◾മാനന്തവാടി തലപ്പുഴയില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒന്‍പതു തേയിലത്തൊഴിലാളികള്‍ മരിച്ചു. മരിച്ചവരെല്ലാം സ്ത്രീകളാണ്. രണ്ടു പേരുടെ നില അതീവ ഗുരുതരം. മക്കിമല ആറാം നമ്പര്‍ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്ത (50), മകള്‍ ചിത്ര (28), സത്യന്റെ ഭാര്യ ലീല (42), ബാലന്റെ ഭാര്യ ശോഭന (54), മമ്മുവിന്റെ ഭാര്യ റാബിയ (55), വേലായുധന്റെ ഭാര്യ കാര്‍ത്ത്യായനി (62), പ്രമോദിന്റെ ഭാര്യ ഷജ (42), ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55), തങ്കരാജിന്റെ ഭാര്യ റാണി (57) എന്നിവരാണ് മരിച്ചത്. കണ്ണോത്തുമലയ്ക്കു സമീപം ജീപ്പ് 25 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. ജീപ്പില്‍ 14 പേരാണ് ഉണ്ടായിരുന്നത്.
◾സംസ്ഥാനത്ത് തത്കാലം ലോഡ് ഷെഡിംഗ് ഇല്ല. സെപ്റ്റംബര്‍ നാലു വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണു തീരുമാനം.
◾വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ടോട്ടെക്സ് മാതൃക ഒഴിവാക്കും. ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷത്തോളം വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്കു മാത്രമേ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കൂ. ഉപഭോക്താക്കള്‍ക്കു ഭീമമായ സാമ്പത്തിക ബാധ്യത വരുത്താതെ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണു നിര്‍ദേശം.
◾മലപ്പുറം താനൂരിലെ കസ്റ്റഡി കൊലക്കേസില്‍ കേസ് ഡയറി ഹാജരാക്കണമെന്നു ഹൈക്കോടതി. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സെപ്റ്റംബര്‍ ഏഴിനു മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഹാജരാക്കണം. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◾ഉപതെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍. ഓണക്കിറ്റ് വിതരണം ചട്ടലംഘനമാണോയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടു തേടിയിട്ടുണ്ട്. ഓണം ആഘോഷിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
◾മിച്ചഭൂമി കേസില്‍ പി. വി അന്‍വര്‍ എംഎല്‍എയ്ക്കു രേഖകള്‍ ഹാജരാക്കാന്‍ അടുത്ത മാസം ഏഴാം തീയതിവരെ ലാന്‍ഡ് ബോര്‍ഡ് സമയം നല്‍കി. അന്‍വറിന്റെ പക്കല്‍ 19 ഏക്കര്‍ അധിക ഭൂമി ഉണ്ടെന്ന ഓഫീസറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും പങ്കാളിത്ത വ്യവസ്ഥയില്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വസ്തു മിച്ചഭൂമിയില്‍ തെറ്റായി ഉള്‍പെടുത്തിയെന്നുമാണ് അന്‍വറിന്റെ വാദം.
◾ശസ്ത്രക്രിയക്കിടെ ഹര്‍ഷീനയുടെ വയറില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടു തേടി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ അപ്പീല്‍ പോകില്ലന്നും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഗവണ്‍മെന്റ് ഡോക്ടര്‍മാരായതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രൊസിക്യൂഷന്റെ അനുമതി വേണമെന്നും പൊലീസ് അറിയിച്ചു.
◾അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്തണമെന്നു ഹര്‍ജി നല്‍കിയ മകനെ കൊലയാളിയാക്കി ഒമ്പതു വര്‍ഷം ജയിലിടച്ച സിബിഐ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കാഞ്ഞിരംകുളത്തെ പലചരക്കു വ്യാപാരി വില്‍സണ്‍ വധക്കേസില്‍ പ്രതിയായ മകന്‍ ജ്യോതികുമാറിന്റെ(49) ജീവപര്യന്തം തടവുശിക്ഷയാണു റദ്ദാക്കിയത്. പോലീസ് അന്വേഷിച്ച കേസില്‍ റിട്ടയേഡ് ജയില്‍ സൂപ്രണ്ട് വില്‍ഫോര്‍ഡ്, മകന്‍ റോളണ്ട് എന്നിവരായിരുന്നു പ്രതികള്‍. മകന്‍ ജ്യോതികുമാറിന്റെ ഹര്‍ജിയനുസരിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സി.ബി.ഐ പുതിയ കഥ ചമച്ച് വാദിയായ ജ്യോതികുമാറിനെ പ്രതിയാക്കുകയും മുന്‍ പ്രതികളെ ഒഴിവാക്കുകയും ചെയ്തു. ജ്യോതികുമാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവു പുറപ്പെടുവിച്ചത്.
