*പ്രഭാത വാർത്തകൾ*2023 | ഓഗസ്റ്റ് 28 | തിങ്കൾ | 1199 | ചിങ്ങം 12 | ഉത്രാടം

◾ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു സ്വര്‍ണം. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര 88.17 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണു നീരജ് ചോപ്ര. ലോക അത്ലറ്റിക്സില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.

◾ചന്ദ്രനിലെ മണ്ണിന് ഉയര്‍ന്ന താപ പ്രതിരോധ ശേഷിയുണ്ടെന്നു പര്യവേഷണ റിപ്പോര്‍ട്ട്. സൂര്യപ്രകാശമുള്ളപ്പോള്‍ ചന്ദ്രോപരിതലത്തെ ഊഷ്മാവ് അന്‍പത് ഡിഗ്രി സെല്‍ഷ്യസാണെങ്കിലും 80 മില്ലീമീറ്റര്‍ താഴെ ഊഷ്മാവ് മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസാണ്. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചന്ദ്രയാന്‍ ലാന്‍ഡറിലെ ചാസ്തേയില്‍നിന്നുള്ള ഈ വിവരങ്ങള്‍ ഐഎസ്ആര്‍ഒയാണു പുറത്തുവിട്ടത്. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്റെ താപനില അളക്കുന്നത്.

◾ചന്ദ്രനിലെ പര്യവേഷണത്തിനു പിറകേ, സൂര്യദൗത്യവുമായി ഐഎസ്ആര്‍ഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എല്‍ 1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ സജ്ജമാകുകയാണ്. സോളാര്‍ കൊറോണയെക്കുറിച്ചു പഠിക്കാനാണ് ആദിത്യ-എല്‍ 1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതകങ്ങളെക്കുറിച്ചും വിശദമായി പഠിക്കും.

◾ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്നു പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. പേരിടാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ട്. ചന്ദ്രയാനില്‍നിന്നുള്ള ഒരു ചിത്രം ഡൗണ്‍ലോഡ് ചെയ്തെടുക്കന്‍ നാലു മണിക്കൂര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ബാലരാമപുരത്തെ പൗര്‍ണമികാവില്‍ കുടുംബസമേതം ദര്‍ശനം നടത്തിയ സോമനാഥ്, ക്ഷേത്രദര്‍ശനം വ്യക്തിപരമാണെന്നും ചന്ദ്രയാന്‍ മിഷനുമായി ബന്ധമില്ലെന്നും പറഞ്ഞു.

◾ഇന്ന് ഉത്രാടം. നാളെ തിരുവോണത്തിനായി അവസാനവട്ട ഒരുക്കങ്ങളുമായി ഉത്രാടപ്പാച്ചില്‍. ഇന്നലെ ഞായറാഴ്ചയായിരുന്നെങ്കിലും ഒട്ടുമിക്ക വ്യാപാരശാലകളും പ്രവര്‍ത്തിച്ചിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ക്കും തുടക്കമായി. പലയിടങ്ങളിലും കുമ്മാട്ടിക്കളികളും തിരുവാതിരക്കളിയും പൂക്കള മല്‍സരങ്ങളുമെല്ലാം ഒരുക്കിയാണ് ഒരുമയുടെ ഓണാഘോഷം.

◾ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാര്‍ നെയിം ബാഡ്ജ് ധരിക്കാത്തതിനെതിരേ ഹൈക്കോടതി വിമര്‍ശനം. നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നെയിം ബാഡ്ജ് ധരിച്ചിരുന്നില്ല. ഇത്തരം ചട്ടലംഘനങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിയോടു ഹൈക്കോടതി ആവശ്യപ്പെട്ടു. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്.

◾കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായിലേക്കുള്ള വിമാനം ആറു മണിക്കൂര്‍ വൈകി. രാവിലെ 8.30 ന് പുറപ്പെടേണ്ട കരിപ്പൂര്‍ - ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് യന്ത്രത്തകരാര്‍ മൂലമാണ് വൈകിയത്. 180 യാത്രക്കാരെ 11 മണിയോടെ തിരിച്ചിറക്കി. രണ്ടരയോടെയാണ് വിമാനം പുറപ്പെട്ടത്.  

