*പ്രഭാത വാർത്തകൾ*2023 | ഓഗസ്റ്റ് 25 | വെള്ളി

 താഴെ കൊടുക്കുന്നത് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഓൺലൈൻ എഡിഷനിൽ വന്ന വാർത്തകൾ സംയോജിപ്പിച്ചതാണ് ....അതിനാൽ തന്നെ ആ പത്രങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളും വാർത്തകളിൽ കണ്ടേക്കാം ....




▶️അടുത്ത മാസവും
വൈദ്യുതിക്കു സര്‍ ചാര്‍ജ്. യൂണിറ്റിനു 19 പൈസ നിരക്കിലാണു സര്‍ ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ നിരക്ക് വര്‍ധനയും ലോഡ് ഷെഡിംഗും അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ കൂടിയാലോചന നടത്തും.

◾കോടതിയുടെ വിലക്കു ലംഘിച്ചു മൂന്നാറിലെ സിപിഎം ഓഫീസ് നിര്‍മ്മിച്ചതിനു സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെതിരെ കോടതിയലക്ഷ്യകേസ്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കെട്ടിടം പണി പൂര്‍ത്തിയായി എന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ നിര്‍മാണം തുടര്‍ന്നെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ശാന്തന്‍പാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവുവരെ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

◾ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 'പുഷ്പ'യിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടന്‍. ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാര്‍. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം. മികച്ച മലയാള സിനിമയായി ഹോം തെരഞ്ഞെടുക്കപ്പെട്ടു. 'റോക്കട്രി ദ നമ്പി ഇഫക്ട്സ്' മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. നായാട്ടിലൂടെ ഷാഹി കബീര്‍ മികച്ച തിരക്കഥാ കൃത്തായി. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ നേടി.

◾ദേവികുളം തെരഞ്ഞെടുപ്പു കേസില്‍ രേഖകള്‍ സുപ്രീംകോടതിക്കു കൈമാറിയില്ലെന്ന ആരോപണം പരിശോധിക്കാന്‍ സുപ്രീം കോടതി രജിസ്ട്രി നിര്‍ദ്ദേശം. സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റര്‍, സംസ്‌കാര രജിസ്റ്റര്‍, കുടുംബ രജിസ്റ്റര്‍ എന്നീ രേഖകളുടെ ഒറിജിനല്‍ കൈമാറാന്‍ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ കൈമാറിയില്ലെന്ന് ഡി കുമാറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി.

◾സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. നേരത്തെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.

◾സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ കോക്ടെയില്‍' എന്ന പേരില്‍ ഇന്നലെ ഒരേ സമയത്ത് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.

◾തന്റെ ആത്മകഥയായ 'മൈ ലൈഫ് ആസ് എ കോമറേഡ്' കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ഉള്‍പെടുത്തിയിട്ടില്ലെന്ന് കെ.കെ. ശൈലജ എംഎല്‍എ. അധിക വായനയ്ക്കുള്ള പുസ്തകങ്ങളുടെ കൂട്ടത്തിലാണ് ഈ പുസ്‌കതത്തിന്റെ പേരുകൂടി ചേര്‍ത്തതെന്നും ശൈലജ വെളിപെടുത്തി.

◾എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരള സര്‍ക്കാര്‍ പാഠപുസ്തകം പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് അഡീഷണല്‍ പാഠപുസ്തകം പ്രകാശനം ചെയ്തത്. വര്‍ഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളില്‍ വളര്‍ത്തുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ കുറേ ഭാഗങ്ങള്‍ നീക്കം ചെയ്തതെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

◾പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ മുതലെടുപ്പിനായി തന്നെയും ഉമ്മന്‍ ചാണ്ടിയേയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ചെറിയ നേട്ടത്തിനുപോലും ഉമ്മന്‍ചാണ്ടിയുടെ പേര് ദുരുപയോഗിച്ചിട്ടില്ല. ഫാഷന്‍, യാത്ര, ലൈഫ് സ്‌റ്റൈല്‍ തുടങ്ങിയ വിഷയങ്ങളിലെ കണ്ടന്റ് ക്രിയേഷനാണ് തന്റെ ജോലി. ജോലിയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു പ്രചരിപ്പിക്കുന്നതിനെതിരേ ഫേസ്ബുക്കിലൂടെയാണു പ്രതികരണം.

