അനന്തപുരി ഓണം കൈത്തറിമേള 2023 ആഗസ്റ്റ് 26 വരെ പുത്തരിക്കണ്ടത്ത്

അനന്തപുരി ഓണം കൈത്തറിമേള 2023 ആഗസ്റ്റ് 26 വരെ പുത്തരിക്കണ്ടത്ത്
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഹാൻറ്‌ലൂം ഡവലപ്‌മെൻറ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൈത്തറി വസ്ത്ര വിപണന മേള ആഗസ്റ്റ് 26 വരെ പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കും. ''അനന്തപുരി ഓണം കൈത്തറി മേള 2023'' ന്റെ ഔപചാരിക ഉദ്ഘാടനവും ആദ്യ വിൽപനയും ബുധനാഴ്ച (ആഗസ്റ്റ് 16) വൈകിട്ട് 6ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യ പ്രഭാഷണവും പുതിയ കൈത്തറി ഉത്പന്നങ്ങളുടെ ലോഞ്ചും നിർവഹിക്കും. 
കേരളത്തിലെ തനത് കൈത്തറി ഉത്പന്നങ്ങളുടെ മേന്മയും പ്രാധാന്യവും വൈവിധ്യവും എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കുന്നതിനും പരമ്പരാഗത കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും, അതുവഴി സാധാരണക്കാരായ നെയ്ത്തു തൊഴിലാളികളെ സഹായിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. മേളയിൽ ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളായ പുളിയിലക്കര മുണ്ടുകൾ, സാരികൾ, കസവു സാരികൾ, കസവു മുണ്ടുകൾ, ബെഡ് ഷീറ്റുകൾ, വിവിധ തരം ടവ്വലുകൾ, ഫർണിഷിംഗ് ക്ലോത്തുകൾ, ഷർട്ടിംഗ്, സ്യൂട്ടിംഗ്, റെഡിമെയ്ഡുകൾ കൂടാതെ പരമ്പരാഗത കുത്താമ്പുള്ളി സാരികളും, ഹാൻറക്‌സ്, ഹാൻവീവ് തുണിത്തരങ്ങളുടെ വൈവിധ്യങ്ങളായ കൈത്തറി വസ്ത്രങ്ങൾ 20 % സർക്കാർ റിബേറ്റിൽ ലഭിക്കും. 
കൂടാതെ മേള സന്ദർശിക്കുന്നവർക്ക് പരമ്പരാഗത തറിയും ചർക്കയും നേരിട്ട് കാണുന്നതിനും അവസരമുണ്ട്. സ്റ്റാളുകളിൽ നിന്ന് കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നവർക്കായി സെൽഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. അവിടെ സജ്ജമാക്കിയ സെൽഫി പോയിൻറിൽ നിന്നും സെൽഫിയെടുത്ത് അയക്കാവുന്നതാണ്. സമ്മാനാർഹമായ സെൽഫിക്ക് അടുത്ത പർച്ചേസിന് 500 രൂപ ഡിസ്‌കൗണ്ട് അനുവദിക്കും. 
ആയിരം രൂപയ്ക്ക് മുകളിൽ കൈത്തറി ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുക്കുകയും ആഴ്ചയിൽ ഒരു ഓണ കൈത്തറിക്കിറ്റ് സമ്മാനമായി നൽകുകയും ചെയ്യുന്നു. ഓണക്കിറ്റിൽ കൈത്തറി മുണ്ട്, ഷർട്ട് പീസ്, സാരി, ബെഡ് ഷീറ്റ്, ടവ്വൽ എന്നിവയാണുള്ളത്. ഓരോ 1000 രൂപയുടെ പർച്ചേസിനും ലഭിക്കുന്ന കൂപ്പണുകൾ നറുക്കെടുക്കുകയും ബംബർ സമ്മാനമായി സ്മാർട്ട് ടി.വി, സ്മാർട്ട് വാച്ച്, മിക്‌സി എന്നിവ സമ്മാനമായി നൽകും. 
മേളയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കൈത്തറി മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കാക്കി കളമച്ചൽ കൈത്തറി പ്രസിഡൻറ് ജി. മധു, ഭഗവതി കൈത്തറി നെയ്ത്തു സംഘത്തിലെ മുൻ സെക്രട്ടറി എസ്. വിശ്വംഭരൻ എന്നിവരെ മന്ത്രി ആൻറണി രാജു ആദരിക്കും.