◾ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ചൈനയുടെ അധീനതയിലാണെന്നു കാണിച്ചുകൊണ്ട് ചൈന പുതിയ ഭൂപടം പുറത്തിറക്കി. അരുണാചല്‍ പ്രദേശും അക്സായി ചിനും ചൈനയിലാണെന്ന് അവകാശപ്പെടുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്. ചൈനയെ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
◾ജമ്മു കാഷ്മീരിന് എപ്പോള്‍ സംസ്ഥാന പദവി മടക്കി നല്‍കുമെന്നു സുപ്രീം കോടതി. സമയപരിധി വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ചോദ്യം ഉന്നയിച്ചത്.
◾ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍. ചന്ദ്രയാന്‍ മൂന്നിലെ റോവറിലുള്ള ലിബ്സ് എന്ന ഉപകരണമാണ് ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാല്‍സ്യം, ക്രോമിയം എന്നീ മൂലകങ്ങളും ചന്ദ്രനിലുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
◾ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിനു 200 രൂപ വില കുറച്ചു. ഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 1103 രൂപയില്‍നിന്ന് 903 രൂപയായി കുറയും. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഇന്നു പ്രാബല്യത്തിലാകും. നിരവധി കുടുംബങ്ങള്‍ക്കു സന്തോഷം പകരുന്ന തീരുമാനമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
◾കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് തീരുമാനം പ്രഖ്യാപിച്ചത്. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയാണ്.
◾അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കുന്ന വകുപ്പുപ്രകാരമാണ് കേസ്. അച്ചു ഉമ്മനെ അധിക്ഷേപിച്ചതിന് ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നു. അച്ചു ഉമ്മന്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിറകേയാണ് ക്ഷമാപണം.
◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ മയക്കുമരുന്നുകള്‍ പിടികൂടി. നെയ്‌റോബിയില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. മൂന്നര കിലോ കൊക്കെയ്ന്‍, ഒന്നേകാല്‍ കിലേ ഹെറോയിന്‍ എന്നിവയാണ് പിടിച്ചത്.
◾ബിഎസ്എന്‍എല്‍ എന്‍ജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പു കേസിലെ ഏഴു പ്രതികളുടെ 314 സ്വത്തുക്കള്‍ ബഡ്സ് നിയമപ്രകാരം കണ്ടുകെട്ടാന്‍ ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തു. 210 കോടിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. ബഡ്സ് നിയമം ചുമത്തുന്ന രാജ്യത്തെ ആദ്യ കേസാണിതെന്ന് ക്രൈം ബ്രാഞ്ച് വെളിപെടുത്തി.
◾വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ടെക്നിക്കല്‍ - ബി തസ്തികയിലേക്കു നടന്ന പരീക്ഷയില്‍ ആള്‍മാറാട്ട തട്ടിപ്പു നടത്തിയ മൂന്നു പ്രതികള്‍ വേറേയും മൂന്നു തൊഴില്‍ ടെസ്റ്റുകളില്‍ തട്ടിപ്പു നടത്തി. ഈ പരീക്ഷകള്‍ റദ്ദാക്കണമെന്ന് റിപ്പോര്‍ട്ടു നല്‍കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണ്‍. തട്ടിപ്പു സംഘത്തെ ഹരിയാനയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു. തട്ടിപ്പിന്റെ സൂത്രധാരനും ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരനുമായ ദീപക് ഷിയോകന്ദ, ഉദ്യോഗാര്‍ത്ഥി ഋഷിപാല്‍, ഇയാള്‍ക്കു വേണ്ടി തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ അമിത്ത്, ദീപകിന്റെ സഹായി ലഖ്വിന്ദര്‍ എന്നിവരെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ആറു ലക്ഷം രൂപയാണു പരീക്ഷാതട്ടിപ്പിനു ദീപക് വാങ്ങിയിരുന്നതെന്നു പോലീസ് പറയുന്നു.
◾പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ആയിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ വിജിലന്‍സ് പിടികൂടി. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് പിടികൂടിയത്.
