*_പ്രഭാത വാർത്തകൾ_*```2023 | ഓഗസ്റ്റ്റ്റ് 5 | ശനി |

◾രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ ആഹ്ലാദവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കും. കത്തു നല്‍കിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെങ്കില്‍ അതിനായി വേറെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യേണ്ടിവരും.

◾രാഹുല്‍ഗാന്ധിക്കു പരമാവധി ശിക്ഷ നല്‍കിയത് എന്തിനെന്നു വിചാരണ കോടതിയുടെ വിധിയില്‍ പറയുന്നില്ലെന്നു സുപ്രീം കോടതി. ജനപ്രതിനിധി എന്ന ഘടകം വിചാരണ കോടതി പരിഗണിച്ചില്ല. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നത് ജനങ്ങളുടെ അവകാശത്തെ നിഷേധിക്കലാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ സ്വീകാര്യമല്ലെന്നും പൊതുപ്രവര്‍ത്തകര്‍ പ്രസംഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നും കോടതി നിരീക്ഷിച്ചു.

◾സുപ്രീം കോടതി വിധി വന്നതിനു പിറകേ, 'ദൗത്യം തുടരും, ഇന്ത്യ എന്ന ആശയം സംരക്ഷിക്കു'മെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം. 'ഇന്നല്ലങ്കില്‍ നാളെ സത്യം ജയിക്കു'മെന്നു രാഹുല്‍ പിന്നീട് എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ തന്ന വലിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

◾അദാനി - മോദി ബന്ധം പറഞ്ഞതിനു പിറകേയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കേസുകള്‍ നല്‍കിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്ന് ചെന്നിത്തലയും രാജ്യത്തു നീതിപീഠം ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന വിധിയെന്നു മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

◾വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താം എന്നാല്‍ ഖനനം നടത്തരുതെന്നു സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്താനുള്ള ജില്ലാ കോടതിയുടെ ഉത്തരവും അതു ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവും സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് സര്‍വേ നടപടികള്‍ ഇതിനകം ആരംഭിച്ചു.

◾ഓണത്തോടനുബന്ധിച്ച് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3,200 രൂപ വീതം വിതരണം ചെയ്യാന്‍ ധനവകുപ്പ് 1,550 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍ക്കായി 212 കോടി രൂപ ഉള്‍പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷം പേര്‍ക്ക് ഈ മാസം 23 നകം പെന്‍ഷന്‍ ലഭിക്കും.

◾ഓണം വിപണനമേളയില്‍ ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നീ അഞ്ചിനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ അഞ്ചു രൂപ വില കുറച്ചു ലഭ്യമാക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചതാണ് ഇക്കാര്യം. സബ്സിഡി ഇനത്തില്‍ നല്‍കിവരുന്ന 13 ഭക്ഷ്യ വസ്തുക്കളില്‍ മൂന്നിനം മാത്രമാണ് ഇല്ലാത്തത്. ഈമാസം 18 മുതല്‍ 28 വരെ ഓണം വിപണനമേള നടത്തും. സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും 18 ന് ഓണം ഫെയര്‍ തുടങ്ങും.

◾സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും അടക്കമുള്ള ഭരണപരാജയം മറയ്ക്കാന്‍ സിപിഎം ഗണപതിയെ കൂട്ടുപിടിച്ചു വിവാദമുണ്ടാക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മില്‍ ഇപ്പോള്‍ ഒരു യുദ്ധവുമില്ല. എന്‍എസ്എസിനെ വര്‍ഗീയമായി ചിത്രീകരിക്കാന്‍ സിപിഎം നോക്കേണ്ട. മുരളീധരന്‍ പറഞ്ഞു.

◾സിപിഎം അനുഭാവിയായിരുന്ന പാനൂരിലെ അജയനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശേരി സെഷന്‍സ് കോടതി വെറുതെവിട്ടു. 2009 മാര്‍ച്ച് 11 നാണ് സിപിഎം അനുഭാവിയായ അജയനെ വെട്ടിക്കൊന്നത്. ഒമ്പതു പ്രതികളില്‍ ഒരാള്‍ വിചാരണക്കിടെ കൊല്ലപ്പെട്ടു. മറ്റൊരാള്‍ ആത്മഹത്യ ചെയ്തു.