◾കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ കെ കെ ശൈലജ എംഎല്‍എയുടെ ആത്മകഥ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയോ എല്‍ഡിഎഫോ ഇടപെട്ടിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സര്‍ക്കാരിനെയും സര്‍വകലാശാലയെയും പരിഹസിക്കുന്ന ആരോപണം മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.

◾ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറിപരാമര്‍ശം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. 'മനുഷ്യരല്ലേ? കിട്ടുമ്പോള്‍ സന്തോഷം, കിട്ടാത്തപ്പോള്‍ വിഷമം' എന്നു ഇന്ദ്രന്‍സ് പ്രതികരിച്ചു.

◾കോടികളുടെ ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്ന തിരുവനന്തപുരം കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. സിപിഐ നേതാവ് ഭാസുരാഗന്‍ പ്രസിഡന്റായ ബാങ്ക് ഭരണസമിതിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് രാജിവച്ചത്.

◾അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കാന്‍ മൂന്നു നിര്‍ദ്ദേശങ്ങളുമായി സുപ്രീം കോടതി റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജനാഭിമുഖ കുര്‍ബാനയോ ഏകീകൃത കുര്‍ബാനയോ അര്‍പ്പിക്കാന്‍ വൈദികര്‍ക്ക് അനുമതി നല്‍കണം. എല്ലാ ഞായറാഴ്ചയും ഒരു കുര്‍ബാന ഏകീകൃത കുര്‍ബാനയാക്കുക, സഭാ മേലധ്യക്ഷന്മാര്‍ പള്ളിയിലെത്തുമ്പോള്‍ അവരുടെ രീതിയനുസരിച്ച് കുര്‍ബാന അര്‍പ്പിക്കാന്‍ അവസരം നല്‍കുക എന്നീ മൂന്ന് നിര്‍ദ്ദേശമാണ് സമര്‍പ്പിച്ചത്.

◾മലപ്പുറം മമ്പാട് വടപുറം താളിപ്പൊയിലില്‍ ഭീഷണിയായി കടുവയുടെ കാല്‍പ്പാടുകള്‍. രണ്ടുമാസം മുന്‍പും പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. ചാലിയാര്‍ തീരങ്ങളിലും ജനവാസ മേഖലയോടു ചേര്‍ന്ന കൃഷിയിടത്തും കാല്‍പ്പാടുകള്‍ കണ്ടെത്തി.

◾ആലപ്പുഴ ദേശീയപാതയില്‍ പുന്നപ്ര കുറവന്‍തോട്ടില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സര്‍ജന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഹൗസ് സര്‍ജന് പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന്‍ പടിഞ്ഞാറ് പൂന്തോപ്പ് വാര്‍ഡില്‍ നൂര്‍ മന്‍സില്‍ റിട്ടയേഡ് പഞ്ചായത്ത് ജീവനക്കാരന്‍ ഷാനവാസിന്റെ മകന്‍ അനസ് (25) ആണ് മരിച്ചത്.

◾സ്‌കൂള്‍ ബസില്‍നിന്ന് ഇറങ്ങിയതിനു പിറകേ, അതേ ബസിടിച്ച് നഴ്സറി വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് കമ്പാര്‍ പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയ എന്ന നാലു വയസുകാരിയാണ് മരിച്ചത്. ബസ് പിറകിലോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടം.

◾കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇന്നലെ വൈകിട്ട് മുതലാണ് ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായത്. ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

◾പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയില്‍. കാസര്‍കോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസര്‍ സി അരുണ്‍ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് കെവി സുധാകരന്‍ 1000 രൂപയും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണു വിജിലന്‍സിന്റെ പിടിയിലായത്.