◾കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസ് നേരത്തെ അന്വേഷിച്ചു പൂര്‍ത്തിയാക്കിയതാണെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടികളെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മൊയ്തീന്റെ വീട്ടില്‍നിന്ന് എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാനാണു ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾മുഖ്യമന്ത്രിയുടെ മകള്‍ വീണ എല്ലാ നികുതിയും അടച്ചിട്ടുണ്ടെന്നും രേഖ പുറത്തുവിടേണ്ട ബാധ്യത ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കില്‍ വീണയുടെ കമ്പനി പൂട്ടിപ്പോകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് അടക്കമുള്ള ഏഴു ക്രമക്കേടുകള്‍ക്കു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിന്നക്കനാലില്‍ ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിപ്പുണ്ടെന്നും ഭൂ നിയമം ലംഘിച്ച് റിസോര്‍ട്ട് നടത്തിയെന്നും ഗോവിന്ദന്‍ ആരോപിച്ചു.
◾ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ആരേയും കബളിപ്പിച്ചു പണം തട്ടിയെടുത്തിട്ടില്ലെന്നും അധ്വാനിച്ചു ജീവിക്കുന്ന പെണ്‍കുട്ടിയെ സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ അധിക്ഷേപിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുടെ അറിവോടെയാണ് വളരെ അപഹാസ്യമായ പ്രചാരണം നടത്തുന്നതെന്നും സതീശന്‍.
◾കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എച്ച്. വെങ്കിടേശ്വര്‍ലുവിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. വെങ്കിടേശ്വര്‍ലുവിന് നിയമനം ലഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞെന്നും ഇനി രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നിയമനം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
◾വയനാട്ടില്‍ ഒമ്പതു സ്ത്രീകളുടെ മരണത്തിനിടയാക്കിയ ജീപ്പ് അപകടത്തിനു കാരണം ബ്രേക്ക് കിട്ടാത്തതാണെന്നു ഡ്രൈവര്‍ മണികണ്ഠന്‍. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
◾മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്ന് രാഹുല്‍ഗാന്ധി എംപി പറഞ്ഞു.
◾ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയ പോലീസ് നടപടി ഹൈക്കോടതി ശരിവച്ചു. സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനുള്ള പ്രതികാര നടപടിയാണെന്ന വാദം കോടതി തള്ളി. എന്നാല്‍ സിപിഎം കേസില്‍ കക്ഷിയല്ലെന്നു കോടതി വിലയിരുത്തി. ആകാശിന്റെ അച്ഛനും ജിജോയുടെ ഭാര്യയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
◾തൃശൂര്‍ വരവൂരില്‍ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേല്‍പ്പിച്ചു. പ്രതി തമിഴ്നാട് സ്വദേശി മുനിച്ചാമി പിന്നീട് പിടിയിലായി. വരവൂര്‍ ചെമ്പത്ത് പറമ്പില്‍ വിജയനാണ് വെട്ടേറ്റത്.
◾പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പുതുപൊന്നാനി സ്വദേശിയും ഇപ്പോള്‍ മുണ്ടൂര്‍ പെരിങ്ങന്നൂരില്‍ താമസക്കാരനുമായ ഷംനാദി (28)നെയാണ് കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തത്.
◾ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരെ അനുമോദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ബംഗളുരുവിലെത്തും. ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തുന്ന പ്രധാനമന്ത്രി രാവിലെ 7.15 ന് ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ സന്ദര്‍ശിക്കും.
◾വാതുവയ്പും ചൂതാട്ടവും സംബന്ധിച്ചുള്ള പരസ്യങ്ങളും പ്രമോഷണല്‍ ഉള്ളടക്കങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മാധ്യമ സ്ഥാപനങ്ങള്‍, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുള്‍പ്പെടെയുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണു മുന്നറിയിപ്പു നല്‍കിയത്.
◾വിമാനത്തില്‍ 'ഫാസിസ്റ്റ് ബിജെപി ഡൗണ്‍' എന്നു മുദ്രാവാക്യം മുഴക്കിയതു കുറ്റമല്ലെന്നു മദ്രാസ് ഹൈക്കോടതി. ബിജെപി തമിഴ്നാട് മുന്‍ പ്രസിഡന്റും തെലുങ്കാന ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജനെതിരേ മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ ലോയിസ് സോഫിയക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.