◾മലപ്പുറം പെരുമ്പടപ്പില്‍ സുഹൃത്തിന്റെ എയര്‍ ഗണ്ണില്‍നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി എന്ന 42 കാരനാണു മരിച്ചത്. അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സുഹൃത്ത് പട്ടേരി സ്വദേശി സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

◾നിലമ്പൂരില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് സഹോദരങ്ങളുടെ മക്കളായ രണ്ടു കുട്ടികള്‍ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മല്‍ സിദ്ധിഖിന്റെ മകന്‍ റയ്യാന്‍ (11) ഹമീദിന്റെ മകന്‍ അഫ്താബ് റഹ്‌മാന്‍ (14)എന്നിവരാണ് മരിച്ചത്.

◾താനൂര്‍ കസ്റ്റഡി മരണത്തില്‍ കേസ് അട്ടിമറിക്കാന്‍ ഫോറന്‍സിക് വിദഗ്ധരില്‍നിന്നു നീക്കങ്ങളുണ്ടായെന്ന് ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍. പൊലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും അദ്ദേഹം പറഞ്ഞു.

◾നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നു രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് ഒരു കോടി നാല്‍പ്പത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി പിടികൂടിയത്.

◾ഓണമായിട്ടും വാര്‍ഡില്‍ കുടിവെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് ജലസംഭരണിക്കു മുകളില്‍ കയറി ബിജെപി അംഗമായ വാര്‍ഡ് മെംബറുടെ ആത്മഹത്യാഭീഷണി. തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ഭജനമഠത്തിലെ മെംബറായ അഭിലാഷാണ് നിലയ്ക്കാമുക്ക് പള്ളിമുക്കിലെ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. രാത്രി 10 നു മുമ്പ് ഈ പ്രദേശത്ത് ജലം എത്തിക്കാമെന്ന് ഉറപ്പു ലഭിച്ചശേഷമാണ് അഭിലാഷ് താഴെ ഇറങ്ങിയത്.

◾കൊച്ചി നഗരത്തില്‍ റോഡ് മുറിച്ചുകടന്നതിനു പതിനഞ്ചുകാരനെ മര്‍ദ്ദിച്ച കാര്‍ യാത്രക്കാരന്‍ അറസ്റ്റില്‍. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്. റോഡ് മുറിച്ചു കടക്കാന്‍ കാര്‍ നിര്‍ത്തേണ്ടി വന്ന വൈരാഗ്യത്തോടെ കാറില്‍നിന്നു പുറത്തിറങ്ങിവന്ന് കൂട്ടിയുടെ ചെകിട്ടത്ത് അടിച്ചെന്നാണു കേസ്.

◾തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതി വീട്ടില്‍ തൂങ്ങി മരിച്ചു. വിതുര മരുതാമല സ്വദേശിയായ ബെന്‍സി ഷാജി (26) യാണ് മരിച്ചത്. ബെന്‍സി ഫിസിയോ തെറാപ്പിസ്റ്റും ഭര്‍ത്താവ് ജോബിന്‍ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനുമാണ്.

◾ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠിയെക്കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

◾ബംഗളൂരുവില്‍ മലയാളി യുവതിയെ ലിവ് ഇന്‍ പാര്‍ട്ണര്‍ കുക്കര്‍ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബേഗൂരിനടുത്ത ന്യൂ മികോ ലേ ഔട്ടില്‍ മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റു ചെയ്തു. യുവതിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിച്ചാണ് കൊലപാതകമുണ്ടായത്.

◾മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച യുപിയിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിച്ചു. വിദ്യാര്‍ത്ഥികളെ സമീപത്തെ സ്‌കൂളുകളിലേക്കു മാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

◾തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനവിലക്ക്. മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു പിറകേ, അഹിന്ദുക്കള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്ന ബാനര്‍ പുനഃസ്ഥപിച്ചു. കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. അതേസമയം ബാനര്‍ ഒഴിവാക്കണമെന്നു സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

◾ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി മലയാളിയെ നിയമിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകന്‍ കെ. പരമേശ്വറിനെയാണ് നിയമിച്ചത്. എറണാകുളം സ്വദേശിയാണ് പരമേശ്വര്‍.