◾സഹപ്രവര്‍ത്തകന്റെ സര്‍വ്വീസ് ബുക്ക് 23 വര്‍ഷം ഒളിപ്പിച്ച കേസില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇടുക്കി ഡിഎം ഓഫീസിലെ വിരമിച്ച സൂപ്രണ്ടുമാരായ എം.എം ശിവരാമന്‍, എസ്.പ്രസാദ്, സൂപ്രണ്ട് എസ്.ജെ കവിത, ക്ലാര്‍ക്കുമാരായ കെ.ബി ഗീതുമോള്‍, ജെ.രേവതി എന്നിവര്‍ക്കെതിരെയാണ് വിവരാവകാശ കമ്മീഷന്റെ നടപടി. സര്‍വ്വീസ് ബുക്ക് ഓഫീസില്‍ ഉണ്ടായിരുന്നിട്ടും കാണാനില്ലെന്ന് മറുപടി നല്‍കിയതിന് അഞ്ച് ഉദ്യോഗസ്ഥരും 25,000 രൂപ പിഴയൊടുക്കണം.
◾സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് എട്ടു ദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 624 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിവസം 121 കോടി രൂപയുടെ മദ്യം വിറ്റു. ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുടയിലെ മദ്യശാലയിലൂടെ 1. 06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമത്തെ മദ്യശാലയിലൂടെ 1.01 കോടി രൂപയുടെ മദ്യവും വിറ്റു. ശ്രീനാരായണ ഗുരു ജയന്തിയായ വ്യാഴാഴ്ചയും ഒന്നാം തീയതിയായ വെള്ളിയാഴ്ചയും മദ്യശാലകളും ബാറുകളും തുറക്കില്ല.
◾പുരാവസ്തു തട്ടിപ്പു കള്ളപ്പണ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സെപ്റ്റംബര്‍ അഞ്ചിനു ശേഷം ഹാജരാകാമെന്ന് എന്‍ഫോഴ്സ്മെന്റിനു കത്തു നല്‍കി. പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തിരക്കുള്ളതിനാല്‍ നാളെ ഹാജരാകില്ലെന്ന് കത്തു നല്‍കി.
◾സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. 86 വയസായിരുന്നു. സി.പി.എം പി ബി അംഗവും എംപി യുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. എറണാകുളം വടക്കന്‍ പറവൂരിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.
◾പോലീസിനെ വെട്ടിച്ചു പോകവേ, കാര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പേരാല്‍ കണ്ണൂര്‍ സ്വദേശി പരേതനായ അബ്ദുള്ളയുടെ മകന്‍ ഫര്‍ഹാസ് (17) ആണ് മരിച്ചത്.
◾തമിഴ്നാട് കോവില്‍പാളയത്ത് വാഹനാപകടത്തില്‍ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരന്‍ (48), മകന്‍ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ പഠനത്തിന് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
◾ആലപ്പുഴ ഹരിപ്പാട് മധ്യവയസ്‌കനെ വെടിവച്ചുകൊന്ന കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമന്റെ ബന്ധുവും അയല്‍വാസിയുമായ പ്രസാദാണ് അറസ്റ്റിലായത്. നാളുകളായി ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
◾സുഹൃത്തുക്കള്‍ക്കൊപ്പം ഷൊര്‍ണൂര്‍ ഭാരതപ്പുഴയില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജിഷ്ണു ആണ് പുഴയില്‍ മുങ്ങിയത്.
◾കാസര്‍കോട് പെരിയ ചെര്‍ക്കപ്പാറ പട്ടര്‍ചാലില്‍ വാഹനമിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെര്‍ക്കപ്പാറ സ്വദേശി ഉബൈദ് (59) ആണ് മരിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.
◾ആണ്‍സുഹൃത്തിനെ കാണാതെ മടുത്ത യുവതി കട്ടപ്പനയിലെ ബസ് വെയിറ്റിംഗ് ഷെഡില്‍ ആത്മഹത്യാശ്രമം നടത്തി. ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച യുവതിയെ തൊട്ടടുത്ത കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായ 27 കാരിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവിനൊപ്പം എറണാകുളത്താണ് യുവതി താമസിച്ചിരുന്നത്.
◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു കിലോ കഞ്ചാവ് പിടികൂടി. രണ്ടാം പ്ലാറ്റ്ഫോമില്‍ അനാഥാവസ്ഥയിലായിരുന്നു കഞ്ചാവ് പൊതി. കൊണ്ടുവന്നയാളെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കണ്ടെത്താന്‍ പോലീസ് നടപടികള്‍ ആരംഭിച്ചു.