◾പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ട് പോയി ആയിരം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുമ്പളം ചിറ്റേഴത്ത് വിട്ടില്‍ ആദിത്യന്‍ (19), നെട്ടൂര്‍ ആശിര്‍വാദ് (19), ആഷ്ലി ആന്റണി (18), നെട്ടൂര്‍ ഇല്ലിത്തറ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

◾കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞതിനു മൂന്നു പേര്‍ പിടിയില്‍. വന്ദേഭാരതിനു കല്ലെറിഞ്ഞതിനു മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. ഏറനാടിനു കല്ലെറിഞ്ഞതിനു ട്രെയിനില്‍ കച്ചവടം നടത്തുന്നവരാണു പിടിയിലായത്. കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂര്‍ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ വഴക്കിനിടെ പരസ്പരം എറിഞ്ഞ കല്ല് ട്രെയിനില്‍ പതിക്കുകയായിരുന്നു.

◾എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് സിനഡ് മെത്രാന്മാരുടെ സംയുക്ത പ്രസ്താവന. മാര്‍ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ മെത്രാന്‍ സമിതിയെ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചു. ഏകീകൃത കുര്‍ബാനയ്ക്കു തയാറുള്ള വൈദികരെ തടയരുതെന്നതടക്കമുള്ള ഏഴ് ഉപാധികളോടെയാണ് ചര്‍ച്ച. പരിഹാര തീരുമാനങ്ങള്‍ പേപ്പല്‍ ഡെലിഗേറ്റിന്റെ അനുമതിയോടെയാകണമെന്നും നിര്‍ദേശമുണ്ട്.

◾കണ്ണൂര്‍ വിമാനത്താവളത്തില്‍ 62 ലക്ഷം രൂപ വരുന്ന 1041 ഗ്രാം സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശി ഷഫീക്കിനെ കസ്റ്റംസ് പിടികൂടി.

◾പാലക്കാട് ജില്ലയിലെ മേഴത്തൂരില്‍ യുവ ആയുര്‍വേദ ഡോക്ടര്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കര്‍ (32) ആണ് ജീവനൊടുക്കിയത്. യുട്യൂബര്‍ കൂടിയായിരുന്നു.

◾കാമുകന്റെ വിവാഹത്തലേന്ന് കല്യാണ വീട്ടില്‍ എത്തിയ യുവതിയും സംഘവും വരനെയും ബന്ധുക്കളെയും ആക്രമിച്ചു. കല്യാണ വീട്ടിലെ സാധനങ്ങള്‍ അടിച്ചു തകര്‍ത്തു. ചങ്ങരംകുളം മേലേ മാന്തടത്ത് ആണ് സംഭവം. തന്നെ വിവാഹം കഴിക്കാമെന്ന് യുവാവ് വാഗ്ദാനം നല്‍കിയിരുന്നെന്നാണ് അഞ്ചു വര്‍ഷം മുമ്പ് വിവാഹമോചനം നേടിയ എടപ്പാള്‍ തട്ടാന്‍പടി സ്വദേശിനിയായ യുവതി പറയുന്നത്. സംഭവം അറിഞ്ഞതോടെ വിവാഹത്തില്‍നിന്നും വധു പിന്മാറി.

◾തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരേ കേസില്ല. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ മാത്രമാണു കേസ്. സിപിഎമ്മുകാരുടെ ഭീഷണിയെ തുടര്‍ന്ന് എസ്ഐ അടക്കമുള്ള പൊലീസുകാരെ സ്ഥംമാറ്റി.

◾ഓണാഘോഷത്തിനു വാദ്യമേളം കൊട്ടിക്കയറുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ചാരിനിന്ന കോളേജ് മതില്‍ ഇടിഞ്ഞു വീണു. പത്തനംതിട്ട അടൂരില്‍ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം.

◾മഹാരാഷ്ട്രയില്‍ സവാള മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ സവാള കര്‍ഷകരുടെ സമരം. ലേലത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറി. കൂടുതല്‍ വില ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ലോഡ് ഇറക്കാതിരുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ലേലം മുടങ്ങിയത്. 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് കര്‍ഷകരും വ്യാപാരികളും ആവശ്യപ്പെട്ടു.

◾ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡറിലെ പ്രധാന മൂന്ന് ഉപകരണങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ കുലുക്കങ്ങള്‍ പഠിക്കാനുള്ള ഇല്‍സ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങള്‍ പഠിക്കുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ് പര്യവേഷണം ആരംഭിച്ചത്.