◾പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന യുവതിയെ ഇന്‍ജക്ഷന്‍ ചെയ്തു കൊലപ്പെടുത്താന്‍ ശ്രമിച്ച നഴ്സ് വേഷത്തിലെത്തിയ യുവതി പിടിയില്‍. കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയെ (25)യാണ് അറസ്റ്റു ചെയ്തത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ കൊല്ലാനാണു ശ്രമിച്ചത്. സ്നേഹയുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാനാണ് കൊലപാതക ശ്രമമെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിവാഹിതയായ അനുഷയുടെ ഭര്‍ത്താവ് വിദേശത്താണ്.

◾പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്നു അഫ്സാന മുഖ്യമന്ത്രിക്കു പരാതി നല്‍കി. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും അഫ്സാന പരാതി നല്‍കി. ഡിവൈഎസ്പി ഉള്‍പ്പെടെ മര്‍ദിച്ച ഏഴു പൊലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്.  

◾പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ പോലീസ് ഇന്‍സ്പെക്റെ പിരിച്ചു വിട്ടു. അയിരൂര്‍ എസ് എച്ച് ഒ ആയിരുന്ന ആര്‍ ജയസനിലിനെയാണ് ഡിജിപി പിരിച്ചുവിട്ടത്.

◾പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവയ്പെടുത്ത 11 രോഗികള്‍ക്കു ശാരീരിക അസ്വസ്ഥത. മൂന്നു കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു പേരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. രാത്രി ഒമ്പത് മണിയോടെ വിറയലും ശരീരം തളരളുന്നത് പോലെയും തോന്നിയതോടെ എല്ലാവരെയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

◾കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ക്വിറ്റ് ഇന്ത്യാ ദിനമായ ഒമ്പതിന് രാജ്ഭവനു മുന്നില്‍ മഹാധര്‍ണ നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി.

◾ഇരുന്നൂറു കോടിയിലേറെ രൂപയുടെ ബിഎസ്എന്‍എല്‍ എന്‍ജിനിയറിംഗ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പുകേസിലെ പ്രതി കൊല്ലം കൊറ്റങ്കര സ്വദേശിനി ഷീജകുമാരി (47)യെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കസ്റ്റഡിയില്‍ വിട്ടു.

◾എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്തിലാണ് നാം ജീവിക്കുന്നതെന്നു സംവിധായകന്‍ ടി വി ചന്ദ്രന്‍. സിനിമ നിര്‍മ്മിക്കുന്നവരെപോലും എന്‍ഫോഴ്സ്മെന്റ് വേട്ടയാടുകയാണ്. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിവല്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

◾ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ സന്ദീപ് വാര്യരെയും പി ആര്‍ ശിവശങ്കരനെയും വീണ്ടും ഉള്‍പ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തിരിച്ചെടുത്തത്.
 
◾അപകടത്തില്‍ മരിച്ച കൊല്ലം സുധിക്കു വീട് വയ്ക്കാന്‍ സ്ഥലം സൗജന്യമായി സമ്മാനിച്ച് അംഗ്ലീക്കന്‍ സഭയുടെ ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ഏഴു സെന്റ് സ്ഥലമാണു ദാനമായി നല്‍കിയത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ വീട് പണി ഉടനേ തുടങ്ങും. തന്റെ കുടുംബ സ്വത്തിലെ ഒരു ഭാഗമാണ് സുധിക്കു കൈമാറിയതെന്ന് ബിഷപ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.

◾മുംബൈ ഹൈക്കോടതി ജഡ്ജി എന്ന പേരില്‍ റിസോര്‍ട്ടില്‍ മുറിയെടുത്തു താമസിച്ചശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ട് (24 )ആണ് മുനമ്പം പൊലീസിന്റെ പിടിയിലായത്.

◾തിരുവനന്തപുരം പൂവാറില്‍ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചതിനു മുന്‍ സൈനികനായ പൂവാര്‍ സ്വദേശി ഷാജി (56) പിടിയിലായി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു നടത്തിയ കൗണ്‍സലിംഗിനിടെയാണ് പീഡന വിവരം പുറത്തു വന്നത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റു ചെയ്തു. തോപ്പുംപ്പടി നസ്രത്ത് സ്വദേശി നിന്‍സണ്‍ എന്നു വിളിക്കുന്ന ലൂയിസ് പീറ്ററിനെ(27)യാണ് പിടികൂടിയത്. ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്നും കേസുണ്ട്.