◾മോഷ്ടാക്കള്‍ കവര്‍ന്ന ബുള്ളറ്റ് ബൈക്ക് എ.ഐ ക്യാമറയില്‍ കുടുങ്ങിയതോടെ മോഷ്ടാക്കള്‍ കെണിയില്‍. രണ്ടു മാസം മുമ്പാണ് മലപ്പുറം തിരൂര്‍ സ്വദേശി രമേശ് മട്ടാറയുടെ ബൈക്ക് മോഷണം പോയതാണ്. മൂന്നു ദിവസംമുമ്പ് തിരൂര്‍-പൊന്നാനി റൂട്ടില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് ആയിരം രൂപയും മൂന്നു പേരെ കയറ്റി യാത്ര ചെയ്തതിന് ആയിരം രൂപയുമടക്കം രണ്ടായിരം രൂപ പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചതോടെ രമേശ് വീണ്ടും പോലീസിനെ സമീപിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ ഉടനേ പിടിക്കുമെന്ന് പോലീസ്.
◾ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ കോഴിക്കോട്ട് ഉപവാസ സമരം. ബസ് സ്റ്റാന്റിനു സമീപം നടന്ന സമരത്തില്‍ നിരവധി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
◾അങ്കമാലിയില്‍ 27 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്.
◾ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സപ്റ്റംബര്‍ എട്ടിന് ഡല്‍ഹിയില്‍ എത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും എത്തുമെന്ന് അറിയിച്ചു. ഉച്ചകോടിക്ക് എത്തില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ അറിയിച്ചു.
◾ഇന്ത്യയുടെ പ്രദേശങ്ങളെ ചൈനയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങിന് ഇന്ത്യ സ്വീകരണം നല്കരുതെന്ന് കോണ്‍ഗ്രസ്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കരുതെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
◾ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പെടുത്തി ചൈന പുതിയ ഭൂപടം പുറത്തിറക്കിയത് അസംബന്ധമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മാപ്പു പുറത്തിറക്കിയതുകൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം ആര്‍ക്കാകും. 26 പാര്‍ട്ടികളുള്ള 'ഇന്ത്യ' സഖ്യത്തിന്റെ നേതാക്കള്‍ മുംബൈയില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ ധാരണയാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കണ്‍വീനറാകണമെന്ന് ജനതാദള്‍ യു നിര്‍ദേശിച്ചിട്ടുണ്ട്.
◾കേന്ദ്ര സര്‍ക്കാര്‍ പാചക വാതക വില കുറച്ചത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് കോണ്‍ഗ്രസ്. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞു. 'ഇന്ത്യ' മുന്നണിയെ ഭയന്നാണ് വില കുറച്ചതെന്നും കോണ്‍ഗ്രസ്.
◾പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ചുമതല വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗീതിക ശ്രീവാസ്തവയ്ക്ക്. 2005 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്.
◾തമിഴ് സിനിമയുടെ 'തലൈവര്‍' രജനീകാന്ത് പണ്ട് കണ്ടക്ടറായി ജോലി ചെയ്ത ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡിപ്പോയില്‍ എത്തി. അപ്രതീക്ഷിത സന്ദര്‍ശനം കണ്ട് എല്ലാവരും അമ്പരന്നു. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കിട്ട അദ്ദേഹം എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മടങ്ങിയത്.
◾ഗാസിയാബാദിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥിനികള്‍. പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
◾കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അഴിമതിക്കാരനാണെന്നു ബിജെപി എംഎല്‍എയും രാജസ്ഥാനിലെ മുന്‍ നിയമസഭാ സ്പീക്കറുമായ കൈലാഷ് ചന്ദ്ര മേഘ്വാള്‍. അര്‍ജുന്‍ മേഘ്വാളിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയക്കുമെന്നും എംഎല്‍എ ഭില്‍വാരയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിച്ചു.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പ്രശംസിക്കുകയും അംബേദ്കറിന്റെ മാര്‍ഗത്തില്‍നിന്നു മായാവതി വ്യതിചലിച്ചെന്ന് ആരോപിക്കുകയും ചെയ്ത ബിഎസ്പി നേതാവ് ഇമ്രാന്‍ മസൂദിനെ പാര്‍ട്ടി അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
◾ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
◾തോഷഖാന അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി ഉത്തരവ് ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാന്‍ഖാനു ജയിലില്‍ തന്നെ തുടരേണ്ടി വരും. രഹസ്യ നിയമം ലംഘിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനാവില്ല.