◾യൂട്യൂബ് നോക്കി ഭര്‍ത്താവ് ഭാര്യയുടെ പ്രസവമെടുക്കുന്നതിനിടെ അമിത രക്തസ്രാവംമൂലം യുവതി മരിച്ചു. തമിഴ്നാട്ടിലെ ധര്‍മ്മപുരി സ്വദേശി ലോകനായകി എന്ന ഇരുപത്തേഴുകാരിയാണ് മരിച്ചത്. ഭര്‍ത്താവ് മധേഷിനെ പോലീസ് തെരയുന്നു.

◾ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറു രാജ്യങ്ങള്‍കൂടി. ജൊഹന്നാസ്ബെര്‍ഗില്‍ നടന്ന ഉച്ചകോടിയിലാണ് തീരുമാനം. അര്‍ജന്റീന, എത്യോപ്യ, സൗദി അറേബ്യ, യുഎഇ, ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അടുത്ത ജനുവരി മുതല്‍ ബ്രിക്സില്‍ അംഗങ്ങളാകും. പാക്കിസ്ഥാന് അംഗത്വം നല്‍കണമെന്ന ചൈനയുടെ ശുപാര്‍ശ തള്ളി.

◾ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാനും ഘട്ടംഘട്ടമായി സേനാ പിന്‍മാറ്റത്തിനു നിര്‍ദ്ദേശം നല്‍കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.

◾ചെസ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ അഭിമാന താരം ആര്‍. പ്രഗ്‌നാനന്ദ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനോട് പൊരുതി തോറ്റു. ടൈബ്രേക്കറിലെ രണ്ടാം ഗെയിം സമനിലയിലായെങ്കിലും ആദ്യ ഗെയിം ജയിച്ചിരുന്ന നോര്‍വേയുടെ കാള്‍സന്‍ കരിയറിലെ ആദ്യ ലോക കപ്പ് വിജയം സ്വന്തമാക്കി. 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്നാനന്ദ.

◾ബ്രസീല്‍ സൂപ്പര്‍ താരം നെയ്മാര്‍ ഇന്ത്യയിലേക്ക്. എഎഫ്സി ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാനാണ് സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയമര്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നുള്ള മുംബൈ സിറ്റി എഫ്സിയും അല്‍ ഹിലാലും എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയിലാണു കളിക്കുന്നത്.

◾സ്പാനിഷ് വനിതാ താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെതിരേ അച്ചടക്ക നടപടികള്‍ ആരംഭിച്ച് ഫിഫ. വനിതാ ലോകകപ്പില്‍ സ്പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. അച്ചടക്ക സമിതി റൂബിയാലെസിനെതിരേ നടപടികള്‍ക്ക് തുടക്കമിട്ടതായി ഫിഫ തന്നെ പ്രസ്താവനയിലൂടെ അറിയിച്ചു.

◾കരിമ്പിന്റെ വിളവ് കുറഞ്ഞതോടെ ഒക്ടോബറില്‍ ആരംഭിക്കുന്ന അടുത്ത സീസണില്‍ ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവായതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ തിരിയുന്നതെന്നാണ് സൂചന. ഏഴ് വര്‍ഷത്തിനിടയില്‍ സംഭവിക്കാത്ത ഇന്ത്യയിലെ പഞ്ചസാര കയറ്റുമതി നിരോധനം ആഗോള ബെഞ്ച്മാര്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയും ആഗോള ഭക്ഷ്യ വിപണിയില്‍ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നത്. ചില്ലറ വിലക്കയറ്റം ജൂലൈയില്‍ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.4 ശതമാനത്തിലെത്തി, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 11.5 ശതമാനത്തിലേക്ക് ഭക്ഷ്യവിലപ്പെരുപ്പവും വര്‍ധിച്ചു. വരാനിരിക്കുന്ന 2023/24 സീസണില്‍ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 3.3 ശതമാനം കുറഞ്ഞ് 31.7 ദശലക്ഷം ടണ്ണായി കുറഞ്ഞേക്കും. മുന്‍ സീസണില്‍ 11.1 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഈ സീസണില്‍ 6.1 ദശലക്ഷം ടണ്‍ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ മില്ലുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളൂ.