◾തിരുവനന്തപുരം വെങ്ങാനൂരില്‍ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ഠന്റെ ഭാര്യയേയും ആക്രമിച്ചു. നെല്ലിവിള സ്വദേശി വിജിന്‍, വിജിന്റെ ജേഷ്ഠന്റെ ഭാര്യ നിജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാലൊടിക്കുകയും വീട്ടിലെ ടെലിവിഷന്‍ അടക്കുളള ഗൃഹോപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

◾മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് പരാതിക്കാരനും ഗുജറാത്തിലെ ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് പൂര്‍ണേഷിന്റെ നിലപാട്.

◾സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാള്‍ മൂടാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസിലെ കീഴ്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത ഉടനേയാണ് ബുദ്ധനെ ഉദ്ധരിച്ചുള്ള ഈ വാക്കുകള്‍ പ്രിയങ്ക സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്.

◾ബോംബെ ഹൈക്കോടതിയില്‍ ജഡ്ജി പരസ്യമായി രാജി പ്രഖ്യാപിച്ചു. ജസ്റ്റിസ് രോഹിത് ദിയോ 'ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാന്‍ കഴിയില്ലെന്നു' പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപനം നടത്തിയത്. ഓപ്പണ്‍ കോര്‍ട്ടിലെ രാജി പ്രഖ്യാപനം കേട്ട് എല്ലാവരും ഞെട്ടി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത ജി എന്‍ സായിബാബയെ വെറുതെ വിട്ടതടക്കം സുപ്രധാന വിധികള്‍ പ്രസ്താവിച്ച ജഡ്ജിയാണ് രോഹിത് ദിയോ. രണ്ടുവര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് രാജിവച്ചത്.

◾ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള പ്രായപരിധി 25 ല്‍ നിന്ന് 18 ആക്കണമെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. സുശീല്‍ കുമാര്‍ മോദിയുടെ അദ്ധ്യക്ഷതയിലുള്ള നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ ശുപാര്‍ശ മുന്നോട്ടു വച്ചത്. കൂടുതല്‍ യുവാക്കള്‍ ഭരണരംഗത്തേക്ക് വരണമെന്ന് സമിതി വിലയിരുത്തി.

◾ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് ഇന്നു പ്രവേശിക്കും. വൈകുന്നേരം ഏഴു മണിയോടെയാണ് സുപ്രധാന ഘട്ടത്തിലേക്ക് പേടകത്തെ ഉയര്‍ത്തുക.

◾തമിഴ് കോമഡി നടന്‍ മോഹന്‍ മധുരയിലെ റോഡരികില്‍ മരിച്ച നിലയില്‍. 60 വയസായിരുന്നു. ഈയിടെ കടുത്ത ദാരിദ്ര്യത്തിലായിരുന്നു മോഹന്‍.

◾കരിങ്കടലില്‍ റഷ്യന്‍ യുദ്ധക്കപ്പലിനു നേരെ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം. നൊവോറോസിസ്‌കിലെ നേവല്‍ ബേസിലാണു കപ്പലിനുനേരെ ആക്രമണം നടത്തിയത്.

◾നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍. എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കൊച്ചി വിമാനത്താവളം (സിയാല്‍) 267.17 കോടി രൂപയും കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളം 95.38 കോടി രൂപയും ലാഭം നേടിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയും കണ്ണൂര്‍ വിമാനത്താവളം 131.98 കോടി രൂപയും നഷ്ടമാണ് നേരിട്ടത്. എ.എ.ഐയുടെ കീഴിലുള്ള വിമാനത്താവളങ്ങളുടെ കണക്കെടുത്താല്‍ കോഴിക്കോട് വിമാനത്താവളത്തിന് ലാഭത്തില്‍ മൂന്നാം സ്ഥാനമാണ്. കൊല്‍ക്കത്തയാണ് ഒന്നാമത്; ലാഭം 482.30 കോടി രൂപ. ചെന്നൈ 169.56 കോടി രൂപയുമായി രണ്ടാംസ്ഥാനവും നേടി. ദേശീയ ആസ്തി പണമാക്കല്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 25 വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളവുമുണ്ട്. 2025നകം പാട്ടത്തിന് നല്‍കുകയാണ് ലക്ഷ്യം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ് കൊച്ചി (സിയാല്‍). തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് 32.86 ശതമാനവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 22.54 ശതമാനവും ഓഹരി പങ്കാളിത്തമുള്ള വിമാനത്താവളമാണ് കണ്ണൂര്‍ (കിയാല്‍).