◾'ഇന്ത്യ' സഖ്യത്തിലേക്ക് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. ഏതെല്ലാം പാര്‍ട്ടികളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 'ഇന്ത്യ'യുടെ അടുത്ത യോഗത്തില്‍ സീറ്റ് വിഭജനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

◾ഡല്‍ഹിയില്‍ അഞ്ചു മെട്രോ സ്റ്റേഷനുകളില്‍ ഖാലിസ്ഥാന്‍ അനൂകൂല ചുവരെഴുത്ത്. ജി 20 ഉച്ചകോടിക്കെതിരെയും മുദ്രവാക്യമുണ്ട്. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖാലിസ്ഥാന്‍ സംഘടന പുറത്തു വിട്ടു. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സംഘം അന്വേഷണം ആരംഭിച്ചു.

◾ദരിദ്രരെ ഇടത്തരം സാമ്പത്തിക അവസ്ഥയിലേക്കു വളര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് ഉതകുന്ന സാമ്പത്തിക നയങ്ങളാണ് ഇനി നടപ്പാക്കുക. ആഗോള ബിസിനസ് സമൂഹത്തിനായുള്ള ജി 20 ചര്‍ച്ചാവേദിയായ ബി 20 യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾ബംഗാളിലെ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടു പേര്‍ മരിച്ചു. ദുട്ടപുകൂരില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയാണു സ്ഫോടനത്തില്‍ തകര്‍ന്നത്. നിരവധി പേര്‍ക്കു പരിക്കേറ്റു.

◾മിച്ചംവന്ന വീഞ്ഞ് നശിപ്പിക്കാന്‍ ഫ്രാന്‍സ് 20 കോടി യൂറോ ചെലവാക്കുന്നു. കോവിഡ് കാലത്ത് വൈന്‍ ഉല്‍പാദനം വര്‍ധിക്കുകയും ഡിമാന്‍ഡ് കുറയുകയും ചെയ്തിരുന്നു. ജനങ്ങള്‍ വൈന്‍ കുടിക്കാതെ കൂടുതല്‍ ബീയര്‍ കുടിക്കാന്‍ തുടങ്ങിയതാണ് ഇത്രയേറെ വൈന്‍ കെട്ടിക്കിടക്കാന്‍ കാരണം. വൈന്‍ ഉല്‍പാദകര്‍ക്കു സബ്സിഡിയായാണ് ഇത്രയും തുക നല്‍കുന്നത്.

◾ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. രണ്ട് മിനിറ്റ് 59.92 സെക്കന്റിലാണ് ഇന്ത്യ ഓട്ടം പൂര്‍ത്തിയാക്കിയത്. നേരത്തെ ഇന്ത്യന്‍ റിലേ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ രണ്ട് മിനിറ്റ് 59.05 സെക്കന്റില്‍ ഇന്ത്യന്‍ ടീം ഹീറ്റില്‍ ഫിനിഷ് ചെയ്തിരുന്നു.

◾കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 105% ശതമാനം നേട്ടവുമായി നിക്ഷേപകരുടെ ആസ്തി ഇരട്ടിയാക്കിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിനു കീഴിലെ ടെലികോം കമ്പനിയായ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മൊത്തം മൂല്യം നിലവില്‍ 51,636 കോടി രൂപയാണ്. 1,75,000 കടപത്രങ്ങള്‍ വഴി 1,750 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ നീക്കമാണ് ഈ മള്‍ട്ടി ബാഗര്‍ ഓഹരിയെ റെക്കോഡിലെത്തിച്ചത്. രേഖ ജുന്‍ജുന്‍വാല ജൂണ്‍ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഓഹരി വിഹിതം ഉയര്‍ത്തിയിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് 1.34 ലക്ഷം ഓഹരികളാണ് പുതുതായി വാങ്ങിയിരിക്കുന്നത്. ഇതോടെ രേഖയുടെ മൊത്തം നിക്ഷേപ വിഹിതം 1.84 ശതമാനമായി. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഭൂരിഭാഗം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈയിലാണ്. 41.4 ശതമാനമാണ് പൊതുഓഹരി ഉടമകള്‍ക്കുള്ളത്. ഇതില്‍ തന്നെ 9.95 ശതമാനം ഓഹരികള്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്കും 16.63 ശതമാനം വിദേശ നിക്ഷേപകര്‍ക്കുമുണ്ട്. ജൂണ്‍ 2023ല്‍ അവസാനിച്ച ആദ്യ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലാഭം 29.8% ഇടിഞ്ഞ് 381.7 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനകാലയളവില്‍ ഇത് 544.8 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ വരുമാനം 17.1 ശതമാനം വളര്‍ച്ചയോടെ 3,912 കോടി രൂപയായി.