◾ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇനി രജനികാന്തിന്റെ വില്ലനായാണ് ഫഹദ് സ്‌ക്രീനിലേക്ക് എത്താന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'തലൈവര്‍ 170' എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയില്‍ നടക്കും. ചിത്രത്തില്‍ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്ന സൂചനകളും നേരത്തെ പുറത്തു വന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സാണ് തലൈവര്‍ 170 നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. മലയാളത്തിലെപോലെതന്നെ തമിഴകത്തും തെലുങ്കിലും ഇപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. 'മാമന്നന്‍' ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

◾സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഗരുഡന്‍ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. മൂന്നു ഷെഡ്യൂളോടെ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു ചിത്രത്തിനു വേണ്ടി വന്നത്. വന്‍ താരനിരയും വലിയ മുതല്‍ മുടക്കുമുള്ള ലീഗല്‍ ത്രില്ലര്‍ സിനിമയാണ്. നീതിക്കു വേണ്ടി പേരാടുന്ന ഒരു നീതി പാലകന്റേയും കോളജ് പ്രൊഫസറുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ചിത്രത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. ദിലീഷ് പോത്തന്‍, ജഗദീഷ്, സിദ്ദിഖ്, ദിവ്യാ പിള്ള , അഭിരാമി രഞ്ജിനി തലൈവാസില്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോള്‍, ജയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യം പ്രകാശ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മിഥുന്‍ മാനുവല്‍ തോമസാണ് തിരക്കഥ.  

◾വര്‍ഷങ്ങള്‍ക്ക് ശേഷം ടിവിഎസ് ക്രിയോണിന്റെ പ്രൊഡക്ഷന്‍ പതിപ്പായ ടിവിഎസ് എക്‌സ് പുറത്തിറക്കി. 140കിമീ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 4.44കിലോവാട്ട്അവര്‍ ബാറ്ററി പാക്കിലാണ് ടിവിഎസ് എക്‌സ് വരുന്നത്. 50 മിനിറ്റിനുള്ളില്‍ 0-50 ശതമാനം (ഓപ്ഷണല്‍ ആഡ്-ഓണ്‍ 3 സണ ഫാസ്റ്റ് ചാര്‍ജര്‍) അല്ലെങ്കില്‍ 4 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ (950വാട്ട്) 0 - 80 ശതമാനം ഡെലിവര്‍ ചെയ്യുന്ന പോര്‍ട്ടബിള്‍ ചാര്‍ജര്‍ നല്‍കുന്ന ഒരു സ്മാര്‍ട്ട് എക്സ് ഹോം റാപ്പിഡ് ചാര്‍ജറിന്റെ ഓപ്ഷനുമായാണ് ഇത് വരുന്നത്. ടിവിഎസ് എക്സ് 2,49,990 രൂപയ്ക്കും (എക്‌സ്-ഷോറൂം ബെംഗളൂരു) പോര്‍ട്ടബിള്‍ 950വാട്ട് ചാര്‍ജറുകള്‍ക്ക് 16,275 രൂപയ്ക്ക് (ജിഎസ്ടി ഉള്‍പ്പെടെ) ലഭിക്കും, കൂടാതെ 3കിലോവാട്ട് സ്മാര്‍ട്ട് എക്സ് ഹോം റാപ്പിഡ് ചാര്‍ജറും ഒരു ഓപ്ഷനായി ലഭ്യമാണ്. ടിവിഎസ് എക്സിന് ഫെയിം ഇന്‍സെന്റീവ് ബാധകമല്ല. 2023 നവംബറില്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കും.

◾ഒരു കാമറക്കണ്ണ് പോലെ ചുറ്റിപാടിനെയും അവിടത്തെ ജീവിതങ്ങളെ യും കൃതൃതയോടെ ഒപ്പിയെടുക്കാനും ഹൃദ്യമായ അവതരണ ശൈലിയിലൂടെ വായനക്കാരുടെ ഉള്ളിലേക്ക് എത്തിക്കാനും കാണാമറയത്തെ ജീവിതങ്ങളിലെ വ്യത്യസ്ത കഥകളിലൂടെ ഉബൈദ് എന്ന കഥ കൃത്തിന് സാധിച്ചിരിക്കുന്നു. 'കാണാമറയത്തെ ജീവിതങ്ങള്‍'. ഉബൈദ് മനൈക്കല്‍. കൈരളി ബുക്സ്. വില 209 രൂപ.