◾ആദ്യ സംവിധാന സംരംഭമായ 'ബറോസ്' ഡിസംബറില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്ന് മോഹന്‍ലാല്‍. സിനിമയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞു. ഇപ്പോള്‍ ബുഡാപെസ്റ്റില്‍ ശേഷിച്ച ജോലികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ തന്നെ പ്രഖ്യാപിച്ചത് മുതല്‍ തന്നെ സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബറോസ് എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

◾നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന 'കൊറോണ ധവാന്‍' എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. 'വട്ടം വട്ടം ചുറ്റാതെ' എന്നു തുടങ്ങുന്ന കല്യാണപ്പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് റിജോ ജോസഫ് ഈണമൊരുക്കിയിരിക്കുന്നു. അരുണ്‍ അശോകും നീലിമയും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കൊറോണ ധവാന്‍'. ജെയിംസ് &മാു; ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജെനീഷ് ജയാനന്ദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിബിന്‍ അശോക് ആണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.

◾പുതിയ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ജെ250 ആഗോള വിപണിയില്‍ എത്തി. ഈ ഐതിഹാസിക ഓഫ്-റോഡറിനെ പൂര്‍ണ്ണമായും പുതിയ രൂപകല്‍പ്പനയോടെയാണ് ടൊയോട്ട അവതരിപ്പിച്ചത്. അതില്‍ റെട്രോ-സ്റ്റൈല്‍ ബോക്‌സി രൂപം, പരന്ന മേല്‍ക്കൂര, ചെറിയ ഓവര്‍ഹാംഗുകള്‍ എന്നിവ ഉള്‍പ്പെടുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ഈ എസ്യുവി ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്നാണ് അറിയപ്പെടുന്നത്. മോഡല്‍ അടുത്ത വര്‍ഷം യുഎസില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ പ്രാരംഭ വില 55,000 ഡോളര്‍ ആയിരിക്കും. ഇത് ലാന്‍ഡ് ക്രൂയിസര്‍ എല്‍സി300നേക്കാള്‍ താങ്ങാനാവുന്നതായിരിക്കും. എല്‍സി 1958, ലാന്‍ഡ് ക്രൂയിസര്‍, എല്‍സി ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ എസ്യുവി ലഭിക്കും. കൂടുതല്‍ പരുക്കന്‍ എല്‍സി ഫസ്റ്റ് എഡിഷന് ആദ്യ രണ്ട് മാസങ്ങളില്‍ 5,000 യൂണിറ്റുകളുടെ പരിമിതമായ ഉല്‍പ്പാദനം മാത്രമേ ഉണ്ടാകൂ. രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകളും അധിക ഓഫ്-റോഡ് ഉപകരണങ്ങളുമായാണ് ഇത് വരുന്നത്.

◾ഇന്ത്യയില്‍ പൊതുവായ പൗരനിയമം നടപ്പാക്കണമെന്ന ആവശ്യത്തിന് ഭരണഘടനയുടെ രൂപീകരണകാലത്തോളം പഴക്കമുണ്ട്. വിവിധ കാലഘട്ടങ്ങളില്‍ ഈ നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി രാജ്യത്തെ വിധികളിലൂടെ ഓര്‍മ്മപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴും ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് പൂര്‍ണ്ണമായും നടപ്പായിട്ടില്ല. ലിംഗനീതി ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലേറിയതോടെ ഈ വിഷയം ഇന്ത്യയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡിന്റെ വിവിധ വശങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുകയാണ് ഈ പുസ്തകം. 'ഏകീകൃത സിവില്‍ കോഡ് അകവും പുറവും'. എഡിറ്റര്‍ - ഹമീദ് ചേന്നമംഗലൂര്‍. ഡിസി ബുക്സ്. വില 140 രൂപ.