◾ബിഹാറിലെ ജാതി സര്‍വേയുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. രാജസ്ഥാന്‍, കര്‍ണാടക സര്‍ക്കാരുകള്‍ ജാതി സര്‍വേ നടത്തിയിരുന്നെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.
◾മധ്യപ്രദേശില്‍ ബിജെപിയിലെ ശക്തനായ നേതാവ് നീരജ് ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കളംമാറ്റം. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന 22 എംഎല്‍എമാരില്‍ ഒരാളും സിന്ധ്യയുടെ വിശ്വസ്തനുമായ ഗോവിന്ദ്സിംഗ് രജ്പുതിനെതിരേ നീരജ് ശര്‍മയെ മല്‍സരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാന്റ് ക്രോസ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓണര്‍' സമ്മാനിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്സോ ടാക്കീസാണ് ബഹുമതി സമ്മാനിച്ചത്. ഏഥന്‍സില്‍ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സമൂഹവുമായി സംസാരിച്ചു.
◾ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ നേരിട്ട് പങ്കെടുക്കില്ലെന്നു സൂചന. രാജ്യാന്തര കോടതി പുടിനെതിരേ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരിക്കേ മറ്റൊരു രാജ്യത്തേക്കു പോകുന്നത് ഒഴിവാക്കാനാണ് റഷ്യയുടെ തീരുമാനം. റഷ്യയുമായി മികച്ച ബന്ധമുള്ള ഇന്ത്യയില്‍ അറസ്റ്റു ചെയ്യാന്‍ ഇന്ത്യ അനുവദിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പുടിന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനെയാണു പങ്കെടുത്തത്.
◾ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ജാവലിന്‍ ത്രോ ഫൈനലില്‍. സീസണിലെ മികച്ച രണ്ടാമത്തെ ദൂരം താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്.
◾ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായും സൗദിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദ് 65 ദശലക്ഷം പൗണ്ട് വാര്‍ഷിക പ്രതിഫലത്തിന് സലായുമായി മൂന്ന് വര്‍ഷത്തേക്ക് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
◾അദാനിക്കു പിന്നാലെ ഹോസ്പ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും. ഇന്ത്യയിലും യു.കെയിലുമായി മൂന്ന് പ്രോപ്പര്‍ട്ടികള്‍ സംയുക്തമായി കൈകാര്യം ചെയ്യുന്നതിന് ഒബ്റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സുമായി ധാരണയില്‍ ഏര്‍പ്പെട്ടതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ വരാനിരിക്കുന്ന അനന്ത് വിലാസ് ഹോട്ടല്‍, യു.കെയിലെ സ്റ്റോക്ക് പാര്‍ക്ക്, ഗുജറാത്തില്‍ ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതി എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ഒബ്റോയിയുടെ ലക്ഷ്വറി വിലാസ് പോര്‍ട്ട്ഫോളിയോയുടെ ഭാഗമായ അനന്ത് വിലാസാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂന്ന് പ്രോപ്പര്‍ട്ടികളില്‍ ഒരെണ്ണം. യു.കെയിലെ ബക്കിംഗ്ഹാംഷെയറിലുള്ള കായിക വിനോദ സൗകര്യങ്ങള്‍ നല്‍കുന്ന സ്റ്റോക്ക് പാര്‍ക്കാണ് അടുത്തത്. ഇതിന്റെ സൗകര്യങ്ങള്‍ നവീകരിക്കാനും ലോകോത്തര ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഒബ്റോയ് റിലയന്‍സിനെ സഹായിക്കും. ഗോള്‍ഫും മറ്റ് കായിക സൗകര്യങ്ങളും ഉള്‍പ്പെടെ സ്റ്റോക്ക് പാര്‍ക്കിന്റെ സമഗ്രമായ നവീകരണം ഉള്‍പ്പെടുന്ന പദ്ധതികള്‍ തയ്യാറാക്കിവരികയാണ്. കമ്പനിയുടെ മറ്റൊരു ഹോട്ടല്‍ പ്രോജക്റ്റ് ഗുജറാത്തിലാണ്.