◾വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. മിനറലുകള്‍, വിറ്റാമിന്‍ എ, ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിന്‍, ലുട്ടെയിന്‍ എന്നിവ അടങ്ങിയിട്ടുള്ളതാണ് വെണ്ടയ്ക്ക. ഇത് കഴിക്കുന്നത് കാഴ്ചശക്തി കൂടാനും തിമിരം തടയാനും റെറ്റിനയുടെ തകരാറുകള്‍ തടയാനും സഹായിക്കും. വിറ്റാമിന്‍ എയും ആന്റിഓക്‌സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. മുഖക്കുരു, ചര്‍മ്മത്തിലെ പാടുകള്‍ എന്നിവ മാറാനും ചുളിവുകളില്ലാതാക്കാനും സഹായിക്കുന്നു. താരന്‍, മുടിയുടെ വരള്‍ച്ച, മുടികൊഴിച്ചില്‍ എന്നിവ കുറയും. എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ആഹാരത്തിലെ ഫൈബറിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വെണ്ടയ്ക്ക് ദഹനേന്ദ്രിയത്തിന് പ്രിയപ്പെട്ടതാണ്. മലവിസര്‍ജ്ജനം സാധാരണഗതിയിലാക്കുകയും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. വെണ്ടയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കും. ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ പ്രത്യേകിച്ചും ആസ്ത്മയില്‍ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും സഹായകമാണ്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് തലച്ചോറിന്റെ വികാസത്തിനും ന്യൂറല്‍ ട്യൂബിനെ തകരാറില്‍ നിന്നു രക്ഷിക്കുന്നതിനും ഫോളിക്കാസിഡ് ആവശ്യമാണ്. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളമുണ്ട്. വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഹചികോ എന്നൊരു നായയുണ്ടായിരുന്നു. ഷിബുയ എന്ന ജപ്പാനിലെ ചെറിയ റെയില്‍വേ സ്റ്റേഷനില്‍ സന്ധ്യക്ക് ജോലികഴിഞ്ഞുവരുന്ന യജമാനന്റെ വരവിനുവേണ്ടി കാത്തുകിടക്കുകയായിരുന്നു അവന്റ രീതി. അവന്റെ യജമാനന്‍ ഹിഡ്‌സാബുറോ യൂനോ, ടോക്കിയോ ഇംപീരിയല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്നു. ഒരു ദിവസം അദ്ദേഹം തന്‍രെ ക്ലാസ്സ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇനിയൊരിക്കലും വണ്ടിയിറങ്ങി വരാത്ത തന്റെ യജമാനന് വേണ്ടി നീണ്ട പത്ത് വര്‍ഷങ്ങള്‍ ഹചികോ കാത്തുനിന്നു. ജപ്പാന്‍കാര്‍ ആ നായയുടെ മരണ ശേഷം അതിന്റെ ഓര്‍മ്മയ്ക്കായി ഒരു വെങ്കലപ്രതിമ ആ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചു. വിശ്വസ്തതയുടെ നിത്യഅടയാളമായി ഹചികോയുടെ ഓര്‍മ്മയും പ്രതിമയും അവിടെ നിലനിന്നു.. ഹചികോയുടെ കഥ 'ഹചികോ മോണോഗാതാരി എന്ന സിനിമയായി. ചെറിയ ചെറിയ കൗതുകങ്ങള്‍ക്ക് പോലും മനുഷ്യന്‍ വിശ്വസ്തതയുടെ ചരടുകള്‍ പൊട്ടിക്കുന്ന ഈ കാലത്ത് ഈ ജീവിവര്‍ഗ്ഗം വിശ്വസ്തതയുടെ പ്രതീകമായി മാറുന്നു. നായയെപോലെയായിരിക്കുക എന്നത് ഒരു മോശം കാഴ്ചപ്പാടല്ലാതായി മാറുന്നു. എത്ര അവഗണിച്ചാലും നമ്മെ തിരിഞ്ഞുവരുന്ന ചില ബന്ധങ്ങള്‍ പോലെയാണ് ഇവ. അത്തരം തേടിവരവുകളെ അവഗണിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.