പ്രഭാത വാർത്തകൾ 2023 / ആഗസ്റ്റ് 27. 1198 /ചിങ്ങം 10/ ഞായർ .

◾കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെടുത്തിയെന്നും കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

◾ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ പിന്നിലാണെന്നും നവകേരള നഗരനയം നടപ്പാക്കുന്നതിന് പ്രത്യേക കമ്മിഷന്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്സിറ്റിയും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് തുടങ്ങുന്ന 113 ഇലക്ട്രിക് ബസുകളില്‍ 60 എണ്ണത്തിന്റെ സര്‍വീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയത് നിയമപരിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ഉത്തരവാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മാസപ്പടി വിവാദത്തിലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണക്കുന്ന സിപിഎം സമീപനം കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന സമീപനമാണെന്നും മുരളീധരന്‍ പറഞ്ഞു.

◾വി.എസ്.എസ്.സി. പരീക്ഷാത്തട്ടിപ്പില്‍ മുഖ്യപ്രതിയടക്കം മൂന്നു പേര്‍ ഹരിയാനയില്‍ പിടിയില്‍. കേരളത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെ കോച്ചിങ് സെന്ററുള്‍പ്പടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

◾തലസ്ഥാനത്ത് 60 ഇലക്ട്രിക് ബസ്സുകള്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി. ചാല ഗവ. ബോയ്സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോല്‍ കൈമാറി. ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി നഗരത്തില്‍ ഹരിത വാഹനങ്ങള്‍ ഇറക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◾കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

◾തൃക്കാക്കര വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം. അറസ്റ്റില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം ജില്ലാ കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ അനാവശ്യ തിടുക്കം കാട്ടിയെന്നു പറഞ്ഞ കോടതി ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്ത് ഇന്നലെ തന്നെ ജാമ്യത്തില്‍ വിട്ടയക്കാനും നിര്‍ദ്ദേശിച്ചു.

◾താനൂര്‍ കസ്റ്റഡി മരണത്തില്‍ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്. പ്രതികളായ നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് വിവരം.

◾മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു എന്ന് ആക്ഷേപമുന്നയിച്ച സതിയമ്മയ്ക്കെതിരെ കേസ് എടുക്കാതെ വേറെ വഴിയില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. ആള്‍മാറാട്ടം ആണ് നടന്നതെന്നും യഥാര്‍ത്ഥ പ്രതി കോണ്‍ഗ്രസ് നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു.

◾തന്റെ വാര്‍ഡിലേക്ക് കുടിവെള്ളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കടയ്ക്കാവൂരില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. കടയ്ക്കാവൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മെമ്പറായ അഭിലാഷാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

◾പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് സി ചോയിക്കുട്ടി (79) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

◾ഐഎസ്ആര്‍ഒ ഇപ്പോള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണായുധമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ മോദിയുടെ നേട്ടമായി കാണിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് അവര്‍ എക്സില്‍ കുറിച്ചു.

◾ജയ് ഭീം എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം നല്‍കാത്തതിനെതിരെ നടന്‍ പ്രകാശ് രാജ്. ഗാന്ധിയെ കൊന്നവരും അംബേദ്ക്കര്‍ തത്വങ്ങള്‍ നശിപ്പിക്കാന്‍ നോക്കുന്നവരും ജയ് ഭീം എന്ന ചിത്രത്തിന് പുരസ്‌കാരം നല്‍കുമോയെന്നാണ് പ്രകാശ് രാജ് എക്സിലെ പോസ്റ്റില്‍ ചോദിക്കുന്നത്.

◾പൊതുപരിപാടിയ്ക്കിടെ വെയിലത്ത് കുഴഞ്ഞ് വീണ എസ്പിജി ഉദ്യോഗസ്ഥനെ പ്രസംഗം നിര്‍ത്തി വൈദ്യസഹായം ഉറപ്പു വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം. കനത്ത വെയിലത്ത് നില്‍ക്കുകയായിരുന്ന എസ്പിജി അംഗം പെട്ടന്ന് തളര്‍ന്ന് വീഴുകയായിരുന്നു.

◾ഹരിയാനയിലെ നൂഹില്‍ വീണ്ടും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം. നൂഹില്‍ വീണ്ടും ഘോഷയാത്ര സംഘടിപ്പിക്കുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് നടപടി.