◾അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പ്രാവ്'. അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. നവാസ് അലിയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകനുമായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് 'പ്രാവ്' ഒരുക്കുന്നത്. ബി കെ ഹരിനാരായണനാണ് 'പ്രാവെ'ന്ന ചിത്രത്തിന്റെ ഗാനരചന. ബിജി ബാലാണ് ചിത്രത്തിന്റെ സംഗീതം. ആന്റണി ജോ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സെപ്തംബര്‍ 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം വേഫേറെര്‍ ഫിലിംസ് ആണ്.
◾ക്രൈം ഡ്രാമ ചിത്രം 'വേല'യുടെ ട്രെയിലര്‍ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഉല്ലാസ് അഗസ്റ്റിന്‍ ആയി ഷെയിന്‍ നിഗവും മല്ലികാര്‍ജ്ജുനനായി സണ്ണിവെയ്‌നും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നു. സണ്ണി വെയ്‌നും ഷെയിന്‍ നിഗവും പോലീസ് വേഷത്തില്‍ കൊമ്പുകോര്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസും നിര്‍വഹിച്ചിരിക്കുന്നു. സിദ്ധാര്‍ഥ് ഭരതനും അതിഥി ബാലനും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാദുഷ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
◾കാറുകള്‍ക്കു വന്‍ എക്സ്ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് സ്‌കോഡ ഇന്ത്യ. പഴയ കാര്‍ എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 60,000 രൂപ വരെ ഇളവുകളാണ് എക്സ്ചേഞ്ച് കാര്‍ണിവെലില്‍ സ്‌കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്‍ഷനില്ലാതെ പഴയ വാഹനം മാറ്റി പുതിയ സ്‌കോഡ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുണ്ടെന്നാണ് സ്‌കോഡ അറിയിക്കുന്നത്. എക്സ്ചേഞ്ചിലുടെ പുതിയ വാഹനം സ്വന്തമാക്കുന്നവര്‍ക്ക് നാലുവര്‍ഷത്തെ കോംപ്ലിമെന്ററി സര്‍വീസ് പാക്കേജും ഉറപ്പു നല്‍ക്കുന്നു. കൂടാതെ കോര്‍പറേറ്റ് ഇളവായി 70,000 രൂപയും 4000 രൂപയും എക്സ്റ്റെന്റഡ് വാററ്റിയും നല്‍കുന്നുണ്ട്. നിലവില്‍ കോഡിയാക്ക്, കുഷാക്, സ്ലാവിയ തുടങ്ങിയ മോഡലുകള്‍ സ്‌കോഡയ്ക്ക് ഇന്ത്യയിലുണ്ട്.
◾നൂറു വര്‍ഷം മുമ്പ് എഴുതപ്പെട്ട ജര്‍മന്‍ നോവലിന്റെ ഇതിവൃത്തവുമായി പാലായിലെ കൃഷിക്കാരന്റെ മകനായ അര്‍ണോസ് വര്‍ഗീസിന്റെ ജീവിതം കെട്ടുപിണഞ്ഞു
പോയത് എങ്ങനെയാവും? തീക്ഷ്ണയൗവനത്തിന്റെ ഒരു തിരിവില്‍ അയാളൊരു കൊലപാതകിയായി പരിണമിക്കുന്നു. നന്മതിന്മകളുടെ നൂല്‍പ്പാലത്തില്‍ തന്റെ ജീവിതത്തിന്റെ പരിണതികള്‍ക്ക് സാക്ഷിയാകേണ്ടിവരുന്നു. തടവറയില്‍ നിന്ന് മോചിതനായ ശേഷവും ജീവിതം അയാളുടെ നിയന്ത്രണത്തിലാവുന്നില്ല. ചുരുളഴിയാത്ത ദുരൂഹതകള്‍ സൃഷ്ടിക്കുന്ന ഉദ്വേഗമാണ് ഏറെ അടരുകളുള്ള ഈ കഥക്കൂട്ടിന്റെ ജീവന്‍. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ
കെ. വിശ്വനാഥിന്റെ ആദ്യ നോവല്‍. 'നഗ്നനായ കൊലയാളിയുടെ ജീവിതം'. മാതൃഭൂമി. വില 195 രൂപ.