◾യൂറിനറി ഇന്‍ഫെക്ഷന്‍ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ആരോഗ്യപ്രശ്നമാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതലായി രോഗം കണ്ട് വരുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിര്‍ത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാനകാരണം. മഴക്കാലത്താണ് യൂറിനെറി ഇന്‍ഫെക്ഷന്‍ കൂടുതലായി കാണപ്പെടുന്നത്. മഴക്കാലമാണ് ബാക്ടീരിയകള്‍ വളരാനും പെരുകാനും അനുയോജ്യമായ സമയം. ഇറുകിയ വസ്ത്രങ്ങളും സിന്തറ്റിക് അടിവസ്ത്രങ്ങളും ധരിക്കുന്നതും യുടിഐയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മൂത്രനാളിയിലെ അണുബാധ വിവിധ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം. ഇത് സാധാരണയായി മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നു. അടിവയറ്റിലെ വേദനയും യുടിഐയുടെ മറ്റൊരു ലക്ഷണമാണ്. വിറയലും പനിയും ഉണ്ടാകുന്നത് യുടിഐയുടെ മറ്റൊരു ലക്ഷണമാണ്. ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. മൂത്രനാളിയിലെ അണുബാധ തടയാന്‍ ശ്രദ്ധിക്കേണ്ടത് - ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുക. നിങ്ങള്‍ എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രയും നന്നായി മൂത്രാശയത്തിന് ദോഷകരമായ സൂക്ഷ്മാണുക്കള്‍ പുറന്തള്ളാന്‍ സഹായിക്കും. ശുചിത്വം പാലിക്കുകയും ജനനേന്ദ്രിയ ഭാഗം ശരിയായി വൃത്തിയാക്കുകയും വേണം. നനഞ്ഞ വസ്ത്രങ്ങള്‍ ഉടന്‍ മാറ്റുക. ഓരോ 3-4 മണിക്കൂറിലും സാനിറ്ററി പാഡുകളും 4-6 മണിക്കൂറിനുള്ളില്‍ ടാംപണുകളും മാറ്റുക, മൂത്രനാളിയിലെയും യോനിയിലെയും അണുബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ലൈംഗിക ബന്ധത്തിന് ശേഷം വൃത്തിയായി കഴുകുക. കൂടുതല്‍ സമയം കാത്തിരിക്കുകയാണെങ്കില്‍ ബാക്ടീരിയ മൂത്രസഞ്ചിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
1964 ജൂണ്‍ മാസം പന്ത്രണ്ടാം തിയതി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് നെല്‍സണ്‍ മണ്ടേല റോബന്‍ ദ്വീപില്‍ എത്തുന്നത്. 8 അടി നീളവും 7 അടിവീതിയും ഉള്ള ഒരു ചെറിയ സെല്ലിലാണ് അദ്ദേഹത്തെ ഇട്ടിരുന്നത്. 27 വര്‍ഷങ്ങള്‍ അദ്ദേഹം റോബന്‍ ദ്വീപിലെ ഏകാന്ത തടവുകാരനായിരുന്നു. പക്ഷേ സ്വാതന്ത്ര്യദാഹം ഒട്ടും ചോര്‍ന്നുപോകാതെ ഇക്കാലമത്രയും അദ്ദേഹം അവിടെ കഴിഞ്ഞു. ഇതിനിടയില്‍ വിദൂരവിദ്യാഭ്യാസം വഴി നിയമബിരുദം നേടി. 1990 ല്‍ ജയില്‍ മോചിതനാകും വരെ അദ്ദേഹം തന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. വര്‍ണ്ണവിവേചനത്തിനെതിരെയും സമാധാനത്തിനുമുള്ള ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ ജീവിതം.. കടുത്ത ഏകാന്തതയും പീഢനങ്ങളും നിര്‍മ്മിച്ച പരിതസ്ഥിതിയില്‍ നിന്നും ലോകത്തെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദുരന്തങ്ങള്‍ മാത്രല്ല, പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. - *ശുഭദിനം.*