◾ഗണപതി മിത്താണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിനെതിരേ തെരുവിലിറങ്ങി എന്‍എസ്എസും ഹിന്ദു ഐക്യവേദിയും. ഷംസീര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണദിനം ആചരിച്ചു. തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്തുനിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്.
◾സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനക്കെതിരേ ഹിന്ദു ഐക്യവേദി ഈ മാസം ഒമ്പതിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്രരക്ഷാ മാര്‍ച്ച് നടത്തും. 'രാഷ്ട്രീയക്കാര്‍ ക്ഷേത്രം വിടുക, വിശ്വാസിക്ക് തുറന്ന് കൊടുക്കുക' എന്ന മുദ്രാവാക്യവുമായാണ് മാര്‍ച്ച് നടത്തുകയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയും അറിയിച്ചു.
◾ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കിയുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാനായില്ലെങ്കില്‍ നിശ്ചിത ഫീസ് അടച്ച് ജില്ല രജിസ്ട്രാറില്‍ പിന്നീടു ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം തുടങ്ങിയവയ്ക്ക് പ്രധാന രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കും.
◾ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ടു ദിവസംകൊണ്ടു സംസ്ഥാനത്തെ 1917 ഭക്ഷണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിച്ചു. ലൈസന്‍സും രജിസ്ട്രേഷനും ഉണ്ടോയെന്നു പരിശോധിക്കാന്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിലാണ് ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരേ നടപടി. രണ്ടാം ദിവസമായ ഇന്നലെ 4725 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
◾കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് പ്രഖ്യാപിച്ചു. പരാതിയുണ്ടെങ്കില്‍ ഇന്ന് ഉച്ചയ്ക്കു 12 നു മുമ്പ് പരീക്ഷാ കമ്മീഷണറുടെ ഇ മെയിലില്‍ അറിയിക്കണം.
◾താനൂര്‍ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയരായ എട്ടു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കൂ.
◾കാപ്പ കേസ് പ്രതിയെ ഒളിപ്പിച്ചെന്ന് ആരോപിച്ച് പോലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ തൃശൂരില്‍ ആറ് പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഒല്ലൂര്‍, നെടുപുഴ സ്റ്റേഷനിലെ ആറ് പൊലീസുകാര്‍ക്കെതിരെ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. മര്‍ദ്ദനമേറ്റ പുത്തൂര്‍ സ്വദേശി അരുണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾കൈക്കൂലി വാങ്ങിയതിന് കര്‍ണാടകത്തില്‍നിന്നുള്ള നാലു പോലീസുകാര്‍ കൊച്ചിയില്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളുടെ പരാതിയിലാണ് കളമശേരി പൊലീസ് ഇവരെ പിടികൂടിയത്.
◾നിയമസഭാ സമ്മേളനം ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. 12 ദിവസമാണു സഭ ചേരുന്നത്.
◾പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും. മുന്‍ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നല്‍കി. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നുമുള്ള നിര്‍ദ്ദേശത്തോടെയാണ് ജാമ്യം. അതേസമയം ഐജി ലക്ഷമണ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും വീണ്ടും നോട്ടീസ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
◾കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദിച്ച സംഭവത്തിലെ കോടതിയലക്ഷ്യ കേസില്‍ സിഐടിയു നേതാവ് അജയന്‍ ഹൈക്കോടതിയില്‍ ഹാജരായി. ക്രിമിനല്‍ കേസുള്ളതിനാല്‍ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന് അജയന്‍ ആവശ്യപ്പെട്ടു. കോടതിയുടെ സംരക്ഷണ ഉത്തരവുണ്ടായിട്ടും കൈയേറ്റം ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. കോടതിയലക്ഷ്യ കേസിലെ തെളിവെടുപ്പ് ഈ മാസം 21 ലേക്കു മാറ്റി.
◾ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ആരോഗ്യ സര്‍വകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നല്‍കിയതു വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കു വഴിയൊരുക്കി. തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വന്ദനയുടെ മാതാപിതാക്കള്‍ക്കു ബിരുദ സര്‍ട്ടിഫിക്കറ്റ് കൈമാറി. കരഞ്ഞുപോയ അമ്മയെയും അച്ഛനേയും ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു.
◾ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. തെറ്റു തിരുത്താതെ സിപിഎം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്നും സുധാകരന്‍.