◾ഫ്ളോറിഡയില്‍ ഭീഷണിയുമായി ഇഡാലിയ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് ക്യൂബയില്‍ നിന്ന് ഇന്ന് ഫ്ളോറിഡയില്‍ എത്തും. ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഷ്വറന്‍സ് പോളിസികള്‍ ആരംഭിക്കും. ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളും സിബിഡിസിയും ഉള്‍പ്പെടുത്തി ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് സമഗ്രമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കും. ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കും. മ്യൂച്വല്‍ ഫണ്ട് ബിസിനസ് ലക്ഷ്യമിട്ട് ജെ.എഫ്.എസും ബ്ലാക്ക്‌റോക്കുമായുള്ള സംയുക്ത സംരംഭവും മുകേഷ് അംബാനി പ്രഖ്യാപിച്ചു. സെപ്തംബര്‍ 19ന് ജിയോ എയര്‍ ഫൈബര്‍ അവതരപ്പിക്കും. ഇതിനകം ജിയോ ഫൈബറിന് ഒരു കോടിയിലേറെ വരിക്കാരായി. ജിയോ സ്മാര്‍ട്ട് ഹോം സേവനങ്ങള്‍ ജിയോ ഹോം ആപ്പിലൂടെ വീടുകളിലെ വൈഫൈ സംവിധാനം നിയന്ത്രിക്കാനും ജിയോ സെറ്റ് ടോപ് ബോക്‌സിന്റെ റിമോട്ട് കണ്‍ട്രോളറായും ഉപയോഗിക്കാന്‍ സാധിക്കും. ജിയോ പ്ലാറ്റ്ഫോം ഇന്ത്യയ്ക്കായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് സംവിധാനങ്ങള്‍ അവതരിപ്പിക്കും. എഐ സേവനങ്ങള്‍ എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സിന്റെ കയറ്റുമതി 33.4 ശതമാനം ഉയര്‍ന്ന് 3.4 ലക്ഷം കോടി രൂപയായി. മൊത്തം ജീവനക്കാരുടെ എണ്ണം 3.9 ലക്ഷമായി ഉയര്‍ന്നു.
◾ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം 'ജവാനി'ലെ പുതിയ ഗാനമെത്തി. 'രാമയ്യ വസ്തവയ്യ' എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഷാരൂഖ് നിറഞ്ഞാടുന്ന ഗാനത്തില്‍ നയന്‍താരയും പ്രത്യക്ഷപ്പെടുന്നുണ്ട്. അനിരുദ്ധിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍, വിശാല്‍ ദദ്‌ലാനി, ശില്‍പ റാവു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍- ബോളിവുഡ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാന്‍ സെപ്റ്റംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. ആറ്റ്ലിയാണ് ജവാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്ലിയുടെയും നയന്‍താരയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിയവരും ഷാരൂഖിനും നയന്‍താരക്കും ഒപ്പം ചിത്രത്തിലുണ്ട്. തെന്നിന്ത്യയുടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ജവാനിലെ വില്ലന്‍. ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും മകനുമാണ് ഈ കഥാപാത്രങ്ങള്‍. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസിനെത്തും.
◾ചരിത്ര പുരുഷനാകാന്‍ പൃഥ്വിരാജ് തയ്യാറെടുക്കുന്ന സിനിമയാണ് 'കാളിയന്‍'. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയനാ'യാണ് താരം ചിത്രത്തില്‍ എത്തുക. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ് മഹേഷ് ആണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ എല്ലാം കഴിഞ്ഞ് ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ്. എമ്പുരാന് മുന്‍പ് ഒരു ഷെഡ്യൂള്‍ തുടങ്ങി, അതിനൊപ്പം തന്നെ കാളിയന്റെയും ഷൂട്ടിംഗ് നടത്താമെന്നുള്ളതിന്റെ പ്ലാനിംഗ് നടന്നു കൊണ്ടിരിക്കയായിരുന്നു. ആ സമയത്ത് ആയിരുന്നു പഥ്വിരാജിന് ഇങ്ങനെ ഒരു അപകടം വന്നതും കുറച്ച് കാലം മാറി നില്‍ക്കേണ്ട അവസ്ഥ വന്നതും. വലിയൊരു പ്രോജക്ട് ആണത്. കപ്ലീറ്റ് ആക്ഷന്‍ പാക്ഡ് ആയിട്ടുള്ള സിനിമയാണ്. പഥ്വിരാജിന്റെ ഫിസിക്കല്‍ സ്ട്രക്ചര്‍ വളരെ പ്രധാനമാണ്. ശരിയായ സമയത്ത് സിനിമ നടക്കും എന്നാണ് നിര്‍മാതാവ് രാജീവ് ഗോവിന്ദന്‍ പറയുന്നത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. തെക്കന്‍ കഥാഗാനങ്ങളെ അധിഷ്ഠിതമാക്കി ഇതുവരെ സിനിമകളൊന്നും ഉണ്ടായിട്ടില്ല. തെക്കന്‍ പാട്ടുകളില്‍ ഒരുപാട് ധീരനായകന്മാരുണ്ട്. അതിനെ അധികരിച്ചുള്ളൊരു സിനിമയാണ് കാളിയന്‍.