◾ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎന്‍എ' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി, പീരുമേട്, മുരുഡേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലായി നൂറ്റിമുപ്പതോളം ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രം ആയിരിക്കുമിതെന്ന് അണിയറക്കാര്‍ പറയുന്നു. അര ഡസനോളം മികച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. വളരെ ക്രൂരമായ രീതിയില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്ന ഈ ചിത്രം ഏറെ ദുരൂഹതകളിലേക്കും കടന്നു ചെല്ലുന്നു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റേച്ചല്‍ പുന്നൂസ് എന്ന അന്വേഷണ ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നത് ലഷ്മി റായ് ആണ്. യുവ നടന്‍ അഷ്‌ക്കര്‍ സൌദാന്‍ ആണ് ഈ ചിത്രത്തിലെ നായകന്‍. ഇനിയ, ഹന്ന റെജി കോശി, ബാബു ആന്റണി, ഇര്‍ഷാദ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സ്വാസിക, ഇടവേള ബാബു, റിയാസ് ഖാന്‍, ഗൗരി നന്ദ, രവീന്ദ്രന്‍ സെന്തില്‍, പൊന്‍വണ്ണന്‍, കുഞ്ചന്‍, കൃഷ്ണ, ഡ്രാക്കുള സുധീര്‍, അമീര്‍ നിയാസ്, കിരണ്‍ രാജ്, രാജ സാഹിബ് എന്നിവരും പ്രധാന താരങ്ങളാണ്.

◾നടന്‍ ഫഹദിന്റെ വേറിട്ട കഥാപാത്രമുള്ള ചിത്രമായിരുന്നു 'ഒരു ഇന്ത്യന്‍ പ്രണയ കഥ'. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം നര്‍മത്തിനും പ്രധാന്യമുള്ളതായിരുന്നു. ഫഹദ് അതുവരെ ചെയ്തുപോന്ന അര്‍ബന്‍ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു 'ഒരു ഇന്ത്യന്‍ പ്രണയ കഥ'യിലെ 'അയ്മനം സിദ്ധാര്‍ഥന്‍'. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ ഫഹദ് നായകനാകുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശനെ'ന്ന സിനിമയിലും ഫഹദായിരുന്നു നായകന്‍. സത്യന്‍ അന്തിക്കാടും ഫഹദും പുതിയൊരു ചിത്രത്തിന്റെ ആലോചനയിലാണ് എന്നാണ് റിപ്പോര്‍ട്ട്. എന്താണ് പ്രമേയമെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തായിട്ടില്ല. സൂപ്പര്‍ ഗുഡ് ഫിലിംസ് ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നുമാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായി ഒടുവിലെത്തിയ മലയാള ചിത്രം 'ധൂമം' ആണ്. പവന്‍ കുമാറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. അപര്‍ണ ബാലമുരളി ചിത്രത്തില്‍ നായികയായി. 'അവിനാശ്' എന്ന കഥാപാത്രമായിരുന്നു ഫഹദിന്.