◾ഷംസീറിന്റെ നിലപാട് ധാര്‍ഷ്ട്യമാണെന്നും സ്വന്തം സമുദായത്തിന്റെ കാര്യത്തില്‍ ഇതേ സമീപനം സ്വീകരിക്കുമോയെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. തെറ്റു തിരുത്താതെ മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
◾മതവിശ്വാസികളെ വേദനിപ്പിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. ഒരു വിശ്വാസിയേയും വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല. ശാസ്ത്രബോധം വളര്‍ത്തണമെന്നു പറയുന്നത് ഭരണഘടനപരമാണ്. ഷംസീര്‍ ന്യായീകരിച്ചു.
◾വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേരളത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോ സ്റ്റോറുകളില്‍ പതിമൂന്നിനം നിത്യോപയോഗ വസ്തുക്കള്‍ക്ക് എട്ടാം വര്‍ഷവും സാധനങ്ങള്‍ക്കു വില കൂടിയിട്ടില്ല. ഈയിനത്തില്‍ സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നുണ്ട്. 93 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 55 ലക്ഷം പേര്‍ സപ്ലൈകോ സ്റ്റോറുകളില്‍നിന്നു സാധനം വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾അതിഥിതൊഴിലാളികള്‍ പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിര്‍മ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴില്‍ വകുപ്പ് പരിശോധന നടത്തി. 142 കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
◾നഴ്സുമാരെ മര്‍ദ്ദിച്ച തൃശൂരിലെ നൈല്‍ ആശുപത്രി ഉടമ ഡോക്ടര്‍ അലോകിനെ ഒരാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് പത്തു മുതല്‍ തൃശൂര്‍ ജില്ലയില്‍ പണിമുടക്കുമെന്നു നഴ്സുമാരുടെ സംഘടനയായ യുഎന്‍എ. ജില്ലാ കളക്ടറുമായി യുഎന്‍എ ഭാരവാഹികള്‍ ചര്‍ച്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് നേരിട്ട് അന്വേഷിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
◾കണ്ണൂര്‍ എടക്കാട് യുവാവിനെ തലക്കടിച്ചു കൊന്നു കുറ്റിക്കാട്ടില്‍ തള്ളിയ കേസില്‍ പ്രതി പിടിയില്‍. കുറ്റിക്കകത്തെ സുമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാറപ്പളളിയിലെ അസീബ് പിടിയിലായത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പണമിടപാടു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
◾പലരില്‍നിന്നായി ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു ക്ഷേത്ര പൂജാരിമാര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ പാട്ടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായിരുന്ന അരുണ്‍കുമാര്‍ (25), ആദ്യ സൂര്യ നാരായണവര്‍മ എന്ന സുമേഷ് (34) എന്നിവരെയാണ് മൈസൂരുവില്‍നിന്ന് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
◾താമരശേരി തച്ചംപൊയിലില്‍ റോഡരികില്‍ നില്‍ക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പുതിയാറമ്പത്ത് മുജീബ് റഹ്‌മാന് നഷ്ടപരിഹാരം നല്‍കാനാണ് കോഴിക്കോട് എംഎസിടി കോടതി വിധിച്ചത്.
◾വ്യാജ ലഹരി കേസില്‍ അന്യായ തടങ്കലില്‍ 72 ദിവസം കിടന്ന ഷീല സണ്ണിയുടെ ആറു മാസമായി പൂട്ടിക്കിടന്ന ബ്യൂട്ടി പാര്‍ലറിനു പകരം പുതിയൊരെണ്ണം തുറന്നു. ഷീ സ്റ്റൈല്‍ എന്ന പഴയ പേര് തന്നെയാണ് പുതിയ കടയ്ക്കും ഷീല നല്‍കിയത്. ലഹരി കേസില്‍ അറസ്റ്റിലായതോടെ കടമുറി ഒഴിയാന്‍ അവശ്യപ്പെട്ട ഉടമ തന്നെയാണ് കുടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു മുറി ബ്യുട്ടി പാര്‍ലറിനായി നല്‍കിയത്.
◾കണ്ണൂര്‍ തെക്കി ബസാര്‍ മൊട്ടമ്മലില്‍ 24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ടു പേരെ എക്സൈസ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഷിന്റോ ബാബു, തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി എന്നിവരാണ് പിടിയിലായത്.