◾അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ കേസെടുത്ത് യുപി പൊലീസ്. യുപിയിലെ മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. ഏഴു വയസുകാരനായ കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മുസഫര്‍നഗര്‍ പൊലീസാണ് കേസെടുത്തത്. അതേസമയം താന്‍ ഭിന്നശേഷിക്കാരിയാണെന്നും ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും അധ്യാപിക തൃപ്ത ത്യാഗി പ്രതികരിച്ചു.

◾അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച് മര്‍ദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍. വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ സന്ദര്‍ശിച്ച നേതാക്കളാണ് കുട്ടികളെ കൊണ്ട് പരസ്പരം ആലിംഗനം ചെയ്യിച്ചത്. വിദ്യാലയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായ നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്നേഹത്തിന്റെ പാഠം പഠിപ്പിച്ചാല്‍ മാത്രമേ യഥാര്‍ഥ ഇന്ത്യ നിലനില്‍ക്കൂവെന്ന് ഈ വീഡിയോ പങ്കുവെച്ചു കൊണ്ട് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.

◾ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിലെത്താതെ പുറത്തായി. സെമിയില്‍ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിദിത്സനോടാണ് ഒമ്പതാം നമ്പര്‍ താരമായ പ്രണോയ് തോറ്റത്.

◾സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. വനിതാ ലോകകപ്പ് ഫൈനലിനു പിന്നാലെ നടന്ന സംഭവം വിവാദമായപ്പോഴും രാജിവെയ്ക്കില്ലെന്ന നിലപാടെടുത്ത റൂബിയാലെസിന്റെ പിടിവാശിയാണ് നടപടിയെടുക്കാന്‍ ഫിഫയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

◾ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളനുസരിച്ച് ജൂണിലും കേരളത്തിലെ വോഡഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവ്. മേയ് മാസത്തേക്കാള്‍ 42,202 വരിക്കാരാണ് വോഡഫോണിനെ ഉപേക്ഷിച്ച് പോയത്. ഇതോടെ വോഡഫോണിന്റെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം 1,42,03,668 ആയി. അതേ സമയം 71,204 വരിക്കാരെ നേടി റിലയന്‍സ് ജിയോയാണ് മുന്നില്‍. 47,022 വരിക്കാരുമായി ഭാരതി എയര്‍ടെല്ലാണ് രണ്ടാം സ്ഥാനത്ത്. ബിഎസ്എന്‍എല്‍ ജൂണില്‍ 10,079 വരിക്കാരെ സ്വന്തമാക്കി. ടെലിഫോണ്‍ സാന്ദ്രത കൂടിയ സംസ്ഥാനങ്ങളില്‍ ഡല്‍ഹിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിലെ മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 4.29 കോടിയാണ്. രാജ്യത്തെ മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ 0.11 ശതമാനത്തിന്റെ പ്രതിമാസ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. 117.25 കോടിയാണ് മൊത്തം വരിക്കാര്‍. മേയിലിത് 117.38 കോടിയായിരുന്നു. റിലയന്‍സ് ജിയോ 22,72,799 പുതിയ വരിക്കാരെ നേടിയപ്പോള്‍ ഭാരതി എയര്‍ടെല്‍ 14,09,572 വരിക്കാരെ നേടി. അതേ സമയം വോഡഫോണ്‍ ഐഡിയക്ക് 12,85,298 വരിക്കാരെയും ബിഎസ്എന്‍എല്ലിന് 18,70,559 വരിക്കാരെയും നഷ്ടമായി. മൊബൈല്‍ ഫോണ്‍ വിപണിയുടെ 38.35 ശതമാനവും റിലയന്‍സ് ജിയോ സ്വന്തമാക്കി. 32.68 ശതമാനം വിഹിതവുമായി ഭാരതി എയര്‍ടെല്ലാണ് രണ്ടാം സ്ഥാനത്ത്. വോഡഫോണ്‍ ഐഡിയയുടെ വിഹിതം 20.08 ശതമാനമായി കുറഞ്ഞു. ബിഎസ്എന്‍എല്ലിന്റെ വിഹിതം 8.71 ശതമാനമാണ്.