◾ഹീറോ ഡെസ്റ്റിനി പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചു. 71,499 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വിലയ. 125 സിസി സ്‌കൂട്ടറിന്റെ താങ്ങാനാവുന്ന പതിപ്പാണിത്. ഡെസ്റ്റിനിയുടെ പഴയ പതിപ്പിന് സമാനമായ രീതിയില്‍ സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പേള്‍ സില്‍വര്‍ വൈറ്റ്, നെക്സസ് ബ്ലൂ, നോബല്‍ റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്. സൈക്കിള്‍ ഭാഗങ്ങളുടെ കാര്യത്തില്‍, സ്‌കൂട്ടറിനെ മുന്‍വശത്തെ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നിലെ മോണോഷോക്ക് സജ്ജീകരണവും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സ്‌കൂട്ടറിന്റെ രണ്ടറ്റത്തും ഡ്രം ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. പവര്‍ട്രെയിനിലേക്ക് വരുമ്പോള്‍, 9 ബിഎച്പിയും 10.36 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കുന്ന 124.6 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഡെസ്റ്റിനി പ്രൈമിന് ശരാശരി 56കിമി ആണ് ഹീറോ അവകാശപ്പെടുന്നത്. അഞ്ച് ലിറ്ററാണ് സ്‌കൂട്ടറിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി.

◾പണ്ട് പണ്ട് ഒരിടത്ത് നാടിയാന്‍ മൂപ്പന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു. ദൈവം അവനെ ഭൂമിയില്‍ നിന്നും കൊണ്ടുവരാന്‍ മഴയെ കല്പിച്ചയച്ചു, എന്നാല്‍ മഴക്ക് അവനെ കൊണ്ടു വരാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ മഴയില്‍ അലിയുന്നവനായിരുന്നില്ല. ഉടനെ ദൈവം നിലാവിനോട് കല്‍പിച്ചു. നിലാവിനും കല്‍പന നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. കാരണം അവന്‍ നിലാവില്‍ അലിയുന്നവനായിരുന്നില്ല. രചനയിലെ നവഭാവുകത്വം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. 'നാടിയാന്‍ കലാപങ്ങള്‍'. കെ.ആര്‍ വിശ്വനാഥന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 271 രൂപ.