◾ഡിജിറ്റല്‍ വ്യക്തി വിവര സുരക്ഷാ ബില്‍ ഇന്നു ലോക്സഭയില്‍. സാമൂഹ്യ മാധ്യമങ്ങള്‍ മുതല്‍ ബാങ്കുകള്‍വരെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ എന്തിന് ഉപയോഗിക്കുന്നുവെന്ന് ആ വ്യക്തിയെ അറിയിക്കണമെന്നാണു നിയമം അനുശാസിക്കുന്നത്. വിവരം മറ്റുള്ളവര്‍ക്കു നല്‍കിയെന്നു കണ്ടെത്തിയാല്‍ ഭീമമായ തുക പിഴ ചുമത്തുന്ന നിയമമാണു പാസാക്കുന്നത്.
◾വിശ്വഹിന്ദു പരിഷത്ത് റാലിക്കിടെയുണ്ടായ അക്രമങ്ങളെത്തുടര്‍ന്ന് ഹരിയാനയിലെ നൂഹിലും സമീപ ജില്ലകളിലും സംഘര്‍ഷാവസ്ഥ. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അക്രമിസംഘങ്ങള്‍ ഒരു സമുദായത്തിന്റെ വ്യാപാരശാലകളും സ്ഥാപനങ്ങളും കത്തിച്ചു. പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ആസൂത്രിത പദ്ധതിയിട്ടെന്നും പോലീസ് റിപ്പോര്‍ട്ടുണ്ട്. അക്രമങ്ങളില്‍ മരണം ആറായി. 118 പേരെ ഇതുവരെ അറസ്റ്റു ചെയ്തു.
◾രണ്ടു വര്‍ഷം തടവുശിക്ഷയും ലോക്സഭാംഗത്വം റദ്ദാക്കപ്പെടുകയും ചെയ്യാനിടയാക്കിയ അപകീര്‍ത്തി കേസില്‍ കുറ്റം ചെയ്യാത്തതിനാല്‍ മാപ്പു പറയില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പരാതിക്കാരന്‍ നിയമത്തെ ദുരുപയോഗിച്ചെന്ന് ആരോപിച്ചും കീഴ്കോടതി വിധിയിലെ വ്യാഖ്യാനത്തില്‍ പിഴവുണ്ടെന്നു വാദിച്ചുമാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശനം നടത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് സെപ്റ്റംബര്‍ 26 വരെ രാഹുല്‍ഗാന്ധിക്ക് കോടതി ഇടക്കാല അവധി നല്‍കി. 2018 ല്‍ മോദിക്കെതിരേ പരാമര്‍ശം നടത്തിയതിനെതിരേയാണു കേസ്.
◾പ്രളയക്കെടുതിമൂലം റോഡുകള്‍ തകര്‍ന്ന ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവും നിതിന്‍ ഗഡ്കരിയും കഴിഞ്ഞദിവസം കുളു ജില്ലയെ തകര്‍ത്ത ദുരന്തം വിലയിരുത്തി.
◾ഡല്‍ഹിയിലെ മയൂര്‍ വിഹാറിനെ നോയിഡ- ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന ചില്ല എലിവേറ്റഡ് റോഡിന് യുപി സര്‍ക്കാര്‍ 787 കോടി രൂപ അനുവദിച്ചു. 393 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും, ബാക്കി തുക അതോറിറ്റി വഹിക്കും.
◾തെലുങ്കു നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് തെലങ്കാന ബിജെപി അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിയില്‍ നിന്നാണ് ജയസുധ അംഗത്വം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ ജയസുധ പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾പഴനി മുരുകന്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് സിപിഎം തമിഴ്നാട് ഘടകം. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ചിന്റെ ഉത്തരവ് ഞെട്ടിക്കുന്നതാണെന്നു സിപിഎം പറഞ്ഞു.
◾ഇന്റര്‍ മയാമിക്കായുള്ള മൂന്നാമത്തെ മത്സരത്തിനായ് സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് കളത്തിലിറങ്ങും. ഒര്‍ലാന്‍ഡോ സിറ്റിയാണ് എതിരാളികള്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരുന്ന മയാമി മെസി കളിച്ച രണ്ടു മത്സരത്തിലും വിജയതീരത്തെത്തി. രണ്ട് മത്സരത്തിലും കൂടി മെസി മൂന്ന് ഗോളടിച്ചു.
