴുത്തുവേദന കൂടുമ്പോള്‍ ഛര്‍ദ്ദി, തലകറക്കം, ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയും ഉണ്ടാകും. കഴുത്തിലെ കശേരുക്കള്‍ക്കും തരുണാസ്ഥികള്‍ക്കും തേയ്മാനം സംഭവിക്കുന്നതിനാല്‍ തല്‍സ്ഥാനത്ത് നീര്‍ക്കെട്ടുണ്ടാകുന്നു. ഈ നീര്‍ക്കെട്ട് കഴുത്തിലെ നാഡികള്‍ക്ക് ക്ഷതമുണ്ടാക്കാന്‍ കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നാല്‍ ഇത് പേശികളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്നു. കഴുത്തിന്റെ ഭാഗത്ത് പുകച്ചില്‍, മരവിപ്പ് എന്നിവയുണ്ടാകാനും ഇത് കാരണമാകുന്നു. ഉയരം കൂടിയ തലയിണ ഉപയോഗിക്കുന്നതും ഒന്നിലധികം തലയിണകള്‍ ഉപയോഗിക്കുന്നതും അശാസ്ത്രീയമായ രീതിയാണ്. തലയിണ കഴുത്തിന് താങ്ങു നല്‍കാനാണ് ഉപയോഗിക്കേണ്ടത്. മറിച്ച് ഉയരമുള്ള തലയിണ തലക്കു പിറകില്‍ വെക്കുന്നത് കഴുത്തുവേദനയുണ്ടാക്കും.
*ശുഭദിനം*
അയാളുടെ വിവാഹം കഴിഞ്ഞ് അവര്‍ ദൂരെയുള്ള ഒരു നഗരത്തില്‍ താമസമാക്കി. പുതിയസ്ഥലത്ത് അയാള്‍ ജോലി തേടി. അങ്ങനെ ഒരു സ്‌കൂളില്‍ ജോലികിട്ടി. പക്ഷേ, അധ്യാപനത്തിലെ പരിചയക്കുറവ് കാരണം അയാള്‍ക്ക് ആ ജോലി നഷ്ടപ്പെട്ടു. അയാള്‍ വീട്ടിലെത്തി സങ്കടത്തോടെ ഭാര്യയോട് ജോലി നഷ്ടപ്പെട്ടവിവരം പറഞ്ഞു. ഭാര്യ അയാളെ ആശ്വസിപ്പിച്ചു: ചിലര്‍ക്ക് അറിവ് ധാരാളം ഉണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുളള കഴിവ് കുറവായിരിക്കും.. സാരമില്ല, നിങ്ങള്‍ക്ക് വേണ്ടി വേറെ നല്ല ജോലി കാത്തിരിപ്പുണ്ട്... കുറച്ച് ദിവസം കഴിഞ്ഞു. അയാള്‍ക്ക് വേറെ ഒരു ജോലി കിട്ടി. ജോലി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കാരണം ആ ജോലിയും നഷ്ടമായി. അപ്പോഴും ഭാര്യ സമാധാനിപ്പിച്ചു. പരിചയസമ്പന്നതയുടെ കുറവ് കാരണമാണ് നിങ്ങള്‍ക്ക് ജോലി നഷ്ടമായത്. നല്ല ജോലി ഉടനെ കിട്ടും. അയാള്‍ ഒരിക്കലും തളര്‍ന്നുപോകാന്‍ അവര്‍ അനുവദിച്ചതേയില്ല.. വിവിധതരം ജോലികള്‍ അയാള്‍ക്ക് ലഭിച്ചു. പല കുറവുകള്‍കൊണ്ടും അത് നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ കടന്നുപോയി. അനേകം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് സാധിച്ചു. അദ്ദേഹം ഒരു കൗണ്‍സിലര്‍ ആയി ജോലി നോക്കി. താമസിയാതെ വൈകല്യമുളള കുട്ടികള്‍ക്ക് വേണ്ടി ഒരു സ്‌കൂള്‍ അയാള്‍ തുടങ്ങി. കുറച്ചു നാളുകള്‍ക്ക് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈകല്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി. അയാള്‍ ഒരു സമ്പന്നനായി. ഒരിക്കല്‍ അയാള്‍ തന്റെ ഭാര്യയോട് ചോദിച്ചു: ഞാന്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും നീ എങ്ങിനെയാണ് എന്നില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിച്ചത്? ഭാര്യ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ഒരു വയല്‍ ഗോതമ്പ് കൃഷിക്ക് അനുയോജ്യമല്ലെങ്കില്‍ അവിടെ പകരം പച്ചക്കറികളോ പൂകൃഷികളോ നട്ടുനോക്കാം. പലതും ചെയ്തു നോക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ആ വയലിന് അനുയോജ്യമായ കൃഷി ഏതെന്ന്. അതുപോലെയാണ് മനുഷ്യരും. ഒരു കഴിവുമില്ലാത്തവര്‍ ആരുമില്ല. എന്നാല്‍ അവര്‍ക്ക് വളരാന്‍ പറ്റുന്നിടത്തെത്തുക എന്നതാണ് പ്രധാനം. ഒരിക്കല്‍ പരാജയപ്പെട്ടാല്‍ വീണ്ടും വീണ്ടും ശ്രമിക്കുക. അവസാനം നമുക്ക് അനുയോജ്യമായ സ്ഥലത്ത് നാം എത്തിപ്പെടുക തന്നെ ചെയ്യും - *ശുഭദിനം.*