◾ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒബിഡി2 കംപ്ലയിന്റ് 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി. 2023 ഹോണ്ട ഹോര്‍നെറ്റ് 1.39 ലക്ഷം രൂപ ഡല്‍ഹി എക്സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. പുതുക്കിയ ബൈക്ക് പുതിയ ഫീച്ചറുകള്‍ക്കൊപ്പം ചില ഡിസൈന്‍ മാറ്റങ്ങളോടെയും ഒരു ബിഎസ്4 ഫേസ് 2 & ഒബിഡി2 കംപ്ലയിന്റ് എഞ്ചിനുമായും വരുന്നു. മോട്ടോര്‍സൈക്കിളിന് 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (3വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് + 7-വര്‍ഷ ഓപ്ഷണല്‍) ഹോണ്ട വാഗ്ദാനം ചെയ്യുന്നു. 184.4സിസി, 4-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍ ബിഎസ്4 ഫേസ് 2 & ഒബിഡി2 കംപ്ലയിന്റ് പിജിഎം-എഫ്1 എഞ്ചിനാണ് 2023 ഹോണ്ട ഹോര്‍നെറ്റ് 2.0 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 17.03 ബിഎച്പി കരുത്തും 15.9 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഒബിഡി2 ഹോര്‍നെറ്റ് 2.0 ഒന്നിലധികം സെന്‍സറുകളും മോണിറ്റര്‍ ഘടകങ്ങളും ഉപയോഗിക്കുന്നു. അത് എമിഷന്‍ പ്രകടനത്തില്‍ എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍, അത് വാഹനത്തിന്റെ ഇന്‍സ്ട്രുമെന്റ് പാനലില്‍ ഒരു മുന്നറിയിപ്പ് ലൈറ്റ് പ്രകാശിപ്പിക്കുന്നു. പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്ക് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
◾എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍, കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ എഴുതിയ നൂറു കുറിപ്പുകള്‍. മലയാളസാഹിത്യം, ലോകസാഹിത്യം, കല, നാടോടിവിജ്ഞാനം, ദൃഷ്ടാന്തകഥകള്‍, തത്ത്വചിന്ത, ചരിത്രം, പരിസ്ഥിതി തുടങ്ങി പല പല മേഖലകളിലെ അറിവുകള്‍ ഇഴചേര്‍ന്ന് എഴുത്തിന്റെ കനല്‍ത്തരിയെ ആളിക്കത്തിക്കുവാനുള്ള ഊര്‍ജ്ജമാകുന്ന എഴുത്തുപാഠങ്ങള്‍. 'എഴുത്തുകാര്‍ക്ക് ഒരു പണിപ്പുര'. കല്‍പ്പറ്റ നാരായണന്‍ മാതൃഭൂമി ബുക്സ് വില: 230 രൂപ.
◾ആരോഗ്യ സംരക്ഷണത്തിന് പാല്‍ക്കാപ്പിയെക്കാള്‍ കൂടുതല്‍ നല്ലത് കട്ടന്‍കാപ്പി തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്ലാക്ക് കോഫിയില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ബി3, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന കലോറി രഹിത പാനീയമാണിത്. അല്‍ഷിമേഴ്‌സ് രോഗം ഓര്‍മ്മകളെയും ചിന്താശേഷിയെയും നശിപ്പിക്കുന്നു. കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഡിമെന്‍ഷ്യയുടെയും അല്‍ഷിമേഴ്‌സിന്റെയും സാധ്യത 65 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അല്‍ഷിമേഴ്‌സ് ഡിസീസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. രണ്ട് കപ്പ് കുടിക്കുന്നത് കാലക്രമേണ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. കട്ടന്‍ കാപ്പി പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ഹാര്‍വാര്‍ഡ് ടിഎച്ച് നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ കട്ടന്‍ കാപ്പി കഴിക്കുന്നത് നല്ല ഫലങ്ങള്‍ നല്‍കുന്നു. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് ഉത്പാദനം മന്ദഗതിയിലാക്കാനും സഹായിക്കുന്ന ക്ലോറോജെനിക് ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. ഇത് പുതിയ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം കുറയ്ക്കുന്നു. ഡയബെറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഒരു കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു കപ്പ് കട്ടന്‍ കാപ്പി മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.