◾ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട മേയ് മാസത്തെ കണക്കുകളനുസരിച്ച് കേരളത്തിലെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം 4.22 കോടിയായി. 42,331 വരിക്കാരെയാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. കേരളത്തില്‍ നിലവില്‍ കൂടുതല്‍ വരിക്കാര്‍ വോഡഫോണ്‍ ഐഡിയയ്ക്കാണെങ്കിലും വിപണി വിഹിതം 33.8% ആയി കുറഞ്ഞു. ഒരുലക്ഷത്തിലധികം വരിക്കാരെയാണ് മേയ് മാസത്തില്‍ വി.ഐയ്ക്ക് നഷ്ടപ്പെട്ടത്. മൊത്തം വി.ഐ വരിക്കാരുടെ എണ്ണം 1.42 കോടിയാണ്. 1.01 കോടി വരിക്കാരുമായി റിലയന്‍സ് ജിയോയാണ് കേരളത്തില്‍ രണ്ടാം സ്ഥാനത്ത്. 9.71 ലക്ഷം വരിക്കാരുമായി ബി.എസ്.എന്‍.എല്ലും 8.04 ലക്ഷം വരിക്കാരുമായി ഭാരതി എയര്‍ടെല്ലുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. മേയില്‍ ബി.എസ്.എന്‍.എല്ലിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത് കേരളത്തിലാണെന്നും ട്രായിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെലിഫോണ്‍ സാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഡല്‍ഹിയാണ് ഒന്നാമത്. റിലയന്‍സ് ജിയോ മേയില്‍ 30.4 ലക്ഷം വരിക്കാരെ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത് 13.3 ലക്ഷം വരിക്കാരെ. ഏപ്രില്‍ മാസത്തിലും ജിയോ 30.4 ലക്ഷം ഉപയോക്താക്കളെ നേടിയിരുന്നു. എയര്‍ടെല്‍ ഏപ്രില്‍ മാസത്തിലെ ഏഴ് ലക്ഷം ഉപയോക്താക്കളില്‍ നിന്ന് ഏകദേശം ഇരട്ടിയോളം വര്‍ധന നേടി. ബി.എസ്.എന്‍.എല്ലില്‍ നിന്ന് മേയില്‍ വിട്ടുപോയത് 14.75 ലക്ഷം വരിക്കാരാണ്. വി.ഐയുടെ വരിക്കാരുടെ എണ്ണത്തില്‍ 28.9 ലക്ഷത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. റിലയന്‍സ് ജിയോയാണ് 33.18 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്ത്. എയര്‍ടെല്ലും ബി.എസ്.എന്‍ എല്ലും രണ്ടും മൂന്നും സ്ഥാനത്താണ്. മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം ഏപ്രിലിലെ 85.09 കോടിയില്‍ നിന്ന് മേയ് അവസാനത്തോടെ 85.68 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ജിയോയ്ക്ക് 44.52 കോടി വരിക്കാരും എയര്‍ടെല്ലിന് 24.66 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുമുണ്ട്. 12.35 കോടി വരിക്കാരുള്ള വോഡഫോണ്‍ ഐഡിയ, 2.5 കോടി വരിക്കാരുള്ള ബി.എസ്.എന്‍.എല്‍, 21.5 ലക്ഷം വരിക്കാരുള്ള ആട്രിയ കണ്‍വെര്‍ജന്‍സ് എന്നിവയാണ് മേയിലെ ഏറ്റവും വലിയ മറ്റു ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍.
◾മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയരായ ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം 'കൊറോണ ധവാന്‍' ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങി. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചിലാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. 'കൊറോണ ജവാന്‍' എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാന്‍' എന്ന് മാറ്റുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ സംബോധന ചെയ്ത് സംവിധായകന്‍ സി.സി. അയച്ച കത്ത് വൈറല്‍ ആയിരുന്നു. ഓഗസ്റ്റ് 4 നാണ് കൊറോണ ധവാന്‍ തിയറ്ററുകളിലെത്തുക. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾ജോഷിയും ജോജു ജോര്‍ജും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. 'ആന്റണി'യുടെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ' സ്വന്തമാക്കി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജോജു നായകനായി ജോഷിയുടെ സംവിധാനത്തിലുള്ള ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ പ്രധാന വേഷത്തില്‍ നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവരുമുണ്ടായിരുന്നു. ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത. ആന്റണിയില്‍ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദര്‍ശനും ആശാ ശരത്തും ആദ്യമായി ജോഷിക്കൊപ്പം പ്രവര്‍ത്തിക്കുന്നത്. രണദിവെയാണ് ആന്റണിയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ശ്യാം ശശിധരന്‍ ആണ്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോജു ജോര്‍ജ്ജും ജോഷിയും ഒന്നിച്ച ചിത്രം പൊറിഞ്ചു മറിയം ജോസ് മികച്ച വിജയം നേടിയിരുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് എത്തിയത്.