◾കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശേഷം 'മൈക്കില്‍ ഫാത്തിമ'യുടെ ടീസര്‍ പുറത്തെത്തി. മനു സി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ മഞ്ജു വാര്യരും മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. കളര്‍ഫുള്‍ ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രത്തില്‍ ഒരു ഫുട്ബോള്‍ കമന്റേറ്റര്‍ ആണ് കല്യാണിയുടെ ഫാത്തിമ. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ, അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തല്ലുമാലയ്ക്ക് ശേഷം കല്യാണി അഭിനയിക്കുന്ന ചിത്രമാണിത്. കളര്‍ഫുള്‍ ഫാമിലി എന്റര്‍ടൈനര്‍ ചിത്രം തിയറ്ററുകളിലേക്ക് ഉടന്‍ എത്തും. കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

◾ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ദേവര'. കൊരടാല ശിവയാണ് ചിത്രത്തിന്റെ സംവിധാനം. ജാന്‍വി കപൂര്‍ ചിത്രത്തില്‍ നായികയാകുന്നു. ചിത്രത്തിന്റെ വിഎഫ്ക്സിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്. വിഎഫ്എക്സ് ബജറ്റ് മാത്രം 150 കോടി ആണെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിക്കുന്നത്. ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ള മാസ് ചിത്രം ആയിരിക്കും ദേവര. രത്നവേലു ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാന്‍വി കപൂര്‍ ചിത്രത്തിനായി വാങ്ങിക്കുക എന്നാണ് റിപ്പോര്‍ട്ട്. സെയ്ഫ് അലി ഖാനാണ് വില്ലനായി ചിത്രത്തില്‍ എത്തുക. പ്രകാശ് രാജ്, മേക ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ എന്നിവരും 'ദേവര'യില്‍ വേഷമിടുന്നു.

◾കരുത്തിലും കാഴ്ച്ചയിലും സാങ്കേതികവിദ്യയിലും പുതുമകളോടെയാണ് ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ കെടിഎം പുതിയ ഡ്യൂക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. 390 ഡ്യൂക്കിനു പുറമേ 250 ഡ്യൂക്കിന്റേയും 125 ഡ്യൂക്കിന്റേയും പുതിയ മോഡലുകള്‍ കെടിഎം അവതരിപ്പിച്ചുണ്ട്. 2024 കെടിഎം 390 ഡ്യൂക്കിന്റെ മറ്റൊരു പ്രധാന സവിശേഷത എന്‍ജിനിലെ കരുത്താണ്. 399 സിസി സിംഗിള്‍ സിലിണ്ടര്‍ എല്‍സി4സി കൂള്‍ഡ് എന്‍ജിനാണ് കെടിഎം 390യിലുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. 44ബിഎച്പി കരുത്തും പരമാവധി 39എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ സാധിക്കുന്ന എന്‍ജിനാണിത്. 43 എംഎം യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്, മോണോ ഷോക് സസ്‌പെന്‍ഷന്‍, മുന്നില്‍ 320എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240എംഎം ഡിസ്‌ക് ബ്രേക്കും, കോര്‍ണറിങ് ആന്‍ഡ് സൂപ്പര്‍മോട്ടോ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയാണ് പ്രധാനപ്പെട്ട യാന്ത്രികമായ മാറ്റങ്ങള്‍. ഇന്ത്യയില്‍ പുതിയ 390 ഡ്യൂക്ക് എന്നിറങ്ങുമെന്ന് ഔദ്യോഗികമായി കെടിഎം അറിയിച്ചിട്ടില്ല. നിലവിലെ കെടിഎം 390 ഡ്യൂക്കിന് 2.97 ലക്ഷം രൂപയോളമാണ് വില. ഇതിനേക്കാള്‍ കൂടുതലായിരിക്കും പുതു തലമുറ 390 ഡ്യൂക്കിന്റെ വിലയെന്ന് പ്രതീക്ഷിക്കാം.

◾മലയാള സാഹിത്യത്തില്‍ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കര്‍ക്കശക്കാരനായ ഒരാള്‍ എന്ന പൊതുധാരണയില്‍നിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓര്‍മ്മകളിലൂടെഅനാവരണം ചെയ്യപ്പെടുകയാണ്. 'നമ്മുടെ എം.ടി.'. രമേഷ് പുതിയമഠം. ഗ്രീന്‍ ബുക്സ്. വില 176 രൂപ.