◾കൊളസ്ട്രോള്‍ നില ആരോഗ്യകരമായി നിലനിര്‍ത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല, ജീവിതശൈലി മാറ്റങ്ങള്‍ വരുത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലെയുള്ള വ്യായാമങ്ങള്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, എച്ച്ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം, പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും പരിമിതപ്പെടുത്തുന്നത് പ്രധാനമാണ്. മാത്രമല്ല, ശുദ്ധീകരിച്ച പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും കുറയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുന്നത് പോലുള്ള ജീവിതശൈലി മാറ്റങ്ങള്‍ ഹൃദയാരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തും. ഉയര്‍ന്ന പഞ്ചസാരയുടെ ഉപയോഗം അമിതവണ്ണത്തിനും ഉയര്‍ന്ന ട്രൈഗ്ലിസറൈഡിന്റെ അളവിനും ഇടയാക്കും. ഇത് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കുന്നു. ഭക്ഷണത്തില്‍ പഞ്ചസാര പാനീയങ്ങള്‍, മിഠായികള്‍, പേസ്ട്രികള്‍ എന്നിവ കുറയ്ക്കുക. ഓട്‌സ്, ബീന്‍സ്, പയര്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍, ആപ്പിള്‍, പിയര്‍ തുടങ്ങിയ പഴങ്ങള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും അത് ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസവും വ്യായാമം ചെയ്യാന്‍ സമയം മാറ്റിവയ്ക്കുക. വ്യായാമം ചെയ്യുന്നത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും.
*ശുഭദിനം*
ഒരു ബിസിനസ്സ്‌കാരനായിരുന്നു നിവ്യയുടെ ഭര്‍ത്താവ്. ബിസിനസ്സ് നല്ലരീതിയില്‍ പോയിരുന്നതുകൊണ്ട് തന്നെ സാമ്പത്തികവും സന്തോഷവും നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പക്ഷേ, ആ സന്തോഷം അധികകാലം നിലനിന്നില്ല. സുഹൃത്തിന്റെ ചതിയില്‍പെട്ട് അദ്ദേഹത്തിന്റെ ബിസിനസ്സുകളെല്ലാം തകര്‍ന്നു. കുറച്ച് ദിവസങ്ങള്‍കൊണ്ട് അരക്കോടിയിലേറെ കടക്കാരായി ആ കുടുംബം മാറി. വിഷം ചേര്‍ത്ത ഐസ്‌ക്രീം കഴിച്ച് ഒരു കുടുംബം മുഴുവന്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു. ഈ ഐസ്‌ക്രീം കഴിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേയാണ് അവരുടെ അമ്മ ഇങ്ങനെ പറഞ്ഞത്: കുറച്ച് അരിപ്പൊടി ഉണ്ടെങ്കില്‍ അവലോസ്‌പൊടിയുണ്ടാക്കാം, പിന്നെ നല്ല അച്ചാറുകള്‍ ഉണ്ടാക്കി വീടുകളിലോ കടകളിലോ കൊടുക്കാം.. ആ വാക്ക് ഒരു ഉള്‍വിളിയും വീണ്ടു വിചാരവും ഉയര്‍ത്തെഴുന്നേല്‍പ്പുമായിരുന്നു. അങ്ങിനെ മൂന്ന് കിലോ അരിപ്പൊടിയില്‍ നിന്നും 'അമ്മാസ്' എന്ന പലഹാര നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. ഇന്ന് തൃശ്ശൂര്‍ അരണാട്ടുകരയിലെ ആ യൂണിറ്റില്‍ ഒരു ദിവസം 300 കിലോ അരി വരെ ഉത്പാദനത്തിനായി ഉപയോഗിക്കപ്പെടുന്നു! പുലര്‍ച്ചെ ഒന്നരയ്ക്ക് നിവ്യയുടെ ഒരു ദിനം ആരംഭിക്കുന്നു.. പുലരികളെ വിയര്‍പ്പണിഞ്ഞ് വരവേല്‍ക്കുകയാണ് ഇവര്‍... ഒരു കുഞ്ഞ് വാക്ക് മതി ചിലപ്പോള്‍ ജീവിതം തിരിച്ചുപിടിക്കാന്‍.. സ്വന്തം പ്രതിസന്ധികളില്‍ മാത്രം ശ്രദ്ധിക്കാതെ, ലക്ഷ്യത്തിനായി നമുക്ക് പ്രവര്‍ത്തിക്കാം.. എത്ര വാതിലുകള്‍ അടഞ്ഞാലും തുറന്നുകിടക്കുന്ന ഒരു വാതിലെങ്കിലും നമുക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും.. അത് കണ്ടെത്തുക.. എന്തെന്നാല്‍ നമ്മുടെ മനോഭാവമാണ് നമ്മളെങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് - *ശുഭദിനം.*