◾മലബന്ധം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാണെന്ന് പുതിയ പഠനം. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ വികാസത്തിന് മുമ്പ് വിവിധ കുടല്‍ പ്രശ്‌നങ്ങള്‍ അലട്ടാമെന്നും പഠനത്തില്‍ പറയുന്നു. മലബന്ധം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഐബിഎസ് പോലുള്ള ചില കുടല്‍ പ്രശ്‌നങ്ങള്‍, ന്യൂറോളജിക്കല്‍ അവസ്ഥ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണമാകാമെന്ന് ഗവേഷകര്‍ പറയുന്നു. ഗട്ട് ജേണലില്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പലരേയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം എന്നത്. ഇത് കുഞ്ഞുങ്ങള്‍ക്ക് മുതല്‍ വാര്‍ദ്ധക്യമായവര്‍ക്കു വരെ ഉണ്ടാകാം. ചിലര്‍ക്കിത് വലിയ പ്രശ്നം തന്നെയാകും. വയറിന് അസ്വസ്ഥതയും വയര്‍ ചാടുന്നതും ദഹനം ശരിയാകാത്തതു മൂലമുള്ള അസ്വസ്ഥകളുമെല്ലാം തന്നെ ഇതു കൊണ്ട് ഉണ്ടാകാം. ഇതിന് കാരണങ്ങള്‍ പലതാണ്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങള്‍, ദഹന പ്രശ്നം, ചില മരുന്നുകള്‍, സ്ട്രെസ് പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും. കാര്യമായ രോഗങ്ങള്‍ കാരണമാണ് ഈ പ്രശ്നമെങ്കില്‍ ഇതിന് ചികിത്സ തേടണം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ വീണാല്‍ പിന്നെ തിരിച്ചുകയറാനാകാത്ത ഗര്‍ത്തം ഏത്? രാജാവിന്റെ ചോദ്യം മന്ത്രിയോടായിരുന്നു. ഉത്തരം കണ്ടപിടിക്കാന്‍ മന്ത്രിക്ക് ഒരാഴ്ച സമയവും നല്‍കി. ഉത്തരം കിട്ടിയില്ലെങ്കില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നും രാജാവ് താക്കീത് നല്‍കി. മന്ത്രി ധാരാളം പണ്ഡിതന്മാരെ കണ്ടു. പക്ഷേ അവര്‍ക്കൊന്നും ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായില്ല. ഉത്തരമന്വേഷിച്ച് മന്ത്രി അടുത്തുളള കാട്ടിലുമെത്തി. അവിടെ വെച്ച് ഒരു ആട്ടിടയനെ കണ്ടു. അയാള്‍ മന്ത്രിയോട് പറഞ്ഞു: എന്റെ കയ്യില്‍ ഒരു മാന്ത്രികകല്ലുണ്ട്. അത് വെച്ച് ധാരാളം ധനം സമ്പാദിക്കാന്‍ സാധിക്കും. ഈ മന്ത്രിയുടെ ജോലി നഷ്ടപ്പെട്ടാലും പേടിക്കേണ്ട. ഞാന്‍ ആ കല്ല് താങ്കള്‍ക്ക് തരാം. മന്ത്രിക്ക് സന്തോഷമായി. അയാള്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു: ആ കല്ല് താങ്കള്‍ക്ക് തരണമെങ്കില്‍ ഞാന്‍ പറയുന്നതെല്ലാം താങ്കള്‍ അനുസരിക്കണം. മന്ത്രി സമ്മതിച്ചു. ഇടയന്‍ പറഞ്ഞു: താങ്കള്‍ എന്റെ ശിഷ്യനാകണം. മന്ത്രി സമ്മതം മൂളി. അപ്പോള്‍ മറ്റൊരു നിബന്ധന അയാള്‍ വെച്ചു. താന്‍ തരുന്ന പച്ചപ്പാല്‍ കുടിക്കണം. ഇതുവരെ പച്ചപ്പാല്‍ കുടിച്ച് ശീലമില്ലെങ്കിലും മാന്ത്രികകല്ല് കിട്ടുമെന്നോര്‍ത്തപ്പോള്‍ അതിനും വഴങ്ങി. അതു കഴിഞ്ഞപ്പോള്‍ അടുത്ത വ്യവസ്ഥവന്നു. തന്റെ നായ്ക്കുട്ടിക്ക് പാല്‍കൊടുക്കുന്നപാത്രത്തില്‍ ഒഴിച്ചുതരുന്ന പാലും കുടിക്കണം. നിവൃത്തികേട്‌കൊണ്ട് മന്ത്രി അതും സമ്മതിച്ചു. അപ്പോള്‍ ഇടയന്‍ പറഞ്ഞു: ഇപ്പോള്‍ രാജാവിന്റെ ചോദ്യത്തിനുള്ള ഉത്തരമായി. ദുരാഗ്രഹത്തിന്റെ കുഴിയില്‍ വീണാലാണ് മനുഷ്യന് ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്തത് മന്ത്രിയുടെ കണ്ണില്‍ സന്തോഷവും അത്ഭുതവും നിറഞ്ഞു. ഉത്തരവുമായി അയാള്‍ രാജാവിനടുത്തേക്ക് യാത്രയായി. അഭിനിവേശമാണ് അഭിവൃദ്ധിയുടേയും അധഃപതനത്തിന്റെയും അടിത്തറ. ആസ്‌ക്തി പലതിനോടുമാകാം. ആളുകളോട്, തൊഴിലിടങ്ങളോട്, സ്വത്തിനോട്, നേട്ടങ്ങളോട്, എന്തിനെയും പ്രണയിക്കുന്നതിലും പരിപാലിക്കുന്നതിലും തെറ്റില്ല. പക്ഷേ, അവ സ്വന്തം സ്വാതന്ത്ര്യത്തേയും ചലനത്തേയും നിഷേധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. അഭിനിവേശം നല്ലതാണ്.. അവ നമ്മെ കുടുക്കാനാണോ.. അഭിവൃദ്ധിപ്പെടുത്താനാണോ എന്ന് തിരിച്ചറിയാന്‍ ശ്രമിക്കാം - ശുഭദിനം.
 ഉത്രാട ദിനാശംസകൾ മീഡിയ 16 ന്യൂസ്‌