◾ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 2023 ജൂലൈയില്‍ 1,07,836 യൂണിറ്റുകളുടെ വില്‍പ്പന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഒരു ലക്ഷത്തിലധികം പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തുന്നത് ഇതാദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കണക്കില്‍ ആഭ്യന്തര വിപണിയില്‍ വിറ്റ 80,309 യൂണിറ്റുകളും 2023 ജൂലൈയില്‍ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്ത 27,527 യൂണിറ്റുകളും ഉള്‍പ്പെടുന്നു. 2022 ജൂലൈയെ അപേക്ഷിച്ച് ഏകദേശം 41.5 ശതമാനം വാര്‍ഷിക വില്‍പ്പന വളര്‍ച്ച കമ്പനിക്ക് ലഭിച്ചു. ആക്സസ് 125ന്റെ ഉല്‍പ്പാദനം അമ്പത് ലക്ഷം തികിഞ്ഞു എന്ന നാഴികക്കല്ലും കമ്പനി സ്വന്തമാക്കി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്ഥിതി ചെയ്യുന്ന ഖേര്‍ക്കി ധൗല പ്ലാന്റില്‍ നിന്ന് അമ്പത് ലക്ഷം തികിഞ്ഞ ആക്‌സസ് 125 സുസുക്കി പുറത്തിറക്കി. 125 സിസി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്നതിനാല്‍ സുസുക്കിക്ക് ആക്‌സസ് 125 ഒരു പ്രധാന ഉല്‍പ്പന്നമാണ്.
◾പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാഹിത്യത്തിലെ മഹാരഥന്‍മാര്‍ക്ക് പിന്നാലെ വന്ന ഇവാന്‍ ബൂനിന്റെ 'മിത്യയുടെ പ്രേമം' എന്ന രചന ടോള്‍സ്റ്റോയിയുടെയും തൂര്‍ഗ്യനേവിന്റെയും ചെകോവിന്റെയും നോവലുകള്‍ക്കൊപ്പം വെക്കാവുന്ന ഒരു മാസ്റ്റര്‍പീസ് തന്നെയാണെന്ന് നിസ്സംശയം പറയാം. 'മോസ്‌കോയില്‍ മിത്യയുടെ സന്തോഷത്തിന്റെ അവസാനദിവസം മാര്‍ച്ച് ഒന്‍പതായിരുന്നു' എന്ന അശുഭച്ചുവയോടെ തുടങ്ങുന്ന ഈ കൃതി മിത്യ എന്ന വിദ്യാര്‍ഥിയുടെയും കാത്യ എന്ന യുവനടിയുടെയും പ്രേമത്തിന്റെ കഥയാണ്. മോല്‍ചനോവ്കയിലുള്ള മിത്യയുടെ ഹോസ്റ്റല്‍ മുറിയില്‍ കാത്യ സന്ദര്‍ശിക്കാറുണ്ട്. ലഹരി പിടിക്കുന്ന ചുംബനങ്ങളിലാണ് അവര്‍ ആ സമയങ്ങള്‍ ചെലവിടാറുള്ളത്. എന്നാല്‍ അപ്പോഴെല്ലാം ഭയാനകമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന്, മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നുണ്ടെന്ന്, അത് കാത്യയെ മാറ്റിത്തുടങ്ങിയിരിക്കുന്നുവെന്ന് ചിന്തിക്കാതിരിക്കാനും മിത്യയ്ക്ക് കഴിഞ്ഞില്ല. മിത്യയുടെ ഭ്രാന്തുപിടിച്ച സംശയങ്ങളും അസൂയയും അവര്‍ക്കിടയിലെമുള്ളായി. 'മിത്യയുടെ പ്രേമം'. പരിഭാഷ: രശ്മി കിട്ടപ്പ. മാതൃഭൂമി ബുക്സ്. വില: 170 രൂപ.